ഇന്ത്യയില്‍ സ്വര്‍ണം നല്ല നിക്ഷേപമാണോ? 

MARCH 25, 2025, 10:02 PM

നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞാലും ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള ഭ്രമത്തില്‍ വലിയ മാറ്റമൊന്നും കാണില്ലെന്ന് ഉറപ്പാണ്. അത്രയധികം അവരുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് സ്വര്‍ണം. ഉത്സവങ്ങളിലും വിവാഹ ആഘോഷ വേളകളിലും ഒക്കെ സ്വര്‍ണമില്ലാതെ നമ്മുടെ നാട്ടുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഭാരതീയ സംസ്‌കാരത്തിലും സവിശേഷമായ സ്ഥാനം തന്നെ വഹിക്കുന്ന ഒന്നാണ് സ്വര്‍ണമെന്നതില്‍ നിസംശയമില്ല.

ആഗോള വിപണിയിലെ ട്രെന്‍ഡുകളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഇന്ത്യയിലും സ്വര്‍ണവില കുതിച്ചുയരുന്നത്. നിലവില്‍ 22 കാരറ്റ് സ്വര്‍ണത്തിന് വിപണി വില 60,000ത്തിന് മുകളിലാണ്. എന്നാലും സ്വര്‍ണം വാങ്ങുന്നതില്‍ നാം പിശുക്ക് കാട്ടിയിട്ടില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായി ഇന്ത്യ അടുത്തകാലത്തായി മാറി കഴിഞ്ഞു. ആഭരണം എന്നതിലുപരി നിക്ഷേപമാര്‍ഗമായി കൂടി ആളുകള്‍ സ്വര്‍ണത്തെ കാണുന്നുണ്ട്. അതിന്റെ ഉദാഹരണം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ദൃശ്യമാണ്. സ്വര്‍ണത്തെ വലിയൊരു നിക്ഷേപമായി, ഭാവിയിലെ അസറ്റായി പലരും നോക്കിക്കാണുന്നു.

അതിനിടയിലും അടുത്തകാലത്തായി പുറത്തുവന്ന ചില കണക്കുകള്‍ നമ്മെ ചിന്തിപ്പിക്കുന്നതാണ്. ആഭരണത്തിന് വേണ്ടി സ്വര്‍ണം വാങ്ങുന്നവരെ വിടാം. സ്വര്‍ണം നിക്ഷേപമായി വാങ്ങിക്കൂട്ടുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ട ചില കണക്കുകളുണ്ട്. ലോകം മുഴുവന്‍ ഓഹരികളെക്കാള്‍ മികച്ച പ്രകടനം കാഴ്ച വച്ചത് സ്വര്‍ണമാണ്, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ കണക്കുകള്‍ പ്രകാരം. പക്ഷേ ഇന്ത്യയില്‍ മാത്രം ഇത് നേരെ മറിച്ചാണ്.

രാജ്യത്ത് സ്വര്‍ണത്തെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ഓഹരികള്‍ നടത്തിയിരിക്കുന്നത്. ദീര്‍ഘകാല റിട്ടേണുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ സ്വര്‍ണത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വച്ചത്. 43 ശതമാനം ഇന്ത്യന്‍ ഓഹരികളും സ്വര്‍ണത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ബ്ലൂംബെര്‍ഗ്, ഡിഎസ്പി ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് ചൈനയിലെയും യുഎസിലെയും കണക്കുകളേക്കാള്‍ ഏറെ മുകളിലാണ്.

ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയ വികസിത വിപണികളില്‍ സ്വര്‍ണം 6-7 ശതമാനം പോയിന്റ് വ്യത്യാസത്തില്‍ സ്വര്‍ണം ഓഹരികളെ മറികടന്ന സ്ഥാനത്താണിത്. ആഗോളതലത്തില്‍, ഓഹരികള്‍ക്ക് പ്രത്യേകിച്ച് അസ്ഥിരമായ വിപണികളില്‍ സ്വര്‍ണം വളരെ ശക്തമായ ഒരു ബദലായി തുടരുന്നു എന്നതാണ് ഇതിന്റെ കാരണം.

സ്വര്‍ണ നിക്ഷേപം ഗുണമുണ്ടോ?

സ്വര്‍ണത്തില്‍ നടത്തുന്ന നിക്ഷേപത്തെ ഒരിക്കലും നമുക്ക് തള്ളിപ്പറയാന്‍ കഴിയില്ല. ഇന്ത്യന്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഓഹരികള്‍ മികച്ച ദീര്‍ഘകാല ടൂള്‍ തന്നെയാണ്, എന്നിരുന്നാലും സ്വര്‍ണത്തിന് ഒരു വൈവിധ്യവല്‍ക്കരണ ഉപകരണമെന്ന നിലയില്‍ വ്യക്തമായ മൂല്യമുണ്ട് താനും. ഇന്ത്യയില്‍ ഓഹരികളുടെ ആധിപത്യം ഉണ്ടായിരുന്നിട്ടും, വിപണിയെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സ്വര്‍ണം നിര്‍ണായക പങ്ക് വഹിച്ചു എന്നതാണ് പ്രധാന കാര്യം. കൂടാതെ മറ്റ് ചില ഘടകങ്ങളും സ്വര്‍ണത്തെ മുന്‍നിരയില്‍ നിര്‍ത്തുന്നുണ്ട്. സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ ഓഹരികളേക്കാള്‍ 50 ശതമാനം അസ്ഥിരത കുറവാണ്, ഇത് മികച്ച റിസ്‌ക്-അഡ്ജസ്റ്റ് റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണത്തില്‍ നടത്തുന്ന നിക്ഷേപത്തിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ലെന്ന് സാരം.

ഇന്ത്യക്കാര്‍ കണ്ണുവയ്ക്കുന്നത് ഇടിഎഫില്‍

കടപ്പത്രങ്ങളും ആഭരണങ്ങളും ഒക്കെ മാറി ഇപ്പോള്‍ മറ്റൊരു രീതിയിലൂടെയാണ് പലരും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത്. അതാണ് ഇടിഎഫ് അഥവാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. ഇന്ത്യയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നപ്പോള്‍ ഇടിഎഫിനും വന്‍ തോതില്‍ ആവശ്യക്കാര്‍ ഉയര്‍ന്നുവെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വലിയ കുതിപ്പാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ഈ ഫണ്ടുകളിലേക്ക് നിക്ഷേപകര്‍ 3,751.4 കോടി രൂപ ഒഴുക്കിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജനുവരിയില്‍ ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഇത് നമുക്ക് കാട്ടിതരുന്നു.

2024 ഡിസംബറില്‍ 640 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഒരു മാസത്തിനുള്ളില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ക്കായി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപം ജനുവരിയില്‍ ഉയര്‍ന്നുവന്നതും ഈ റെക്കോര്‍ഡ് സ്വന്തമാക്കിയതും. കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് ഇടിഎഫുകള്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ ഈ ഫണ്ടുകള്‍ വരവില്‍ 471 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2024 ജനുവരിയിലെ 657 കോടി രൂപയില്‍ നിന്ന് 2025 ജനുവരിയില്‍ ഇത് 3,751.4 കോടി രൂപയായി ഉയര്‍ന്നുവെന്നതാണ് ഈ ട്രെന്‍ഡുകളിലെ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്നത്.

നിക്ഷേപങ്ങളിലെ കുതിച്ചുചാട്ടത്തിന് പുറമേ, ഗോള്‍ഡ് ഇടിഎഫുകള്‍ ജനുവരിയില്‍ ശരാശരി 7.29 ശതമാനം നേട്ടം നല്‍കി ശക്തമായ വരുമാന മാര്‍ഗമാണ് തുറന്നിട്ടത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയില്‍ സ്വര്‍ണ വില ഉയരുന്നതും വിപണിയിലെ ചാഞ്ചാട്ടവും ഉള്‍പ്പെടെ ഒന്നിലധികം ഘടകങ്ങളാണ് നിക്ഷേപങ്ങളുടെ കുതിപ്പിന് വഴിയൊരുക്കിയത്.

പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവത്കരിക്കാനും വേണ്ടിയാണ് പ്രധാനമായും രാജ്യത്തെ നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫുകള്‍ ഉപയോഗിക്കുന്നത്. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്നത് തുടരുന്നതിനാല്‍ തന്നെ സ്ഥിരത ആഗ്രഹിക്കുന്നവര്‍ക്ക് ഇടിഎഫുകള്‍ അനുയോജ്യമായ കാര്യം തന്നെയാണ്.

ഗോള്‍ഡ് ഇടിഎഫും അതിന്റെ ഗുണങ്ങളും

ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഇടിഎഫ് സാധാരണഗതിയില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം കൈവശം വയ്ക്കാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നു എന്നത് കൊണ്ടാണ് വ്യത്യസ്തമാവുന്നത്. ഇവ സ്വര്‍ണത്തിന്റെ വിപണി വിലയും ഓഹരി വിപണിയിലെ മാറ്റങ്ങളും കൃത്യമായി പിന്തുടരുകയും ചെയ്യും.

നിക്ഷേപകര്‍ക്ക് അവരുടെ ഗോള്‍ഡ് ഇടിഎഫുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം തല്‍ക്ഷണം കൈമാറ്റം ചെയ്യാനും ഒരു സജീവ ഡീമാറ്റ് അക്കൗണ്ട് മാത്രമേ ആവശ്യമുള്ളൂ. അതിനാല്‍ തന്നെ സാധാരണ നിക്ഷേപത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കാം. കൂടാതെ മറ്റ് നിക്ഷേപ വഴികള്‍ തേടുന്നവര്‍ക്ക് വൈവിധ്യവത്കരണത്തിന് ഏറ്റവും നല്ല മാര്‍ഗം കൂടിയാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam