ഡൽഹി : ഇന്ത്യയിൽ മുസ്‌ലിങ്ങൾ ഉണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ യഥാർത്ഥത്തിൽ ഹിന്ദുവല്ലെന്ന് ആർ.എസ്.എസ് (RSS) മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന 'ഒരു ലോകം ഒരു മനുഷ്യത്വം' (One World One Humanity) കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ മാർഗ്ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും മനുഷ്യർ തമ്മിൽ യാതൊരുവിധ വേർതിരിവുകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു രാഷ്ട്രം എന്ന ആശയം ഉയർത്തുമ്പോൾ മുസ്‌ലിങ്ങളുടെ സ്ഥാനം എന്തായിരിക്കും, അവരെ പുറത്താക്കുമോ എന്ന ചോദ്യം തനിക്ക് മുൻപും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു. മുസ്‌ലിങ്ങളെ ഒഴിവാക്കുക എന്നത് ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നാണ് താൻ അന്ന് നൽകിയ മറുപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ഹിന്ദു അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ ഹിന്ദുവല്ലെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതാണ് തങ്ങളുടെ സമീപനമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ പ്രവൃത്തികളിൽ വേർതിരിവുകളില്ലെന്നതിന് ഉദാഹരണമായി ഹരിയാനയിൽ നടന്ന വിമാനാപകട സമയത്തെ രക്ഷാപ്രവർത്തനം അദ്ദേഹം എടുത്തുപറഞ്ഞു. അപകടത്തിൽപ്പെട്ട യാത്രക്കാരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നുവെന്നും സംഭവസ്ഥലത്ത് ആദ്യം എത്തിയ ആർ.എസ്.എസ് പ്രവർത്തകർ പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിലും മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിലും സജീവമായി പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
