പണ്ട് ഒരു മരമണ്ടൻ ഉണ്ടായിരുന്നു. (ഒരു മരമണ്ടനേ പണ്ട് ആകെ ഉണ്ടായിരുന്നുള്ളൂ എന്ന് വിചാരിക്കരുത്. ആകെ ഉണ്ടായിരുന്ന ആയിരക്കണക്കിന് മര മണ്ടന്മാരിൽ ഒരാളുടെ കാര്യമാണ് പറയുന്നത്.)
ഇതേ രീതിയിൽ തന്നെ ഒരു ഗുണ്ടയും ഉണ്ടായിരുന്നു. ഗുണ്ടയുടെ ശല്യം വല്ലാതെ മുഴുത്തപ്പോൾ അയാളെ വക വരുത്താൻ മണ്ടൻ ഒരു വഴി ആലോചിച്ചു. എത്ര ആലോചിച്ചിട്ടും ഒരു പഴുത് കണ്ടുകിട്ടിയില്ല. കാരണം, നേരിട്ട് ചെന്ന് ഒന്നും ചെയ്യാൻ കഴിയില്ല.
ഭാഗ്യത്തിന് ആ നാട്ടിൽ അപ്പോൾ ഒരു പരമ രസികനും ഉണ്ടായിരുന്നു. അയാൾ നമ്മുടെ മണ്ടന് ഒരു വിദ്യ പറഞ്ഞുകൊടുത്തു: ഗുണ്ടയെ വക വരുത്താൻ ഒരു എളുപ്പവഴി.
ഈ ഗുണ്ടക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അയാൾ ഒരു ബ്രാഹ്മണൻ ആയിരുന്നു. മഹാനായ വാല്മീകി മഹർഷിയുടെ ആദ്യകാല ജീവിതം പോലെ ഒരു അവസ്ഥ.
മൂത്രം ഒഴിക്കാൻ കഴിയാതെ വന്നാൽ അയാൾ മരിക്കും. പൂണോലെടുത്ത് ചെവിയിൽ ചുറ്റി വെച്ചാലേ ബ്രാഹ്മണന് മൂത്രം പോകു. പൂണോൽ ഇല്ലെങ്കിൽ എന്തെടുത്ത് ചെവിയിൽ ചുറ്റിവയ്ക്കും?
പൂണാൽ ഇല്ലാതാക്കാൻ എളുപ്പവഴി പരുത്തി ഇല്ലാതാവുകയാണ്. പരുത്തി കൊണ്ടാണല്ലോ പൂണാൽ ഉണ്ടാക്കുന്നത്. പരുത്തി ഇല്ലെങ്കിൽ പരുത്തിക്കുരുവോ പഞ്ഞിയോ കിട്ടില്ല. പരുത്തി ഉണ്ടായാലും അത് പൂക്കാതിരുന്നാൽ മതി.
കൊന്ന പൂക്കുന്ന കാലത്താണ് പരുത്തിയും പൂക്കുന്നത്. അതായത്, കൊന്ന പൂക്കാതിരുന്നാൽ പരുത്തി പൂക്കില്ല. അതുകൊണ്ട് ആ നാട്ടിലെ കൊന്നകൾ മുഴുവനായും മുറിച്ചാൽ മതി. നാട്ടിൽ ആകെ ആറോ ഏഴോ കൊന്നമരങ്ങളേ ഉള്ളൂ. പണി എളുപ്പമാണ് !
മണ്ടൻ പാവം നാട്ടിലെ കൊന്നമരങ്ങളൊക്കെ മുറിച്ചു. പക്ഷേ കാര്യങ്ങളൊക്കെ അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്ന ഗുണ്ട പാവം മണ്ടനെ മൂത്രാഭിഷേകം ചെയ്തു!!
ഇതുപോലെയാണ് ഇപ്പോൾ അഴിമതി അവസാനിപ്പിക്കാൻ നാടുനീളെ സിസിടിവി ക്യാമറകൾ വെക്കുന്നത്. അതൊക്കെ വെച്ചതിൽ തന്നെ വൻ അഴിമതി ഉണ്ട് എന്നാണ് നാട്ടിൽ എങ്ങും കൊതുകുകൾ പോലും മൂളുന്നത്. അതിനാൽ കൊതുകിനെ നശിപ്പിക്കാൻ മറ്റൊരു ബഹു തല പദ്ധതി ആലോചിച്ചു കൊണ്ടിരിക്കുകയാണത്രെ ഉന്നതതല തലകൾ എല്ലാം!
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
