കോട്ടയം: കോട്ടയത്ത് കനത്ത മഴ തുടരുന്നു. പാലയില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. പാല ആണ്ടൂര്‍ സ്വദേശികളായ ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. വേനല്‍ മഴയ്ക്കൊപ്പമുണ്ടായ മിന്നലില്‍ വീട്ടില്‍ വെച്ചാണ് ഇടിമിന്നലേറ്റത്.
വൈകിട്ട് 6:30 ഓടുകൂടി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. മഴയോടൊപ്പം വീശിയടിച്ച കാറ്റിലും ഇടിയിലും ചിലയിടങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ വെള്ളം കയറി. കോട്ടയം നഗര മധ്യത്തില്‍ മെഡിക്കല്‍ കോളജ് റോഡില്‍ ചുങ്കം ദേശാഭിമാനി ഓഫീസിന് മുന്നില്‍ റോഡിലേക്ക് മരം മറിഞ്ഞു വീണു. ഇതോടെ മെഡിക്കല്‍ കോളജ് റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഇതേ റോഡില്‍ മരം വീണിരുന്നു. പലയിടങ്ങളിലും മരം വീണ് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴയില്‍ കോട്ടയം ടൗണിലെ റോഡുകളില്‍ വെള്ളം നിറഞ്ഞു. പകല്‍ പൂരം കഴിഞ്ഞ് തിരികെ പോകുന്നവര്‍ക്കും മഴ ബുദ്ധിമുട്ടുണ്ടാക്കി.
അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. 25-ാം തീയതി വരെയാണ് ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 21 മുതല്‍ 25 വരെയാണ് മഴ മുന്നറിയിപ്പ്. ജനങ്ങളും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്