തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, കേരളത്തിൽ ഇരുമുന്നണികൾക്കുമൊപ്പം ബി.ജെ.പിക്കും ഇനിയുള്ളത് സംഘടനാ ശേഷി കാണിക്കാനുള്ള സമയം മാത്രം. ഒരു കേഡർ പാർട്ടി അനുശാസിക്കുന്ന സർവ കരുത്തോടെയും സി.പി.എം അതിന്റെ സംസ്ഥാന സമിതിയുടെ പുന:സംഘാടനവും പൊളിച്ചെഴുത്തും നടത്തി പാർട്ടി കോൺഗ്രസിലേയ്ക്ക് ചുവടുവയ്ക്കുകയാണ്. ഒരു വട്ടം കൂടി ഭരണത്തിന്റെ തിരുമുറ്റത്തെത്താം എന്ന മോഹം അണികളിലെങ്കിലും ഉണർത്താൻ അവർക്കായി.
അത് എത്ര നല്ല നടക്കാത്ത സ്വപ്‌നം എന്ന് വി.ഡി. സതീശൻ പോലും ഉറപ്പിച്ചു പറയുന്നില്ല. പിണറായിസം എന്ന ശൈലി ആവർത്തിക്കും എന്ന് സി.പി.എം ഉറച്ച് വിശ്വസിക്കുന്നു. പോരാത്തതിന് ഭരണ സംവിധാനങ്ങളുടെ പിന്തുണയും പണവും സി.പി.എമ്മിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. വിഭാഗീയത ഏറെക്കുറെ കെട്ടടങ്ങിയ അന്തരീക്ഷത്തിലാണ് അവർ സംസ്ഥാന സമ്മേളനം നടത്തിയത്. വിമർശനങ്ങൾ പാർട്ടി ചട്ടക്കൂട്ടിൽ ഒതുക്കി. മാധ്യമങ്ങൾ വിളിച്ചു പറഞ്ഞ വലതുപക്ഷ വ്യതിയാന കഥകൾ പാർട്ടി സർവാത്മനാ പുശ്ചിച്ചു തള്ളുകയും ചെയ്തു. ഇനി സ്വസ്ഥം!
കോൺഗ്രസിൽ എന്തുണ്ട്?
പ്രതിപക്ഷത്ത് ഏട്ടരക്കൊല്ലമായി തുടരുന്ന കോൺഗ്രസിന് സംഘടനാപരമായി എന്താണ് പറയാനുള്ളത് ?ഭരണത്തിൽ തിരിച്ചു വരാനുള്ള വഴികൾ അവർക്കു മുന്നിലുണ്ടോ. ഭരണവിരുദ്ധ വികാരം മാത്രം മുന്നിൽക്കണ്ട് സതീശൻ നടത്തുന്ന പ്രസ്താവനാ യുദ്ധങ്ങൾ എത്ര കണ്ട് ലക്ഷ്യത്തിലെത്തും. സംഘടന ഒറ്റക്കെട്ടാണോ? ചോദ്യങ്ങൾ നിരവധിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിക്ക് പുതിയ മുഖം എന്നതാണ് കെ.പി.സി.സി., ഡി.സി.സി. തലത്തിൽ മാറ്റങ്ങൾക്കായി നിലകൊള്ളുന്നവരുടെ പ്രധാനലക്ഷ്യം.
സുധാകരനു പകരം ആര് എന്നതിന് എല്ലാവർക്കും സ്വീകാര്യമായ ഒരു നിർദേശം ഇനിയും ഉയർന്നുവന്നിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഈഴവവിഭാഗത്തിൽനിന്ന് വോട്ടുചോർച്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സുധാകരനെ മാറ്റുന്നത് ഉചിതമാകില്ലെന്ന വാദം ഒരുവിഭാഗം ഉയർത്തുന്നു. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങി ഈഴവവിഭാഗത്തിൽനിന്ന് അടുപ്പിച്ച് പ്രസിഡന്റുമാർ വന്നതിനാൽ ക്രമംമാറുന്നതിൽ തെറ്റില്ലെന്ന വാദം മറുഭാഗത്ത്.
കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരിൽ പലരുടേയും പ്രവർത്തനം മോശമാണെന്ന വിലയിരുത്തലുണ്ട്. ഡി.സി.സി. പ്രസിഡന്റുമാരിലും പ്രവർത്തനം മോശമായവരെ മാറ്റണമെന്ന നിർദേശവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
കെ.പി.സി.സി., ഡി.സി.സി. തലങ്ങളിൽ ഭാരവാഹികളിൽ കാര്യമായ അഴിച്ചുപണി വേണമെന്നാണ് കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന സുനിൽ കൊഗേലു ടീമിന്റെ റിപ്പോർട്ട്. കെ.പി.സി.സി. നേതൃത്വത്തിലേക്ക് അവർ പകരം പേരുകളും നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ എല്ലാ ജില്ലകളിലും താമസിച്ച് എ.ഐ.സി.സി. സെക്രട്ടറിമാർ തയ്യാറാക്കിയ പ്രവർത്തനറിപ്പോർട്ടും കേന്ദ്രനേതൃത്വത്തിന്റെ പക്കലുണ്ട്.
രാജീവം വിടരും മുൻപേ
ഇന്നത്തെ ചുറ്റുപാടിൽ കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നത് ഇടതു - വലതു കക്ഷികളേക്കാൾ ബി.ജെ.പി യുടെ നീക്കങ്ങളാണ്. പ്രത്യേകിച്ച് പുതിയ സംസ്ഥാന അദ്ധ്യക്ഷൻ ചുമതലയേറ്റ സമയവും സന്ദർഭവും. കേന്ദ്ര മനസ് പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പായി മാറി രാജീവ് ചന്ദ്രശേഖരന്റേത്.
കേരളം എടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ ഫലിതമായും വെല്ലുവിളിയായും കാണുന്ന മുന്നണികൾക്ക് മുന്നിൽ വലിയ ദൗത്യമാണ് ചന്ദ്രശേഖറിന് നിർവഹിക്കാനുള്ളത്.
കേരളത്തിൽ പാർട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് ദൗത്യമെന്നും അത് പൂർത്തിയാക്കിയേ മടങ്ങൂവെന്നും രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബി.ജെ.പിക്കു മുന്നിൽ അധികം കുറുക്കു വഴികളില്ല.
പക്ഷെ സാമുദായിക വർഗീയ സമവാക്യങ്ങളെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിലെ മികവായിരിക്കും അവരുടെ കരുത്ത്. അതിലൊന്ന് ന്യൂനപക്ഷ പ്രീണനമാണ്. മുസ്ലീം വിരുദ്ധതയിൽ ഊന്നിയ ഒന്ന്. അതിനുള്ള കളമൊരുക്കൽ പാർട്ടി തുടങ്ങിയിട്ട് അൽപകാലമായി.
സുരേഷ് ഗോപി തൃശൂരിൽ മത്സരരംഗത്തു വന്ന സമയത്ത് അതിന്റെ പ്രകട രൂപങ്ങൾ കണ്ടു. ഒരു കിരീട സമർപ്പണം കൊണ്ട് നാടിന്റെ നാഡിമിടിപ്പ് അളക്കാൻ അവർ ശ്രദ്ധിച്ചു.
കളം പിടിച്ചു.
ക്രിസ്ത്യാനികൾ വേണം
കേരളത്തിൽ സി.പി.എ.മ്മിന് ഈഴവ വോട്ടിന്റെ ബലമുണ്ടെങ്കിൽ യു.ഡി.എഫിന് മുസ്ലിം സവർണ വോട്ടുകളുടെ കരുത്തുണ്ടെങ്കിൽ ഇരുവശത്തേയും വിള്ളലുകളിലാണ് ബി.ജെ.പിക്ക് നോട്ടം. അതിന് ആദ്യം ക്രിസ്ത്യാനികളെ പിടിക്കണം. ആർ.എസ്. എസ് - സംഘ പരിവാര വടക്കെയിന്ത്യൻ രീതി നിലനിൽക്കുമ്പോഴും കേരളത്തിൽ മറ്റൊരു മുഖം കാണിക്കാനാണ് അവർക്ക് താൽപര്യം.
ഒരു മെത്രാൻ പറഞ്ഞതു പോലെ തല്ലും തലോടലും !
സ.ിപി.എമ്മും കോൺഗ്രസും ബി.ജെ.പിയുടെ നീക്കങ്ങളെ അവഗണിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇസ്ലാമോഫോബിയയെ പിന്തുണയ്ക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടായതായി അവർ കണക്കു കൂട്ടുന്നു. രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഈ അവിശ്വാസം ക്രിസ്ത്യാനികൾ ബി.ജെ.പിയിലേക്ക് നീങ്ങുന്നതിലേക്ക് നയിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.
ഒരു വിഭാഗം ക്രിസ്ത്യാനികളെയെങ്കിലും ആകർഷിക്കാനുള്ള പദ്ധതി വിജയിച്ചാൽ, അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും കോൺഗ്രസിനെയും പ്രതികൂലമായി ബാധിക്കും. ക്രിസ്ത്യാനികൾ കോൺഗ്രസിന്റെ പ്രധാന വോട്ട് ബാങ്കാണ്. നിലവിൽ, സംസ്ഥാനത്തെ രാഷ്ട്രീയ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച കോൺഗ്രസ്, ന്യൂനപക്ഷങ്ങൾക്കിടയിൽ തങ്ങൾ ആശ്രയിക്കാവുന്ന ഒരു പാർട്ടിയാണെന്ന വിശ്വാസം വളർത്തിയെടുത്താലേ പച്ച തൊടൂ. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയില്ലെന്ന തോന്നൽ വളർത്തിയെടുത്താൽ, അതിന് പാർട്ടി വലിയ വില നൽകേണ്ടിവരും.
മലയാറ്റൂർ മല കയറാൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ നടത്തിയ ശ്രമം ബി.ജെ.പി രാഷ്ട്രീയ ചർച്ചാ വിഷയമാക്കിയതു പോലെ. കേരളത്തിലെ ക്രിസ്ത്യാനികളെ ബി.ജെ.പിയിലേക്ക് ആകർഷിക്കാൻ അദ്ദേഹം കൂടുതൽ കഠിനവും നാടകീയവുമായ ശ്രമം നടത്തിയെങ്കിലും, ഈസ്റ്റർ ദിനത്തിൽ ബിഷപ്പുമാരെ അവരുടെ വസതികളിൽ ചെന്ന് സന്ദർശിക്കുന്നത് പോലുള്ള എളുപ്പമുള്ള പരിഹാരങ്ങൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തെരഞ്ഞെടുത്തു.
ഇതിൽ ആദ്യ ചുവടുവയ്പ്പ് നടത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് എന്നിവരാണ്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ സഭാ മേധാവികളെ സന്ദർശിച്ച വി. മുരളീധരൻ തിരുവനന്തപുരത്തെ വസതിയിൽ ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെറ്റോയെ സന്ദർശിച്ചു. കൃഷ്ണദാസ് സീറോമലബാർ കത്തോലിക്കാ സഭ തലശ്ശേരിയിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെയും, സുരേന്ദ്രൻ കോഴിക്കോട് റോമൻ കത്തോലിക്കാ ബിഷപ്പ് വർഗീസ് ചക്കാലക്കലിനെയും സന്ദർശിച്ചു.
കേരളത്തിലെ കത്തോലിക്കരെ ആകർഷിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങളുടെ തുടർച്ചയായി, കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല സീറോമലബാർ കത്തോലിക്കാ സഭ ആസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ വിഷു ദിനത്തിൽ, തൃശ്ശൂരിലെ കുന്നംകുളം ഓർത്തഡോക്‌സ് രൂപതയുടെ മെത്രാപ്പോലീത്തൻ ബിഷപ്പ് ഗീവർഗീസ് മാർ യൂലിയോസ്, ബി.ജെ.പിയുടെ 'സ്‌നേഹയാത്ര' പരിപാടിയുടെ ഭാഗമായത് മറക്കാറായിട്ടില്ല. വിഷു ദിനത്തിൽ മറ്റ് പ്രമുഖ ക്രിസ്ത്യൻ പുരോഹിതന്മാരും ബി.ജെ.പി നേതാക്കളുടെ വീടുകൾ സന്ദർശിച്ചു.
ഇതിനിടെ, മറുവശം വായിക്കുന്ന കൃസ്ത്യാനിയെയും കാണണം. മണിപ്പുർ എന്ന സംസ്ഥാനം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി നിലകൊള്ളുന്നു. ഗോത്രകലാപത്തിന്റെ മറപിടിച്ച് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ആസൂത്രിതമായി അവിടെ നടപ്പാക്കിയത്. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം വീണ്ടും ചർച്ചകളിൽ നിറയാൻ വഴിയൊരുക്കിയ ബിൽക്കീസ് ബാനു കേസ് സംഘപരിവാർ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തി.
സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വർഗീയ സംഘർഷങ്ങൾക്ക് ഒരു പ്രധാന കാരണമായി കാണുന്നവരുമുണ്ട്.
വഴക്കിട്ട് തുടക്കം
പുതിയ അദ്ധ്യക്ഷൻ ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ബി.ജെ.പിയിലെ ഗ്രൂപ്പുകളുടെ തിരനാടകം അരങ്ങേറിയത് രസകരമായി. പുതിയ അദ്ധ്യക്ഷന്റെ പഴയ തട്ടകമായ തിരുവനന്തപുരത്ത് തന്നെ ആദ്യ വെടി പൊട്ടി. ബി.ജെ.പി മുൻ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി. രാജേഷിനെതിരെ തലസ്ഥാനത്ത് വ്യാപക പോസ്റ്റർ പ്രതിഷേധത്തോടെയാണ് തുടക്കം. വീടിനും സംസ്ഥാന കമ്മിറ്റി ഓഫീസിനും മുന്നിലുമാണ് പോസ്റ്ററുകൾ പതിച്ചത്. വി.വി. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാർട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റർ. ബി.ജെ.പി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.
'ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിയായ രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണം. കോൺഗ്രസിൽ നിന്നും പണം പറ്റി ബി.ജെ.പിയെ തോൽപ്പിച്ച വി.വി. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കുക, രാജേഷിന്റെ 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ വാചകങ്ങളും പോസ്റ്ററിൽ ഉന്നയിച്ചു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും, പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിലും വി.വി. രാജേഷിന്റെ വഞ്ചിയൂരിലുള്ള വസതിക്ക് മുന്നിലും പോസ്റ്റർ പതിപ്പിച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. മുൻ ജില്ലാ അധ്യക്ഷനും വക്താവുമായിരുന്ന രാജേഷ് പാർട്ടിയിൽ കെ. സുരേന്ദ്രന്റെ വിശ്വസ്തനാണ്. നിലവിൽ തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തതിനു പിന്നാലെയാണ് രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. കുമ്മനം രാജശേഖരൻ ബി.ജെ.പി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കൽ കോളജ് കോഴ വിവദാത്തിൽ രാജേഷിനെതിരെ ആരോപണമുയർന്നിരുന്നു. വഴക്ക് അവിടെ നിൽക്കട്ടെ. നമുക്ക് കണക്കുകൾ നോക്കാം.
2011ലെ സെൻസസ് പ്രകാരം, കേരള ജനസംഖ്യയുടെ 54.73% ഹിന്ദുക്കളും, 26.6% മുസ്ലീങ്ങളും, 18.4% ക്രിസ്ത്യാനികളുമാണ്. ന്യൂനപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തി തെരഞ്ഞെടുപ്പ് നേട്ടം കൈവരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തെ കേരളത്തിൽ ഭരണത്തിലിരിക്കുന്ന സി.പി.എമ്മും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷവും എങ്ങനെ നേരിടും എന്നതാണ് ഇനി ഉയരുന്ന പ്രധാന രാഷ്ട്രീയ ചോദ്യം.
പ്രജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്