കൊച്ചി: വോട്ടര്‍ പട്ടികയിൽ പേരില്ലെന്ന് വ്യക്തമായതോടെ പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം. ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ലക്ഷ്മിപ്രിയയുടെ ഫ്ലക്സ് മാറ്റി. പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു മുന്നിലെ ഫ്ലക്സാണ് മാറ്റി സ്ഥാപിച്ചത്. ലക്ഷ്മി പ്രിയയുടെ ഫോട്ടോ ഉള്ള ഫ്ലക്സാണ് മാറ്റിയിരിക്കുന്നത്. നരേന്ദ്ര മോദിയും സംസ്ഥാന നേതാക്കളുമുള്ള ഫോട്ടോ പകരം സ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ വിഷയത്തില്‍ ട്വന്‍റി 20 നേതാക്കൾ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവന്നത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം.
തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. വിഷയത്തില്‍ ലക്ഷ്മിപ്രിയയും പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
