ഡെല്‍സി റോഡ്രിഗസ്- ഇന്ത്യയുടെ പരിചിത നയതന്ത്ര പങ്കാളി

JANUARY 7, 2026, 3:42 AM

വളരെ കരുതലോടെയാണ് നിക്കോളാസ് മഡൂറോയുടെ പതനത്തില്‍ ഇന്ത്യ പ്രതികരിച്ചത്. ഇത് പരുവപ്പെടുത്തിയതാകട്ടെ വെനിസ്വേലയുടെ പുതിയ ഇടക്കാല പ്രസിഡന്റും ഇന്ത്യയുടെ പരിചിത നയതന്ത്ര പങ്കാളി ഡെല്‍സി റോഡ്രിഗസ് ആണ്. അടുത്തിടെ നിരവധി ഉന്നതതല ചര്‍ച്ചകള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിരുന്നു. ലാറ്റിനമേരിക്കയില്‍ ദീര്‍ഘകാലം ഇന്ത്യയുടെ നിര്‍ണായക ഊര്‍ജ്ജ-ഭൗമരാഷ്ട്രീയ പങ്കാളി ആയിരുന്ന ഒരു രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇപ്പോള്‍ അവര്‍ എത്തി നില്‍ക്കുന്നു.

കഴിഞ്ഞ ദിവസം വെനിസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടിച്ച് കൊണ്ടു പോയതും അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ കരുതലോടെയാണ് പ്രതികരിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് മാത്രമായിരുന്നു ഇന്ത്യയുടെ പ്രതികരണം. തങ്ങള്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യ പറഞ്ഞിരുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ നന്‍മയ്ക്കും സുരക്ഷയ്ക്കും പിന്തുണയും അറിയിച്ചു. ചര്‍ച്ചയിലൂട പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

മഡൂറോയെ അമേരിക്ക തടവിലാക്കിയതിന് പിന്നാലെ വൈസ് പ്രസിഡന്റ് റോഡ്രിഗസ് ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ വെനിസ്വേലിയന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി അവര്‍ അധികാരം ഏറ്റെടുത്തേ മതിയാകൂ എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ഭരണവും ദേശീയ പ്രതിരോധവും സംരക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

രാജ്യത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കായി സാഹചര്യങ്ങള്‍ പുനപരിശോധിച്ച് ശരിയായ നിയമ ചട്ടക്കൂട് രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രസിഡന്റിന്റെ നിര്‍ബന്ധിത അസാന്നിധ്യത്തില്‍ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷിതത്വവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. 1969 മെയ് പതിനെട്ടിന് ജനിച്ച ഡെല്‍സി ഇലോയ്ന റോഡ്രിഗസ് ഗോമസ് അഭിഭാഷക, നയതന്ത്രജ്ഞ, രാഷ്ട്രീയ നേതാവ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്.

2018 മുതല്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ്. ഹ്യൂഗോ ഷാവേസിന്റെയും മഡൂറോയുടെയും ഭരണകാലത്ത് പല നിര്‍ണായക പദവികളും വഹിച്ചിട്ടുണ്ട്. കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി 2013 മുതല്‍ 2014 വരെ പ്രവര്‍ത്തിച്ചു. വിദേശകാര്യമന്ത്രിയായി 2014-2017 വരെ ഉണ്ടായിരുന്നു. വെനിസ്വേലയുടെ ഭരണഘടന നിര്‍മ്മാണ സമിതിയുടെ അധ്യക്ഷയായി 2017 മുതല്‍ 2018 വരെയും പ്രവര്‍ത്തിച്ചു. 2024 മുതല്‍ പെട്രോളിയം മന്ത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

കൂടാതെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനിസ്വേലയുടെ ദേശീയ നേതൃത്വത്തിലെ അംഗമാണ് അവര്‍. മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അവരുടെ പങ്കിനെക്കുറിച്ചും യൂറോപ്യന്‍ യൂണിയന്‍, യുഎസ്, കാനഡ എന്നിവ അവരുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 നും 2023 നും ഇടയില്‍ അവരുടെ വൈസ് പ്രസിഡന്റ് സ്ഥാനം തര്‍ക്കത്തിലായിരുന്നു. മഡൂറോ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് റോഡ്രിഗസ് സ്റ്റേറ്റ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു.

മഡൂറോ കസ്റ്റഡിയില്‍ ആയതിനാല്‍ സുരക്ഷിതവും ഉചിതവും നീതിയുക്തവുമായ ഒരു മാറ്റം സാധ്യമാകുന്നതുവരെ വാഷിംഗ്ടണ്‍ വെനിസ്വേലയെ നയിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. റോഡ്രിഗസുമായി തന്റെ ഭരണകൂടം ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് യഥാര്‍ഥത്തില്‍ മറ്റ് മാര്‍ഗമൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയുമായി ഇടപഴകുന്ന വെനിസ്വേലന്‍ നേതാക്കളില്‍ ഒരാളാണ് റോഡ്രിഗസ്.

ഇന്ത്യ എനര്‍ജി വീക്ക് ഉള്‍പ്പെടെയുള്ള ന്യൂഡല്‍ഹിയിലെ പ്രധാന ഫോറങ്ങളിലേക്ക് വെനിസ്വേലന്‍ പ്രതിനിധികളെ അവര്‍ നയിച്ചു. ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതില്‍ അവര്‍ പ്രവര്‍ത്തിച്ചു. പ്രത്യേകിച്ച്, അവരുടെ നേതൃത്വത്തില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ സംയുക്ത പ്രവര്‍ത്തനവും പ്രൊഫഷണലുകളുടെ പരിശീലനവും ഉള്‍പ്പെടെ ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയിലെ കൈമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ഫെബ്രുവരിയില്‍ ഇന്ത്യയുമായി ഒരു ഡിജിറ്റല്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു.

നേരത്തെ 2023 ഓഗസ്റ്റില്‍ റോഡ്രിഗസ് 9-ാമത് സിഐഐ ഇന്ത്യഎല്‍എസി കോണ്‍ക്ലേവില്‍ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ഇന്ത്യ-ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ സാമ്പത്തിക ഉച്ചകോടി) പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലേക്ക് ഒരു വെനിസ്വേലന്‍ പ്രതിനിധി സംഘത്തെ നയിച്ചു. ഇന്ത്യയും വെനിസ്വേലയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. 

വ്യാപാരം, ഊര്‍ജ്ജം, മരുന്നുകള്‍, രാസവസ്തുക്കള്‍, വിശാലമായ സഹകരണം എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അവര്‍ കണ്ടുമുട്ടി. ബിസിനസ് സഹകരണത്തിന്റെ പ്രാധാന്യവും ആഗോള വിഷയങ്ങളില്‍ പങ്കിട്ട കാഴ്ചപ്പാടുകളും അവര്‍ അടിവരയിട്ടു.

2024 ഒക്ടോബറില്‍ അവര്‍ വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു, സാമ്പത്തിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, യോഗ, ആയുര്‍വേദത്തിന്റെ പ്രോത്സാഹനം തുടങ്ങിയ സാംസ്‌കാരിക വിനിമയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അന്നത്തെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖറുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ഒരു പ്രധാന ഊര്‍ജ്ജ ഉപഭോക്താവെന്ന നിലയില്‍ ഇന്ത്യയുടെ പാതയെക്കുറിച്ചും പരസ്പര പൂരകമായ തന്ത്രപരമായ ആസ്തിയായി വെനിസ്വേലയുടെ വലിയ എണ്ണ ശേഖരം അവര്‍ പരാമര്‍ശിച്ചു.

ഭാവിയില്‍ നമ്മുടെ തന്ത്രപരമായ ബന്ധങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ചര്‍ച്ച ചെയ്തു. വെനിസ്വേലയാണ് ഏറ്റവും വലിയ എണ്ണ ശേഖരമുള്ളത്. യുഎസ് ഉപരോധം ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയില്‍ വഹിക്കേണ്ട തന്ത്രപരമായ പങ്ക് ഏറ്റെടുക്കുന്നതിനായി രാഷ്ട്രം അതിന്റെ ഉല്‍പാദന പാത വീണ്ടെടുക്കുകയാണെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു. ഇന്ത്യ ഒരു സാമ്പത്തിക ശക്തികേന്ദ്രവും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയുമാണ്. ഒന്നോ രണ്ടോ പതിറ്റാണ്ടിനുള്ളില്‍, ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉപഭോക്താവായി ഇന്ത്യ മാറുമെന്നും അവര്‍ വ്യക്തമാക്കി.

ട്രംപ് ഭരണകൂടം എന്ത് തരത്തിലുള്ള മുന്‍കൈകളാണ് സ്വീകരിക്കുന്നതെന്ന് അവര്‍ നിരീക്ഷിക്കുകയും ചെയ്യുമെന്ന് റോഡ്രിഗസ് പറഞ്ഞു. റോഡ്രിഗസിന്റെ നേതൃത്വത്തില്‍ ഇന്ത്യ വെനിസ്വേല ബന്ധം എങ്ങനെയായിരിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സ് മേധാവിയും ലാറ്റിന്‍ അമേരിക്കന്‍ വിഗഗ്ദ്ധനുമായ ആഷ് നരെയ്ന്‍ റോയി ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. അവര്‍ കാര്യങ്ങള്‍ സുസ്ഥിരമാകുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്. ട്രംപ് ഭരണകൂടം കൈക്കൊള്ളുന്ന നടപടികളും നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഡ്രിഗസ് ഇന്ത്യയ്ക്ക് പരിചിതയാണെന്നത് ഒരു നല്ല കാര്യമാണ്. പെട്രോളിയം മന്ത്രാലയത്തിന്റെയും ഭരണഘടനാ സമിതിയുടെയും ചുമതലയുണ്ടായിരുന്ന ആളാണ് അവര്‍. നിലവില്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഡൂറോയുടെ പ്രധാന രാഷ്ട്രീയ എതിരാളിയും കഴിഞ്ഞ കൊല്ലത്തെ നൊബേല്‍ സമാധാന ജേതാവുമായ മരിയ കൊറിന മച്ചാഡോയുമായി ട്രംപ് കൈകോര്‍ത്തിട്ടില്ലെന്നും റോയ് ചൂണ്ടിക്കാട്ടി. കാരണം രാജ്യത്തിന് അകത്തും പുറത്തും അവര്‍ക്ക് ജനപ്രിയത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. അത് കൊണ്ട് തന്നെ സമവായ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ റോഡ്രിഗസ് തന്നെയാകും ട്രംപിനും അഭിമത. ഇന്ത്യയ്ക്കും അവര്‍ തന്നെയാണ് നല്ലതെന്നും റോയ് പറഞ്ഞു.

ഇതൊക്കെക്കൊണ്ടു തന്നെ റോഡ്രിഗസിന്റെ ഇടക്കാല പ്രസിഡന്റ് പദം ഇന്ത്യയ്ക്ക് തന്ത്രപരമായ ഒരു തുടര്‍ച്ച നല്‍കുമെന്നാണ് വിലയിരുത്തല്‍. വെനിസ്വേലയുമായുള്ള ബന്ധം ഇന്ത്യയുടെ വിദേശനയത്തിന് വലിയ ഒരു പരീക്ഷണകാലമായി മാറിയിരിക്കുകയാണ്.Delcy Rodriguez - India's familiar diplomatic partner

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam