അമേരിക്കൻ കമ്പനികൾ അസാധാരണ താൽപ്പര്യത്തോടെ കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല കൈയടക്കാനായി മുന്നോട്ടുവരുമ്പോൾ ഉയരുന്ന പ്രാധാന ചോദ്യം: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണു കേരളത്തിലേതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദവും 'സിസ്റ്റത്തിൽ തകരാർ' ഉണ്ടെന്ന ആരോഗ്യമന്ത്രിയുടെ ഏറ്റുപറച്ചിലും ആവില്ലേ ഈ രംഗത്തെ വിദേശ നിക്ഷേപ അജണ്ടയുടെ പിന്നിൽ?
വികസിത രാജ്യങ്ങൾക്കൊപ്പമെന്ന് പ്രശംസിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ആരോഗ്യ മാതൃക തകർന്നിരിക്കുകയാണെന്ന വിശകലനങ്ങളുടെ ചുവടുപറ്റിയാണ് സംസ്ഥാനത്തെ മെഡിക്കൽ മേഖലയിൽ വൻ വിദേശ നിക്ഷേപത്തിനു കളമൊരുങ്ങുന്നത്. രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും അധികം പഴികളും പരാതികളും കേൾക്കുന്ന വകുപ്പുകളിൽ ആരോഗ്യവകുപ്പിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശസ്ത്രക്രിയാ ഉപകരണങ്ങൾ അടക്കമുള്ളവ രോഗികൾ തന്നെ വാങ്ങി നൽകേണ്ട ഗതികേട്, അത്യാഹിത വിഭാഗത്തിൽ തീപിടുത്തം, ഓപ്പറേഷൻ ഉപകരണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നുവെന്ന് മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്ന സാഹചര്യം, സിസ്റ്റത്തിന്റെ തകരാറെന്ന ഒഴികഴിവ് പറയുന്ന ആരോഗ്യമന്ത്രി, മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയ്ക്കു പുറമെ വ്യാജമരുന്നു മാഫിയയുടെ അഴിഞ്ഞാട്ടവും ചേർന്ന് സങ്കീർണ്ണമാണവസ്ഥ.
സംസ്ഥാനത്തെ ആരോഗ്യമേഖല തകരാറിലാണെന്ന ആരോപണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മാറി വരുന്ന എല്ലാ സർക്കാരുകളും കേൾക്കുന്ന പഴി തന്നെ. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണമായിരുന്നു പിണറായി സർക്കാരിനെതിരെ ആദ്യമായി കേട്ടത്. സർക്കാർ സാഹചര്യങ്ങൾ വിശദീകരിച്ചെങ്കിലും ആ ആരോപണങ്ങൾ ഇപ്പോഴും ഒരു രാഷ്ട്രീയ ചോദ്യമായി നിലനിർത്താൻ പ്രതിപക്ഷത്തിന് കഴിയുന്നുണ്ട്. അതിന് ശേഷം ഉയർന്ന ആരോപണങ്ങളിൽ, പ്രത്യക്ഷത്തിൽ ജനങ്ങളെ ബാധിച്ച പ്രശ്‌നങ്ങൾ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാൻ വഴിയൊരുക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു തോൽവിക്ക് ഇതും കാരണമായെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല.
സർക്കാർ ആശുപത്രികളിലോ പ്രൈമറി ഹെൽത്ത് സെന്ററുകളിലോ ചികിൽസ തേടാൻ മനസുള്ളവരുടെ എണ്ണം താഴുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ അടക്കമുണ്ടായ പ്രശ്‌നങ്ങളിൽ ഇരകളായവർ വളരെ പാവപ്പെട്ടവരാണ്. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് അവർ സർക്കാർ ആശുപത്രിയിലേക്ക് വന്നത്. അൽപ്പമെങ്കിലും സാമ്പത്തിക സൗകര്യമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രിയിൽ അഭയം തേടുമായിരുന്നു. എതിർ വാദങ്ങളുണ്ടെങ്കിലും അതിന്റെ ഏറ്റവും വലിയ വിരോധാഭാസം എന്ന രീതിയിൽ മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്കു പോയതും വിദേശത്തേക്കു തന്നെ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണു കേരളത്തിലേതെന്ന മേനിപറച്ചിൽ ഭംഗിവാക്കു മാത്രമായി.
സ്വകാര്യ ആശുപത്രികൾ ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നതിലൂടെ സ്വകാര്യ ചികിത്സാ മേഖല 'ടൂറിസം മേഖല'യായി മാറുമെന്ന ആശങ്ക ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നതിനിടെയാണ്, ഡൊണാൾഡ് ട്രംപിന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു വേളയിൽ സാമ്പത്തിക സഹായം നൽകിയ കമ്പനി കേരളത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥാവകാശം കരസ്ഥമാക്കിയത്. ന്യൂയോർക്ക് ആസ്ഥാനമായ കോൾബെർഗ് ക്രാവിസ് റോബർട്‌സ് (കെ.കെ.ആർ) കമ്പനിയാണ് മുഖ്യമായും കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയെ നോട്ടമിട്ടിരിക്കുന്നത്.പിന്നാലെ മറ്റ് സ്വകാര്യ ആശുപത്രികളുമായി കരാർ ഒപ്പിടാൻ വിദേശ കമ്പനികൾ തയ്യാറെടുക്കുകയാണ്. കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ച സ്വകാര്യ ആശുപത്രികളാകട്ടെ ചികിത്സാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന കെ.കെ.ആർ വിവിധ രാജ്യങ്ങളിലെ സ്വകാര്യ മേഖലകളിൽ കോടികൾ നിക്ഷേപിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. തൊടുപുഴ ചാഴിക്കാട്ട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് കെ.കെ.ആർ കേരളത്തിൽ ആദ്യമായി ഏറ്റെടുക്കുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയും കെ.കെ.ആർ അടുത്തതായി വരുതിയിലേക്ക് കൊണ്ടുവന്നുകണ്ടിരിക്കുന്നു. കൂടുതൽ ഇടങ്ങളിൽ സാന്നിധ്യം വ്യാപിപ്പിച്ചും മറ്റ് ആശുപത്രികൾ ഏറ്റെടുത്തും വൻതോതിൽ വളരാനുള്ള അവസരമാണ് ഇത്തരം നിക്ഷേപങ്ങൾ ആശുപത്രി ശൃംഖലകൾക്ക് നൽകുന്നത്. ഉടമകളായ പ്രെമോട്ടർ ഗ്രൂപ്പിനെ ഇത്തരം ഇടപാടുകളിൽ നിലനിർത്തിക്കൊണ്ടു തന്നെ ഇവർ ബിസിനസ് വളർച്ച ലക്ഷ്യം വയ്ക്കുന്നു. അതുകൊണ്ടുതന്നെ പൂർണമായ ഏറ്റെടുക്കൽ നടത്താതെയും മനേജ്‌മെന്റിൽ മാറ്റം വരുത്താതെയും മുന്നോട്ടു പോകുന്ന ബിസിനസ് തന്ത്രമാണ് നിലവിലുള്ളത്.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ 2,500 കോടിയുടെ വിദേശ നിക്ഷേപമാണ് കെ.കെ.ആർ നടത്തിയത്. കമ്പനിയുടെ ഡയറക്ടർ ബോർഡിലേക്ക് കെ.കെ.ആറിന്റെ പ്രതിനിധികൾ എത്തി ഉടമസ്ഥാവകാശം നേടിയെങ്കിലും നടത്തിപ്പു ചുമതല നിലവിലെ മനേജ്‌മെന്റ് തന്നെ നിർവഹിക്കുന്നു. 1,200 കോടി രൂപയുടെ നിക്ഷേപം നടത്തി കോഴിക്കോട്ടെ പ്രശസ്തമായ മെയ്ത്ര ആശുപത്രിയും കെ.കെ.ആർ ഏറ്റെടുത്തു. തിരുവനന്തപുരം ആസ്ഥാനമായ കിംസ് ആശുപത്രിയും ഇപ്പോൾ വിദേശ നിക്ഷേപം കരസ്ഥമാക്കി ആഗോള കോർപ്പറേറ്റ് കമ്പനിയുടെ കീഴിലാണ്. ന്യൂയോർക്ക് ആസ്ഥാനമായ ബ്ലാക്ക്‌സ്‌റ്റോൺ കമ്പനിയാണ് കിംസ് വാങ്ങിയത്. കെയർ ആശുപത്രി ശൃംഖലയുടെ പേരിൽ കിംസിന്റെ 85 ശതമാനം ഉടമസ്ഥാവകാശം ബ്ലാക്ക്‌സ്‌റ്റോൺ കരസ്ഥമാക്കി. 3,500 കോടിയോളം രൂപയാണ് കിംസിൽ ബ്ലാക്ക്‌സ്‌റ്റോൺ നിക്ഷേപിച്ചത്. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ ആസ്റ്റർ ഡി.എമ്മിലും ബ്ലാക്ക്‌സ്‌റ്റോൺ നിക്ഷേപം നടത്തിയിട്ടുണ്ട്.
കൃത്രിമ ഗർഭധാരണ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന സബീൻ ആശുപത്രി ശൃംഖലയിൽ സി.എക്‌സ് പാർട്ട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ 420 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തിയത്. സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ ആഗോള കോർപ്പറേറ്റുകളുടെ കടന്നു കയറ്റത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്കയാണ് പങ്കുവക്കുന്നത്. ചികിത്സാ ചെലവ് വർധിക്കുമെന്നും ആരോഗ്യ ചികിത്സാ മേഖല ആരോഗ്യ ടൂറിസം മേഖലയായി മാറുമെന്നുമാണ് വിദഗ്ധരുടെ ആശങ്ക. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി ഇതിനിടെ പറഞ്ഞു. ആഗോള കോർപ്പറേറ്റുകൾ ഇങ്ങോട്ടുവരുന്നത് കേരളത്തെ സേവിക്കാമെന്ന താൽപര്യത്തോടെയല്ലെന്നും ഈ മാറ്റത്തെ കരുതിയിരിക്കണമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്.
വ്യാജമരുന്ന് മാഫിയ
കേരളത്തിലെ ഔഷധ വ്യാപാര മേഖലയിലെ വ്യാജമരുന്നു മാഫിയയുടെ ഇടപെടൽ ഗുരുതര ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) ഭാരവാഹികൾ ചൂണ്ടിക്കാട്ടിയെങ്കിലും ഫലപ്രദമായ നടപടികളുണ്ടായില്ലെന്ന പരാതി നിലനിൽക്കുന്നു. കേരളത്തിൽ അടുത്തിടെ വ്യാജമരുന്നുകൾ പിടിച്ചെടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ ശുദ്ധീകരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് സംഘടനയുടേത്. 2015ലെ ഫാർമസി റെഗുലേഷൻ ആക്ട് ലംഘിച്ച് ചില സ്വകാര്യ സ്ഥാപനങ്ങൾ 13 ശതമാനം മുതൽ എന്ന ഡിസ്‌കൗണ്ട് ബോർഡുകൾ സ്ഥാപിച്ച് ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകൾ വിലകുറച്ച് വിൽപ്പന നടത്തുന്നതിന പിന്നിൽ ഈ മാഫിയ ആണുള്ളതത്രേ.
സംസ്ഥാനത്തെ 30,000ത്തോളം ലൈസൻസുകൾ പരിശോധിക്കാൻ 47 ൽ താഴെ ഇൻസ്‌പെക്ടർമാരും, നാലു മരുന്നു പരിശോധന ലാബും മാത്രമാണ് നിലവിലുള്ളത്. വർഷം മാർക്കറ്റിൽ എത്തുന്ന 85000 ത്തിൽപ്പരം ബാച്ച് മരുന്നു പരിശോധിക്കുക അപ്രയോഗികമാണ്. ഡിസ്‌കൗണ്ട് സ്ഥാപനങ്ങളുടെ നിലവിലുള്ളതും മുൻകാലങ്ങളിലുള്ളതുമായ എല്ലാ മരുന്നിടപാടുകളും ഡ്രഗ്‌സ് ഡിപ്പാർട്ട്‌മെന്റിനോടൊപ്പം ദേശീയ അന്വേഷണ ഏജൻസികളെ കൂടി ഉൾപ്പെടുത്തി സമഗ്രമായി അന്വേഷിക്കണമെന്ന് എ.കെ.സി.ഡി.എ ആവശ്യപ്പെടുന്നു.
ഹ്യൂമൻ മിക്സ്റ്റാർഡ് ഇൻസുലിൻ പോലുള്ള മരുന്നുകൾ പോലും 22 ശതമാനം വരെ കുറച്ചാണ് വിറ്റഴിക്കുന്നത്. ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചു മരുന്നു വാങ്ങുന്ന പൊതുജനം ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾ ഉപയോഗിച്ച് മഹാരോഗികളാകാൻ സാധ്യതയുണ്ട്. ചില അജ്ഞാത കേന്ദ്രങ്ങളിൽ കമ്പനിയുടെ പേരിലും ലേബലിലും മരുന്നുകൾ നിർമ്മിച്ച് മാർക്കറ്റിൽ എത്തിക്കുകയും അമിത ഡിസ്‌കൗണ്ടിൽ ജനം വാങ്ങി കഴിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ജില്ലകളിൽ നിന്ന് മാത്രം 5.2 കോടിയോളം രൂപയുടെ വ്യാജമരുന്നുകൾ പിടികൂടി.
ചുമ മരുന്ന് കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് വിതരണം ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. അപ്പോഴും, വ്യാജ മരുന്നുകൾ ഇറക്കുന്ന എത്ര വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നു എന്നതിലേക്ക് അന്വേഷണം നീണ്ടിരുന്നില്ല. പലപ്പോഴും ഇത്തരം കമ്പനികൾ രേഖകളിൽ മാത്രമാവും ഉണ്ടാവുക. മരുന്നിന്റെ നിർമ്മാണമൊക്കെ നടത്തുന്നത് മറ്റു പലരുമായിരിക്കും. വാരാണസിയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന അഞ്ച് വ്യാജ സിറപ്പ് കമ്പനികളാണ് കണ്ടെത്തിയത്. അഞ്ചു പേർ അറസ്റ്റിലായി. ഇവർ 23 കോടി രൂപയുടെ ഇടപാട് നടത്തുകയും തുക ഹവാല ഇടപാട് വഴി വിദേശത്തേക്കും മറ്റും കടത്തുകയും ചെയ്തതായും കണ്ടെത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈക്കൂലിപ്പണം കൈമറിയുന്ന അഴിമതിക്ക് ഈ രംഗം കുപ്രസിദ്ധമാണ്. നിർഭാഗ്യകരമായ ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനകൾ നടക്കാറുള്ളത്.
ലോകമെങ്ങും ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന കച്ചവടങ്ങളിലൊന്നാണ് മരുന്ന് വിൽപ്പന. മരുന്നുകൾ നിർമ്മിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ലംഘിച്ച് യഥേഷ്ടം മരുന്ന് നിർമ്മാണം നടക്കുന്നുണ്ടെന്നത് പലപ്പോഴും വെളിപ്പെടുന്നത് കൂട്ടമരണങ്ങൾ പോലുള്ള സംഭവങ്ങൾ നടക്കുമ്പോഴുള്ള അന്വേഷണങ്ങളിലാണ്. കഴിഞ്ഞ ഒക്ടോബറിൽ മദ്ധ്യപ്രദേശിലെ ഒരു സ്വകാര്യ ക്‌ളിനിക്കിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ച ഇരുപതിൽപ്പരം കുട്ടികൾ മരിച്ച സംഭവം ഉണ്ടായതിനു പിന്നാലെ രാജ്യമൊട്ടാകെ മരുന്നുകമ്പനികളിലും മറ്റും വ്യാപകമായ പരിശോധന നടന്നിരുന്നു. ഈ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ചുമയുടെ മരുന്ന് നിർമ്മിക്കുന്ന ഒട്ടേറെ വ്യാജ കമ്പനികൾ രാജ്യത്ത് യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട് എന്ന കണ്ടെത്തൽ ആരോഗ്യരംഗത്തെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു. വലിയ പേരുള്ള ചില മരുന്നു കമ്പനികൾ പോലും തകരമടിച്ചുണ്ടാക്കിയ താത്കാലിക ഷെഡ്ഡു പോലുള്ള സംവിധാനങ്ങളിലാണ് പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്താനായി. വ്യാജമരുന്നു മാഫിയയുടെ വേരുകൾ കേരളത്തിലും സജീവമെന്നാണ് സൂചന.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
