സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യതയെ കുറിച്ച് സാമ്പത്തിക വിദഗ്ധർ അടക്കമുള്ള സാമൂഹിക ശാസ്ത്രജ്ഞർ തമാശയായി പറയുന്ന ഒരു താരതമ്യമാണ് ഈ കുറിപ്പിന്റെ തലക്കെട്ടിൽ കൊടുത്തിരിക്കുന്നത്. നുണയോ പെരുംനുണയോ സ്ഥിതിവിവരക്കണക്കോ ഏതാണ് കൂടുതൽ വിശ്വസനീയം എന്നുചോദിക്കുംപോലെ അസംബന്ധമാണത്. സ്ഥിതിവിവരക്കണക്കുകൾ സർക്കാരും സ്വകാര്യ കമ്പനികളും പുറത്തുവിടാറുണ്ട്. അവയിൽ പലതും ബന്ധപ്പെട്ടവരുടെ സ്ഥാപിത താല്പര്യങ്ങൾക്ക് അനുസൃതമായി കെട്ടിച്ചമക്കപ്പെട്ടവയുമാണ്. അതിനാൽ പൊതുവിൽ അത്തരം കണക്കുകളെ അല്പം സംശയത്തോടെയാണ് എല്ലാവരും നിരീക്ഷിക്കാറുള്ളത്.
എന്നിരുന്നാലും സ്ഥിതിവിവരകണക്കുകൾ ആധുനിക കാലത്തു ഒഴിവാക്കാനാവുകയുമില്ല. കാരണം സർക്കാരിന്റെ നയങ്ങൾ രൂപീകരിക്കപ്പെടുന്നതും പൊതുധനത്തിന്റെ വിനിയോഗവും രാജ്യത്തിന്റെ വികസനവും സംബന്ധിച്ച ധാരണകൾ രൂപപ്പെടുന്നതും ബജറ്റുകളിൽ വിവിധ ആവശ്യങ്ങൾക്കു ധനം വിഭജിച്ചു നൽകുന്നതും അത്തരം കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അതായതു ഏതു രാജ്യത്തിന്റെയും വളർച്ചയും വികസനവും നയരൂപീകരണവും ധനവിനിയോഗവും നടക്കുന്നത് ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. കണക്കുകൾ തെറ്റിയാൽ തെറ്റുന്നത് ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഗതി തന്നെയാണ്. രാജ്യം വമ്പിച്ച വികസനത്തിന്റെ പാതയിൽ എന്ന് അധികാരികൾ പറയുകയും ജനം അത് വിശ്വസിക്കുകയും ചെയ്യുന്ന അതേ അവസരത്തിൽ രാജ്യം ഒരു ഭയാനകമായ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ് എന്നു വരാം. വമ്പിച്ച ആപത്തിൽപ്പെട്ടശേഷമാണ് നാടും നാട്ടുകാരും വിവരം അറിയുന്നത് എന്നുപോലും വന്നേക്കാം.
ഇത് വെറുതെ പറയുന്നതല്ല. പൊതുവിൽ ജനാധിപത്യ രാജ്യങ്ങളിൽ സ്ഥിതിവിവരകണക്കുകൾശേഖരിക്കാനും അവയെ വിശകലനം ചെയ്തു സമൂഹത്തിനു ലഭ്യമാക്കാനും വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ നിന്നും പുറത്തുവരുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നയങ്ങൾ രൂപപ്പെടുന്നത്. ഉദാഹരണത്തിന് വിലകൾ സംബന്ധിച്ച കണക്കുകൾ. ഇവശേഖരിക്കാനായി ശക്തമായ സംവിധാനങ്ങൾ എല്ലാ രാജ്യത്തുമുണ്ട്. അന്താരാഷ്ട്ര ഏജൻസികളും അത്തരം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കമ്പോളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരവും മൊത്തവില സൂചികയും ഒരേപോലെ പ്രധാനമാണ്. വിലയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് കമ്പോളത്തിലെ ഇടപെടൽ മുതൽ ബജറ്റിൽ വിവിധ ആവശ്യങ്ങൾക്കുള്ള ധനം വകയിരുത്തൽ വരെയുള്ള കാര്യങ്ങൾ നടക്കുന്നത്.
സ്ഥിതിവിവരക്കണക്കുകൾ അത്രയധികം പ്രധാനമായതിനാൽ അധികാരികൾ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ മുൻനിർത്തി അവയിൽ ഇടപെടലുകൾ നടത്തുന്നതും പതിവാണ്. രാജ്യത്തിന്റെ വികസനം പിന്നോട്ടാണ്‌പോകുന്നത് എന്ന് കണക്കുകൾ പറയുമ്പോൾ അതു അധികാരികൾക്ക് വലിയ അലോസരമുണ്ടാക്കും. അതിനാൽ അത്തരം അപകടങ്ങൾ ഒഴിവാക്കാൻ കാര്യങ്ങൾനേരെയാക്കാൻ ശ്രമിക്കുന്നതിനു പകരം എളുപ്പപ്പണി എന്ന നിലയിൽ കണക്കുകളിൽ കൃത്രിമം കാണിക്കുന്ന പ്രവണത പുതിയതല്ല. ലോകമെങ്ങും അത് സംഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഇരുപതുകളിലെ അനുഭവംനോക്കുക. ഒന്നാംലോകമഹായുദ്ധം കഴിഞ്ഞശേഷമുള്ള വർഷങ്ങളിൽ പല പാശ്ചാത്യരാജ്യങ്ങളിലും വമ്പിച്ച സാമ്പത്തിക വളർച്ചയുണ്ടായി. ഇരമ്പുന്ന ഇരുപതുകൾ എന്നാണ് അക്കാലം അറിയപ്പെട്ടത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ വമ്പിച്ച സാമ്പത്തിക വികസനത്തിന്റെ കാലഘട്ടം. റോക്‌ഫെല്ലറും ഫോർഡും മറ്റു വമ്പന്മാരും അമേരിക്കൻ വിപണിയെ അടക്കിഭരിച്ച കാലം. എന്നിട്ടോ? ആ പതിറ്റാണ്ടു കഴിയും മുമ്പ് അമേരിക്കയും പാശ്ചാത്യലോകവും അത്യന്തം മാരകമായ സാമ്പത്തിക പ്രതിസന്ധിയിൽ ചെന്നുപെട്ടു. 1929ൽ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകേറാൻ നിരവധി വർഷങ്ങൾവേണ്ടിവന്നു. അക്കാലത്തു തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ ന്യൂയോർക്കിൽപോലും ഒരുനേരത്തെ ആഹാരത്തിനുവേണ്ടി സഹായകേന്ദ്രങ്ങൾക്കു മുമ്പിൽ വരിനിൽക്കുന്ന ചിത്രങ്ങൾ പഴയ വാർത്താപത്രങ്ങളിൽ കാണാവുന്നതാണ്. അതിന്റെ മറ്റൊരു ഫലംലോകം വീണ്ടുമൊരു മഹായുദ്ധത്തിലേക്കു തള്ളിവീഴ്ത്തപ്പെട്ടതാണ്.
ഇത് ജനാധിപത്യലോകത്തിന്റെ മാത്രം അനുഭവമല്ല. സോഷ്യലിസ്റ്റ്‌ലോകം എന്നറിയപ്പെട്ട സോവിയറ്റ് യൂണിയനും ചൈനയും അടക്കമുള്ള രാജ്യങ്ങളിലും കണക്കിലെ കള്ളക്കളികൾ വ്യാപകമായിരുന്നു. വികസനം സംബന്ധിച്ച നിറംപിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കാനായി അവിടെ വമ്പിച്ച സംവിധാനങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തു മോസ്‌കോയിൽ നിന്നും പുറപ്പെട്ട സോവിയറ്റ് ലാൻഡ് എന്ന പ്രസിദ്ധീകരണം ആ നാടിന്റെ വികസനം സംബന്ധിച്ച അദ്ഭുതകരമായ കഥകളാണ് ലോകസമൂഹത്തിനു നൽകിയത്. മലയാളമടക്കമുള്ള നിരവധി ഇന്ത്യൻ ഭാഷകളിലും ഈ പ്രസിദ്ധീകരണങ്ങൾ പുറത്തുവന്നിരുന്നു. നല്ല വർണക്കടലാസ്സിൽ കമനീയമായി അച്ചടിച്ചു പുറത്തിറക്കിയ അവയിൽസോഷ്യലിസ്റ്റ് വികസനത്തിന്റെ കഥകളാണ് നിറഞ്ഞുനിന്നത്. അതു വായിച്ചു ആവേശം കൊണ്ട ഈലേഖകൻ അടക്കമുള്ള നിരവധി യുവജനങ്ങൾ സോഷ്യലിസ്റ്റ് സമൂഹ നിർമാണത്തിനായി കമ്യൂണിസ്റ്റ് പാർട്ടികളിൽ അണിചേർന്നു. പലരും അതിനിടയിൽ ജീവൻ ത്യജിച്ചു.
എന്നിട്ടെന്തായി അവസ്ഥ? രണ്ടു പതിറ്റാണ്ടു കഴിയും മുമ്പേ സോവിയറ്റ് യൂണിയൻ പൊട്ടിത്തകർന്നു. അവടെ നിന്നും വന്ന വളർച്ചയുടെയും സോഷ്യലിസ്റ്റ് വികസനത്തിന്റെയും കഥകൾ വെറും കള്ളക്കഥകളായിരുന്നു എന്നു അപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പൊതിഞ്ഞുവെച്ചത് രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊടുംദാരിദ്ര്യവും കനത്ത അസമത്വവും സംബന്ധിച്ച യാഥാർഥ്യങ്ങളായിരുന്നു. അതിനു സൗകര്യമൊരുക്കിയത് ബന്ധനസ്ഥമായ നിലയിൽ പ്രവർത്തിച്ച സോവിയറ്റ് മാധ്യമങ്ങളും. സോവിയറ്റ് യൂണിയൻ തകർന്നശേഷം അത്തരം നാടുകളിലെ ജനങ്ങളിൽ ഒരുപാടുപേർ പാശ്ചാത്യരാജ്യങ്ങളിൽ കുടിയേറി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ പാടുപെട്ടു.
ചൈനയിലും സമാനമായിരുന്നു അവസ്ഥ. അക്കാലത്താണ് അവിടെ മാവോയുടെ നേതൃത്വത്തിൽ സാംസ്‌കാരിക വിപ്ലവം നടന്നത്. ചൈനീസ് സമൂഹത്തെ ആകെ അട്ടിമറിക്കാനും അതിന്റെ പാരമ്പര്യങ്ങളെ തകർക്കാനുമായി മാവോ ആസൂത്രണം ചെയ്ത പദ്ധതിയാണ് സാംസ്‌കാരിക വിപ്ലവം. രക്ഷിതാക്കളെയും അധ്യാപകരെയുംചോദ്യം ചെയ്യാനാണ് യുവതലമുറയെപേരിപ്പിച്ചത്. അവരിൽ പലരെയും ഗ്രാമങ്ങളിലേക്ക് നാടുകടത്തി. ഒരു പതിറ്റാണ്ടുകാലം നീണ്ട ഈ അട്ടിമറിയുടെ യഥാർത്ഥ ചിത്രങ്ങൾ ഇനിയും ചൈനീസ് സമൂഹത്തിനു ലഭ്യമായിട്ടില്ല. അതിന്റെ പിന്നിലെ വസ്തുതകൾ ഇന്നും ഇരുമ്പുമറയ്ക്കു പിന്നിലാണ് കിടക്കുന്നത്. അതിനായി വസ്തുതകൾ മാറ്റിമറിക്കാനും കണക്കുകളിൽ അട്ടിമറി കാണിക്കാനും ചൈനീസ് അധികൃതരും മടിച്ചല്ല.
ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം പ്രവണതകൾ വ്യാപകമായി വരികയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഭരണകാലത്തു കൊളോണിയൽ ഭരണകൂടമാണ് ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പു തുടങ്ങിയത്. ഭരണസൗകര്യത്തിനും സർക്കാർ നയങ്ങൾ കൃത്യമായി രൂപപ്പെടുത്തുന്നതിനും സെൻസസ് അഥവാ കാനേഷുമാരി അനിവാര്യമാണ് എന്നബോധ്യം അവർക്കു ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജനസംഖ്യാപരമായ കണക്കെടുപ്പുപോലും നിർത്തി വെക്കപ്പെട്ടിരിക്കുകയാണ്. 2011ലെ സെൻസസിന്‌ശേഷം 2021ൽ വീണ്ടും കണക്കെടുപ്പു നടക്കേണ്ട സമയത്തു കോവിഡ് മഹാമാരിയുടെ പേരിലാണ് അതുവേണ്ടെന്നു വെച്ചത്. കോവിഡ് ഭീഷണി കടന്നുപോയിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും രാജ്യം ഇനിയും ജനസംഖ്യാ കണക്കെടുപ്പിനു തയ്യാറായിട്ടില്ല. അടുത്ത വർഷം അത് നടക്കും എന്നാണ് ഇപ്പോൾകേൾക്കുന്നത്.
എന്നാൽ സെൻസസ് നടന്നില്ലെങ്കിലും നാട്ടിലെ പാർലമെൻറ്റ് സീറ്റുകളുടെ പുനർവിഭജനം നടത്താനാണ്‌കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2026ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയം ചെയ്യാനാണ് പരിപാടി. ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കും പുനർ വിഭജനം നടക്കുന്നത്. അതായതു കഴിഞ്ഞ പതിറ്റാണ്ടുകളിൽ ജനസംഖ്യാ നിയന്ത്രണം ശക്തമായി നടപ്പാക്കുകയും ജനനനിരക്ക് കുറക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് ഇത്തവണ സീറ്റു കുറയും. സീറ്റുകൾ ആർക്കും കുറയില്ല എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതെങ്കിലും ജനസംഖ്യ കൂടിയ കൂട്ടർക്ക് സീറ്റും കൂടും എന്നുറപ്പാണ്. അതിന്റെ ഫലംകേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുകയോ പഴയ നിലയിൽ തുടരുകയോ ചെയ്യുമ്പോൾ ഉത്തർ പ്രദേശും ബിഹാറും മറ്റു കൗബെൽറ്റ് സംസ്ഥാനങ്ങളും കൂടുതൽ സീറ്റുകൾ അടിച്ചെടുക്കും. പാർലമെന്റിൽ നിലവിൽ തന്നെ ഹിന്ദിബെൽറ്റ് സംസ്ഥാനങ്ങളുടെ ഒരു ആധിപത്യമുണ്ട്. തെക്കുള്ളവർക്കു പപ്പോഴും ഒന്നും പറയാനോ ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. ഭാവിയിൽ അതു കൂടുതൽ ഗുരുതരമാകും. ഇത് വടക്കും തെക്കും തമ്മിലുള്ള ഒരു തർക്കമായി ചിത്രീകരിക്കാനാണ്‌കേന്ദ്രം ഭരിക്കുന്ന അധികാരികൾ ശ്രമിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ഒരു വലിയ ഭാഗത്തെ ജനസമൂഹത്തിന് അവർക്കു ന്യായമായി ലഭിക്കേണ്ട പ്രാതിനിധ്യ അവകാശത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കമാണ് അതിനു പിന്നിലുള്ളത്. ഹിന്ദി അടിച്ചേല്പിക്കൽ അടക്കമുള്ള മറ്റുകേന്ദ്രനയങ്ങളും സൂചിപ്പിക്കുന്നത് അതുതന്നെ. തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾക്കു അനുസൃതമായി കണക്കുകളും വസ്തുതകളും അട്ടിമറിക്കുന്ന രീതിയാണ് ഇന്ന് ഇന്ത്യയിൽ കേന്ദ്രഭരണാധികാരികൾ നടപ്പിലാക്കുന്നത്. അത് ഇന്ത്യയുടെ ഐക്യത്തിനും ഭദ്രതയ്ക്കും തന്നെ ഭീഷണിയായി മാറുന്ന കാലം അങ്ങകലെയല്ല.
എൻ.പി. ചെക്കുട്ടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്