തിരുവനന്തപുരം: മൂന്നാം ഊഴം കാത്തിരുന്ന സിപിഎമ്മിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്. എന്തുകൊണ്ട് ഇത്രവലിയ തിരിച്ചടി ഉണ്ടായി എന്ന് വിലയിരുത്തിയിരിക്കുകയാണ് സിപിഐഎം സംസ്ഥാന സമിതി.
ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നേതൃത്വം എടുത്ത തീരുമാനം ഉചിതമായിരുന്നില്ല. കേസിൽ പ്രതിയായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചെന്ന തോന്നൽ പൊതു സമൂഹത്തിനുണ്ടായി. ശബരിമല വിവാദത്തിലെ എല്ലാതരത്തിലുള്ള പ്രശ്‌നങ്ങളും പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു.
താഴേതട്ടിൽ വീടുകൾ കയറി ഇറങ്ങി വോട്ടു ചോദിക്കുമ്പോൾ ശബരിമലയിലെ പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം പാർട്ടി പ്രവർത്തകർക്ക് കേൾക്കേണ്ടിവന്നു. അതിന് ഉത്തരം പറയാൻ താഴേത്തട്ടിൽ പ്രവർത്തിച്ച സഖാക്കൾക്ക് കഴിഞ്ഞില്ലെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു.
അതേസമയം പ്രാദേശിക പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെയും സിപിഐഎം സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമുയർന്നു. സമൂഹമാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ സോഷ്യൽ മീഡിയ വിഭാഗം പരാജയപ്പെട്ടു. യുഡിഎഫിന്റെ സംവിധാനങ്ങളോട് കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡിഗാനം വൈറലാവുന്നത് പാർട്ടിക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നേരിടാൻ സൈബർ വിഭാഗത്തിനായില്ല. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനോ സമൂഹമാധ്യമ പ്രചാരണത്തിൽ മേൽക്കൈ നേടാനോ കഴിഞ്ഞില്ലെന്നുമാണ് വിമർശനം. സൈബർ പ്രചാരണത്തിൽ പുത്തൻ മാറ്റങ്ങൾ വേണമെന്ന നിർദേശവുമുണ്ട്.
ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടുവെന്നത് യാഥാർത്ഥ്യമാണെന്നും തിരിച്ചു പിടിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്‌നം നേരിടേണ്ടിവരുമെന്നും അംഗങ്ങൾ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
