ഈ ആഴ്ചക്കുറിപ്പ് നിങ്ങൾ വായിച്ച് തുടങ്ങുമ്പോൾ കേരളം 'എമ്പുരാൻ ' ഓളത്തിലായിരിക്കും. ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലനും ചേർന്ന് നിർമിക്കുന്ന എമ്പുരാന്റെ നിർമ്മാണ ചെലവ് 238 കോടി രൂപയാണ്. അതേ എമ്പുരാൻ തിളക്കത്തിലാണ് സി.പി.എംന്റെ ബ്രഹ്മാണ്ഡമായ രണ്ടാം പാർട്ടി മന്ദിരവും തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. ഏപ്രിൽ 23ന് പത്താമുദയത്തിന് തിരുവനന്തപുരത്ത് നിലവിലുള്ള ഏ.കെ.ജി. സെന്ററിന്റെ എതിർവശത്തായുള്ള 'ഏ.കെ.ജി സെന്റർ നമ്പർ 2' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
32 സെന്റിൽ 9 നിലയിലുള്ള കെട്ടിടത്തിന് കാവിനിറമാണ് പുറത്ത് പൂശിയിട്ടുള്ളത്. അത് കാവിയല്ല, ഇഷ്ടികച്ചുവപ്പാണെന്ന് ചിലർ ന്യായീകരിക്കുന്നതു കേട്ടു. പഴയ ഏ.കെ.ജി. സെന്റർ ഇരിക്കുന്ന സ്ഥലം 'ഇടതു പ്രേമിയായ' ഏ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ പാർട്ടിക്ക് സൗജന്യമായി പതിച്ചു കിട്ടിയതാണ്. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയായിരിക്കേ ആറരകോടി രൂപ നൽകിയാണ് പുതിയ മന്ദിരത്തിനായുള്ള സ്ഥലം സി.പി.എം. സ്വന്തമാക്കിയത്. രാജ്യത്തെ ഏതൊരു രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന മന്ദിരത്തെക്കാളും വലുത് എന്ന വിശേഷണം ഈ പുതിയ കെട്ടിടത്തിന് മാധ്യമങ്ങൾ ചാർത്തിക്കൊടുത്തു കഴിഞ്ഞു.
വല്യേട്ടനായ സി.പി.എം.ന്റെ ആസ്ഥാന മന്ദിരത്തോട് ഉപമിക്കുമ്പോൾ സി.പി.ഐയുടെ 'എം.എൻ. സ്മാരക മന്ദിരം' ഒന്നുമേയല്ല. സി.പി.എം ന്റെ പുതിയ മന്ദിരത്തിൽ പഠന ഗവേഷണ കേന്ദ്രമാണ് പ്രവർത്തിക്കുക. കാൽനൂറ്റാണ്ടിനിപ്പുറം പാർട്ടി കൈവരിച്ച 'ധനപരമായ നേട്ടങ്ങൾ' വിശദീകരിക്കാൻ പറ്റിയ എ.സി റൂമുകൾ ഈ പുതിയ മന്ദിരത്തിലുള്ളത് തീർച്ചയായും അണികളെ കോൾമയിർ കൊള്ളിക്കും.
ആശാവർക്കർമാർ, 'ആശ' വെടിയില്ല
ആശാവർക്കർമാർ ഒരു ദിവസം ലഭിക്കുന്ന 238 രൂപ കൊണ്ട് ജീവിക്കണമെന്ന നിർദ്ദേശം നൽകിയ മന്ത്രി വീണാ ജോർജിന്റെ 'തോൾ ബാഗിന്' 35000 രൂപ മുതൽ 40,000 രൂപ വരെ വിലയുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്തത് 'ന്യൂസ് 18' ചാനലാണ്. സാധാരണക്കാരന് പേരു പറയാൻ പോലും അത്ര എളുപ്പമല്ലാത്ത ഒരു വിദേശ കമ്പനിയുടെ തോൾ ബാഗുകൾക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ടത്രെ.
'ആശ' മാർക്കായി ചർച്ച നടത്താൻ ഡെൽഹിക്കു പോയ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. കൂടിക്കാഴ്ചയ്ക്ക് നേരത്തെ സമയം ചോദിച്ചിരുന്നോ എന്ന ചോദ്യങ്ങൾക്കും മറ്റും മന്ത്രി ക്ഷുഭിതയായാണ് മറുപടി നൽകിയത്. എങ്കിലും ക്യൂബൻ സംഘത്തിന്റെ കൂടിക്കാഴ്ച ഏതോ 'വാക്‌സിൻ' കച്ചവടത്തിനുള്ള മുന്നൊരുക്കമായി കരുതുന്നുണ്ട്. കോവിഡായാലും നിപ്പയായാലും 'പണം' തടയണമെന്ന ചിന്തയാണ് ഭരിക്കുന്നവരിൽ പലരെയും മുന്നോട്ട് നയിക്കുന്നത്.
ജെപ്തി നോട്ടീസുകൾ ലഭിച്ച നിരാലംബരായ ആശമാർക്കായി ഏഷ്യാനെറ്റിലൂടെ ലഭിച്ച സാമ്പത്തിക സഹായം ആ ചാനൽ പിന്തുടരുന്ന ടി.എൻ. ഗോപകുമാറിന്റെ മനുഷ്യപ്പറ്റുള്ള മാധ്യമ പ്രവർത്തനത്തിന്റെ നേർക്കാഴ്ചയായി. ഓർത്തഡോക്‌സ് സഭയും, പ്രവാസി വ്യവസായികളും ആശമാർക്ക് സഹായം നൽകാൻ തീരുമാനിച്ചത് അഭിനന്ദനീയമായ കാരുണ്യ പ്രവർത്തനമായി. കോളേജ് അധ്യാപകരുടെ സംഘടന സമരം ചെയ്യുന്ന ആശമാർക്കായി 1 ലക്ഷം രൂപ സംഭാവന നൽകിയതും പ്രശംസനീയമാണ്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയാണത്.
രാജീവ് ചന്ദ്രശേഖർ എന്ന ലീഡർ
സംസ്ഥാന ബി.ജെ.പി. പുതിയ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ വരുമെന്നത് മാർച്ച് 15ന് അദ്ദേഹം തന്നെ മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റായി നിയമിക്കാൻ ഉദ്ദേശിക്കുന്നവരുടെ പട്ടികയിൽ താനും ഉണ്ടെന്നായിരുന്നു രാജീവിന്റെ ഡയലോഗ്. ഇതിനു മുമ്പു തന്നെ വഴുതയ്ക്കാടിനടുത്ത് രാജീവ് ചന്ദ്രശേഖർ ഒരു ലക്ഷ്വറി ഫ്‌ളാറ്റ് വാങ്ങിയതിനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നിരുന്നു.
ബി.ജെ.പി.യുടെ പുതിയ സംസ്ഥാന മന്ദിരത്തിനടുത്തായിട്ടാണ് രാജീവ് ഫ്‌ളാറ്റ് വാങ്ങിയിട്ടുള്ളത്. പുതിയ മന്ദിരത്തിന്റെ പാലുകാച്ചൽ നടന്നിട്ട് മാസങ്ങളായി. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിന് പ്രവർത്താനനുമതി നൽകിയിട്ടില്ലത്രെ. സൗരോർജ്ജ പാനലുകളും, നടുമുറ്റത്തു മഴവെള്ള സംഭരണിയുമെല്ലാം ഈ പുതിയ മന്ദിരത്തിലുണ്ട്. ഇനി പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നാണ് പുതിയ മന്ദിരത്തിലെത്തുകയെന്നതാണ് എല്ലാവരും നോക്കിയിരിക്കുന്നത്.
മാഡം, നിറം മാത്രമല്ല പ്രശ്‌നം
ഇന്ന് (ബുധൻ) ചാനലിൽ തെളിഞ്ഞത് ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരന്റെ മുഖമാണ്. നിറത്തിന്റെ പേരിൽ നിരവധി തവണ വിവേചനം നേരിട്ടിട്ടുണ്ടെന്ന് പഴയ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ സഹധർമ്മിണിയായ ഡോ. ശാരദ തന്റെ ഫേസ് ബുക്കിൽ കുറിച്ചു. ആ വാർത്ത ചൂടോടെ കേട്ടുകൊണ്ടിരിക്കെ, കോഴിക്കോട് മെഡിക്കൽ കോളജിലെ പിന്നാക്ക ജാതിയിൽപെട്ട സെക്യൂരിറ്റി ജോലിക്കാരെ 7 ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ച കേസ് തെളിവില്ലാത്തതിനാൽ കോടതി തള്ളിക്കളയാൻ പോകുന്നുവെന്ന ഏറെ നിർഭാഗ്യകരമായ ഒരു വാർത്തയും നാം കേൾക്കേണ്ടി വന്നു.
ഇതിനിടെ, പട്ടിക വിഭാഗത്തിൽപെട്ട ഒരു യുവതി കോളജിൽ വച്ച് റാഗിങ്ങിനെ തുടർന്ന് രക്തസാക്ഷിയായി ജീവിച്ചു വന്നിരുന്ന ഒരു സ്ത്രീയുടെ മരണ വാർത്തയും നാം കേട്ടു. സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചും, സ്വയം കണ്ണ് കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചും നരക ജീവിതം നയിച്ച ദുർഭഗയായ ആ സ്ത്രീയുടെ മരണവാർത്ത മനോരമ എന്തുകൊണ്ടോ ഒന്നാം പേജിൽ നൽകി. എന്നാൽ, ഏഷ്യാനെറ്റോ മറ്റ് ചാനലുകളോ അവരുടെ 'ദുരിതകഥ' റാഗിങ്ങിന്റെ ആരംഭകാല സംഭവമെന്ന നിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചില്ല.
നിറത്തെക്കാൾ ജാതിയും വർഗവും
നിറമല്ല മുഖ്യപ്രശ്‌നമെന്ന് മലയാളികൾക്കറിയാം. എങ്കിലും മാധ്യമങ്ങൾ 'തൊലി വെളുപ്പി'നപ്പുറത്തേയ്ക്ക് ചർച്ചകൾ കൊണ്ടു പോകാറില്ല. ആർക്കും 'പന്തുതട്ടാൻ' പറ്റുന്ന പരുവത്തിലാണ് നമ്മുടെ നാട്ടിലെ പിന്നോക്കക്കാർ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായുമെല്ലാം പിന്നോക്കക്കാർക്ക് എന്തെല്ലാം പദ്ധതികളാണെന്നോ! എന്നാൽ, അതെല്ലാം ഉന്നതകുലജാതരായ ചില ഏമാന്മാരുടെ വിരൽത്തുമ്പിലാണ്. മുൻമന്ത്രി കെ. രാധാകൃഷ്ണനെ മന്ത്രി പദത്തിൽ നിന്ന് തെറിപ്പിച്ചത്, 'സ്വന്തം ആളു'കളോടുള്ള അദ്ദേഹത്തിന്റെ കർശനമായ പ്രതിബദ്ധതയായിരുന്നുവെന്നു പറയുന്നുണ്ട്.
വെറുതെയുള്ള ആരോപണമല്ല അത്. പട്ടികജാതി, വർഗ വകുപ്പും ദേവസ്വം വകുപ്പും അഴിമതിയുടെ കറപുരളാതെ കാത്തുസൂക്ഷിച്ച മന്ത്രിയാണ് ചേലക്കരക്കാരുടെ പ്രിയപ്പെട്ട 'രാധ' എന്ന രാധാകൃഷ്ണൻ. കുടിൽ മന്ത്രിയെന്ന പരിഹാസം പോലും പിൽക്കാലത്ത് അദ്ദേഹത്തിന്റെ അഴിമതിരഹിത രാഷ്ട്രീയത്തിനു ലഭിച്ച തൂവലായി. എന്നാൽ, രാധാകൃഷ്ണൻ മന്ത്രിപദം വിട്ടിറങ്ങിയതോടെ പിന്നോക്കക്കാർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കാനുള്ള 'ഉന്നതി' എന്ന സർക്കാർ സംവിധാനം നിർജ്ജീവമായി.
'വെട്ട്' ഏറ്റത് പിന്നോക്കക്കാർക്ക്
പിന്നീട് നടന്നത് പട്ടികജാതി/വർഗ വകുപ്പിന്റെ ബജറ്റ് വിഹിതം നിഷ്‌ക്കരുണം വെട്ടിക്കുറയ്ക്കലായിരുന്നു. ഇതിനു മുമ്പുതന്നെ പട്ടികജാതിയിൽപെട്ട എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണ മെഡൽ വിതരണവും പ്രോത്സാഹന ക്യാഷ് പ്രൈസ് വിതരണവും കഴിഞ്ഞ 6 വർഷമായി സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനായി ആദ്യം സ്വർണ്ണമെഡലിന്റെ തൂക്കം കുറച്ചു. പിന്നെ മെഡൽ വിതരണം തന്നെ വേണ്ടെന്നു വച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു കോഴ്‌സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച പിന്നോക്കരായ വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പ് 4 ഗ്രാം തൂക്കമുള്ള സ്വർണ്ണ മെഡൽ നൽകിയിരുന്നു.
2018 -19ൽ ഇതിന്റെ തൂക്കം 3 ഗ്രാമാക്കി. എസ്.എസ്.എൽ.സി.ക്കാർക്ക് തൂക്കം കുറഞ്ഞ മെഡലുകൾ കിട്ടി. പ്ലസ് ടുക്കാരെ ഒഴിവാക്കുകയും ചെയ്തു. 2019 -20ൽ എസ്.എസ്.എൽ.സി.ക്കാർക്കും സർക്കാർ സ്വർണ്ണ മെഡൽ നൽകിയില്ല. സംസ്ഥാന യുവജനോത്സവത്തിൽ 'എ' ഗ്രേഡ് ലഭിക്കുന്ന മത്സരാർത്ഥികൾക്ക് 10,000 രൂപ വീതം നൽകുന്ന പരിപാടിയും സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്.
ബജറ്റിൽ ഏറ്റവും താഴേക്കിടയിലുള്ള ജനവിഭാഗങ്ങൾക്കായുള്ള വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. പക്ഷെ അത് വേണ്ടവിധത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്തില്ല. അതെല്ലാം എണ്ണിപ്പറയാം. ഒന്ന് : ലൈഫ് മിഷൻ പദ്ധതി 300 കോടിയിൽ നിന്ന് 120 കോടിയാക്കി. രണ്ട്: പട്ടികജാതി/വർഗക്കാരുടെ 20 പദ്ധതികൾക്കായുള്ള 1370 കോടി 500 കോടിയായി കുറച്ചു. മൂന്ന്: എം.എൻ. സ്മാരക ലക്ഷംവീട് പദ്ധതിക്കായുള്ള തുക 3 കോടിയിൽ നിന്ന് 1 കോടിയാക്കി.
ദരിദ്രർക്കും ഇടത്തരക്കാർക്കുമുള്ള ഹൗസിംഗ് ബോർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച 36.50 കോടി 16 കോടിയാക്കി. പിന്നോക്ക വിഭാഗക്കാരുടെ ചില വികസന പദ്ധതികൾക്കായി നീക്കിവച്ച 9 കോടി കുത്തനെ 1.5 കോടിയാക്കി കുറച്ചു. 10 കോടി രൂപയ്ക്കു മേൽ താഴെയുള്ള ക്ഷേമപദ്ധതികളെല്ലാം ധനവകുപ്പ് കടുംവെട്ട് നടത്തി ഇല്ലാതാക്കിയിട്ടുമുണ്ട്.
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്