നിറയെ സ്വപ്‌നങ്ങളുമായി അയര്‍ലണ്ടില്‍ വന്നിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് കടുത്ത ഉത്കണ്ഠയിലും ഭയത്തിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിലപ്പോള്‍ ഇത് വംശീയതയിലേക്കും മരണ ഭീഷണിയിലേക്കും വരെ നീങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് ഭാരമുള്ള വിദ്യാഭ്യാസ വായ്പകള്‍, പ്രവചനാതീതമായ ഭാവി, ഏറെക്കാലം കാത്തിരിക്കേണ്ട തൊഴില്‍ വിപണി എന്നിവയാണ് അയര്‍ലാന്‍ഡില്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അയര്‍ലന്‍ഡ് ഉയര്‍ന്നുവന്നിരുന്നു. യുഎസ് വിസ സമ്പ്രദായം കൂടുതല്‍ അസ്ഥിരമാവുകയും യുകെ പഠനാനന്തര ജോലി റൂട്ടുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ, ഇംഗ്ലീഷ് സംസാരിക്കുന്ന, യൂറോപ്യന്‍ ഭാഷ സംസാരിക്കുന്ന, ആഗോള ടെക് ഭീമന്മാരുടെ പ്രാദേശിക ആസ്ഥാനമുള്ള അയര്‍ലന്‍ഡ് സുരക്ഷിതമായ ഒരു മാര്‍ഗമായി വിലയിരുത്തപ്പെടുകയായിരുന്നു.
അയര്‍ലാണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിനപ്പുറത്തെ യാഥാര്‍ത്ഥ്യമാണ് അയര്‍ലാണ്ടില്‍ പോയ പല വിദ്യര്‍ത്ഥികളും ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്.
എന്തു കൊണ്ട് അയര്‍ലന്‍ഡ്
ആദ്യകാലങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലന്‍ഡ് ആദ്യ ചോയ്സ് ആയിരുന്നില്ല. പക്ഷേ അത് ക്രമേണ അവസാനത്തെ പ്രായോഗികമായ ഒന്നായി മാറി. യുഎസിലെ അനിശ്ചിതത്വങ്ങള്‍ വര്‍ദ്ധിച്ച് വന്നു, യുകെ തിരക്കേറിയതും ചെലവേറിയതുമായിരുന്നു, കാനഡ ഇതിനകം തന്നെ സമ്മര്‍ദ്ദത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു.
കാനഡയിലെ തൊഴില്‍ പ്രതിസന്ധി, യുകെയിലെ പണപ്പെരുപ്പം, യുഎസിലെ വംശീയത എന്നിവ കണക്കിലെടുക്കുമ്പോള്‍ അയര്‍ലന്‍ഡ് സുരക്ഷിതമായ ഒരു ഓപ്ഷനായി കാണപ്പെട്ടുവെന്നാണ് വിദ്യാര്‍ത്ഥികളില്‍ പലരും പറയുന്നത്. കുറഞ്ഞ ട്യൂഷന്‍ ഫീ, കുറഞ്ഞ ജീവതച്ചെലവ് തുടങ്ങിയ വാഗ്ദാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ടു.
വായ്പയും മാനസിക സമ്മര്‍ദ്ദവും
അയര്‍ലന്‍ഡിലെത്തുന്ന മിക്ക വിദ്യാര്‍ത്ഥികളും വലിയ വായ്പയെടുത്താണ് വരുന്നത്. ഇത് വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനായി പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യേണ്ടി വരുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും മാനസിക നിലയെയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഉയര്‍ന്ന പലിശ നിരക്കിലുള്ള വായ്പ അടച്ച് തീര്‍ക്കുന്നതില്‍ മാത്രമായിരിക്കും പലരുടെയും ശ്രദ്ധ. അത് വലിയ മാനസിക പ്രതിസന്ധി സൃഷ്ടിക്കും. 3200 ജോലികള്‍ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചത് വെറും 5 അഭിമുഖങ്ങള്‍ മാത്രമാണെന്ന് ഐഷ എന്ന വിദ്യാര്‍ത്ഥിനി പറയുന്നു.
പ്രതിസന്ധിയിലായ തൊഴില്‍ വിപണി
അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, തൊഴില്‍ പോരാട്ടം അഭിമുഖത്തിന് വളരെ മുമ്പ് തന്നെ ആരംഭിക്കുകയും പലപ്പോഴും അത് സംഭവിക്കുന്നതിന് മുമ്പ്തന്നെ അവസാനിക്കുകയും ചെയ്യുന്നു. ജോലി ലഭിക്കാത്തതിന്റെ പ്രധാന കാരണം സ്‌പോണ്‍സര്‍ഷിപ്പാണ്. റിക്രൂട്ട്മെന്റുകള്‍ യോഗ്യതകളുടെ അടിസ്ഥാനത്തിലല്ലെന്നും വിസ ആവശ്യകതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അതിനാല്‍ തങ്ങളുടെ പ്രൊഫൈലുകള്‍ നിരസിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശം തൊഴില്‍ വിപണിയാണിത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എളുപ്പമായിരുന്ന കാര്യങ്ങള്‍ ഇന്ന് അങ്ങേയറ്റം കഠിനമാണ്. നിങ്ങള്‍ക്ക് അസാമാന്യമായ കഴിവും ഭാഗ്യവും ഉണ്ടെങ്കില്‍ മാത്രമേ രക്ഷയുള്ളൂ എന്നാണ് വിദ്യാര്‍ത്ഥികുടെ വെളിപ്പെടുത്തല്‍.
താമസ സൗകര്യവും വംശീയതയും
അയര്‍ലന്‍ഡിലെ താമസ ക്ഷാമം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദൈനംദിന പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഒരു തീപ്പെട്ടി വലിപ്പമുള്ള മുറിയുടെ വാടക 70,000 മുതല്‍ 80,000 രൂപ വരെയാണ്. ഇതിനു പുറമെ ഡബ്ലിന്‍ പോലുള്ള നഗരങ്ങളില്‍ വംശീയ അധിക്ഷേപങ്ങളും വര്‍ധിച്ച് വരുന്നുണ്ട്. പട്ടാപ്പകല്‍ വരെ നടക്കുന്ന മോഷണങ്ങളും ആക്രമണങ്ങളും വിദ്യാര്‍ത്ഥികളെ വലിയ തോതില്‍ ഭയത്തിലാക്കുന്നുണ്ട്. കൊലവിളികള്‍ വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥ
കടക്കെണിയിലായതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചുപോവുക എന്നത് പലര്‍ക്കും അസാധ്യമാണ്. അയര്‍ലാന്‍ഡിലെ ഏകാന്തതയും തണുത്ത കാലാവസ്ഥയും പലരെയും വിഷാദ രോഗങ്ങളിലേക്കും തള്ളിവിടുന്നുണ്ട്. ഇന്ത്യയിലെ തൊഴില്‍ വിപണിയും വളരെ മത്സരാധിഷ്ഠിതമാണെന്നും കടബാധ്യതകള്‍ തൂങ്ങിയാടുന്ന വാളുകളായി നില്‍ക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന മുന്നറിയിപ്പ്
അയര്‍ലാന്‍ഡിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് ഈ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് അവരുടെ അനുഭവത്തിന്റെ പാഠങ്ങള്‍ മാത്രമാണ്. പ്രവണതകളെ അന്ധമായി പിന്തുടരാതെ യാഥാര്‍ത്ഥ്യം മനസിലാക്കി മാത്രം തീരുമാനമെടുക്കുക. എത്ര ശ്രമിച്ചാലും ഭാഗ്യമോ യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ട്ടോ ഇല്ലെങ്കില്‍ ജോലി കിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
