'ആനുകാലിക സാമൂഹികരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ മൂർച്ചയേറിയ പരിഹാസത്തിന്റെ മുനയിൽ നിർത്തി വിചാരണ ചെയ്യുന്നതിൽ മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ തൂലിക എന്നും വേറിട്ടുനിൽക്കാറുണ്ട്. ഗൗരവമേറിയ വിഷയങ്ങളെപ്പോലും നർമ്മത്തിൽ ചാലിച്ച് വായനക്കാരനെ ചിന്തിപ്പിക്കുന്ന ഒരു ആക്ഷേപഹാസ്യ ലേഖനം.
അർത്ഥശൂന്യമായ ഗമയും, ഉള്ളിലൊന്നുവെച്ച് പുറമെ മറ്റൊന്ന് കാണിക്കുന്ന ആധുനിക മനുഷ്യന്റെ പൊങ്ങച്ച പ്രകടനങ്ങളെയും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഇവിടെ വരച്ചുകാട്ടുന്നു. കലിപ്പുഭാവത്തിൽ അഹങ്കാരത്തോടെ നടന്നുനീങ്ങുന്ന നായകനും അവന്റെ പുറകിലെ ആഡംബരത്തിന്റെ പ്രതീകമായ മിനി കൂപ്പർ കാറും ഇന്നത്തെ തലമുറയിൽ ചിലരുടെ പൊള്ളയായ ആഢ്യത്വത്തെയും വാശികളെയും തന്നെയാണ് ഓർമ്മിപ്പിക്കുന്നത്.
ചിരിയിലൂടെ ചിന്തയുടെ പുതിയ വാതായനങ്ങൾ തുറക്കുന്ന സി. രാധാകൃഷ്ണന്റെ വേറിട്ടൊരു നിരീക്ഷണം...'
ഈയിടെ മനസ്സിൽ വന്ന ഒരു ജയൻ ടൈപ്പ് ഡയലോഗ് ആണ് മുകളിൽ പറഞ്ഞത്.
'...പത്തുപേരെ ഇടിച്ചു കൊല്ലമായിരുന്നു' എന്നാണ് ആ സമസ്യയുടെ പൂരണം!
രണ്ട് പെൺകുട്ടികളെ ഇടിച്ചു കൊന്ന കഥ വാർത്തയായപ്പോൾ തോന്നിയതാണ് ഇത്. ഇടിച്ചുകൊന്നു എന്ന് മാത്രമല്ല, 'കേസ് ഒക്കെ എന്റെ അപ്പൻ ശരിയാക്കിക്കോളും!' എന്ന് ആ അസുരവിത്ത് പരസ്യമായി പ്രഖ്യാപിക്കുക കൂടി ചെയ്തു!
ലോകം പുരോഗമിക്കുന്നു, സയൻസ് പുരോഗമിക്കുന്നു, താരാപഥത്തിന്റെ പുറത്ത് കടക്കുന്നു, മനുഷ്യായുസ്സ് 120നപ്പുറത്തേക്ക് പോകുന്നു.... എന്നിങ്ങനെയൊക്കെ പത്രവാർത്തകൾ വരുന്ന അത്ഭുത യുഗത്തിലാണ് ഇത്.
ഇവിടെ മാത്രമല്ല പരിഷ്കൃത ലോകത്തിലും കഥ ഇതിലേറെ ദയനീയം! തോക്കുമായി ചെന്ന് പ്രായപൂർത്തിയാവാത്ത ഒരാൾ കണ്ണിൽ കണ്ടവരെ വെടിവെച്ചു കൊല്ലുന്നു. ചൂവിംഗം വായിലിട്ട് ചവച്ചപ്പോൾ, അയാൾ തന്നെ പരിഹസിക്കുകയാണ് എന്ന് തോന്നി പോലും!
വലിയവർ വലിയ ആയുധങ്ങൾ ഉപയോഗിക്കുന്നു. ഡ്രോണുകൾ, റോക്കറ്റുകൾ, അണുബോംബുകൾ, വൈറസുകൾ, ബാക്ടീരിയകൾ....
ഇതൊക്കെ കുട്ടിക്കാലത്തെ കളിച്ച് പഠിക്കാൻ ലൈസൻസ് ഇല്ലാതെ ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക് പിസ്റ്റളുകൾ കിന്റർ ഗാർട്ടനുകൾ മുതൽ കിട്ടാൻ ഉണ്ട്. ഇവയൊക്കെ ഉണ്ടാക്കുന്ന വ്യവസായങ്ങൾ വലിയ ലാഭവിഹിതം പ്രഖ്യാപിക്കുന്നുമുണ്ട്.
ഇല്ലാത്തതും വല്ലാത്തതുമായ നിരത്തുകളിൽ ഓടിക്കാൻ വികസ്വര രാജ്യങ്ങളിൽ ലക്ഷക്കണക്കിന് വാഹനങ്ങൾ വിൽക്കുന്നു. ഒന്നിന് 100 കോടി വരെ ഉയർന്ന വില വരെയും ഈടാക്കുന്നു.
മണ്ടന്മാരായ നമ്മൾ അയൽക്കാരോട് പലിശ വാങ്ങി ഉണ്ടാക്കിയ പണം ഈ അന്യനാട്ടിലെ യമണ്ടന്മാരായ അസുരന്മാർക്ക് കൊടുക്കുന്നു!
ഇന്ത്യ എന്ന രാജ്യത്ത് വാഹനാപകടങ്ങളുടെ തോത് എത്ര ശതമാനം കഴിഞ്ഞ 10 കൊല്ലം കൊണ്ട് ഉയർന്നു എന്ന കണക്ക് അന്വേഷിക്കരുത്. അത് അറിഞ്ഞിട്ട് എന്തു കാര്യം! അഥവാ നിങ്ങളാണ് മരിക്കുന്നത് എങ്കിൽ പിന്നെ അറിയാൻ തോന്നേണ്ടതും ഇല്ലല്ലോ!
ഞാൻ ഓടിക്കുന്ന വണ്ടിയിടിച്ച് ഒരാൾ മരിച്ചാൽ ഞാൻ മദ്യമോ മയക്കുമരുന്നോ എന്ത് കഴിച്ചിട്ടാണെങ്കിലും ലഹരിക്കടിമയായി അശ്രദ്ധയോടെ വണ്ടിയോടിച്ചു എന്നൊരു പെറ്റി കേസ് മാത്രമേ എന്റെ മേൽ വരൂ.
നല്ലൊരു വാക്കിലുണ്ടെങ്കിൽ, ആ മരിച്ച ആൾ അയാളുടെ അശ്രദ്ധ കൊണ്ടാണ് മരിച്ചത് എന്നും ആ അശ്രദ്ധയിലൂടെ അയാൾ എന്റെ ജീവിതം അപകടത്തിൽ ആക്കി എന്നും അതിനാൽ അയാളെ മരണാനന്തരം ശിക്ഷിക്കണം എന്നും വാദിക്കപ്പെട്ടു എന്നും വരാം!
സാമാന്യബുദ്ധി ഇല്ലാത്ത മനുഷ്യക്കഴുതകൾ നാളെ കൃത്രിമബുദ്ധി യന്ത്രങ്ങളെക്കൊണ്ട് ഇതിലേറെ വലിയ മഹാപാപങ്ങൾ 'നിയമാനുസൃത'മായി ചെയ്തുകൂടായികയും ഇല്ല.
ഈശ്വരനും കൃത്രിമ ബുദ്ധിയേ ഉള്ളോ, എന്തോ
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
