അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ ഈ വർഷത്തെ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷവും ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ 21-ാമത് സ്ഥാനാരോഹണ വാർഷീകവും സംയുക്തമായി 2025 ജനുവരി 4-ാം തീയതി (ശനി) ഭദ്രാസനാസ്ഥാനത്തുവെച്ച് (ഓൾഡ് ടാപ്പൻ റോഡ്, ന്യൂജേഴ്‌സി), സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റേയും മോറാൻ ടിവിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുന്നു.
സമാധാനവും, സന്തോഷവും സുരക്ഷിതത്വവും വിദൂരസ്വപ്‌നമായി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തിയുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പ്രതീകമായ തിരുപിറവി 'മാനവികതക്ക് പുതിയൊരു മുഖഛായ പ്രദാനം ചെയ്യുകയാണ്'. 'അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സമാധാനം, ദൈവപ്രസാദമുള്ള മനുഷ്യർക്ക് നല്ല സംപ്രീതിയുമുണ്ടാകട്ടെയെന്ന്' സ്വർഗ്ഗീയ സന്ദേശത്തിനായി ലോകം ആശ്വാസത്തോടെ കാതോർക്കുന്നു.
ക്രിസ്തുവാഗ്ദാനം ചെയ്യുന്ന ശാശ്വത സമാധാനത്തിനായി യഥാർത്ഥ ക്രൈസ്തവ ദർശനം ഉൾക്കൊണ്ട്, ലോകമെമ്പാടും എല്ലാ നന്മകളും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ഏവർക്കും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായി അഭിവന്ദ്യ മെത്രാപോലീത്താ അറിയിച്ചു. ക്രിസ്തുമസ് ന്യൂഇയർ ആഘോഷത്തോടൊപ്പം തന്നെ ഭദ്രാസന മെത്രാപോലീത്തായുടെ 21-ാമത് സ്ഥാനാരോഹ വാർഷീകവും തദവസരത്തിൽ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
അദ്ധ്യാത്മീകതയുടെ വഴിത്താരയിലൂടെ കഴിഞ്ഞ 21 വർഷക്കാലം മലങ്കര സുറിയാനി ഓർത്തോഡ്ക്‌സ സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തെ വഴി നടത്തിയ ഇടയ ശ്രേഷ്ഠന്റെ കഴിഞ്ഞ കാലപ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ, അർപ്പണബോധവും, നിസ്തുല സഭാസേവനവും കാത്ത്‌സൂക്ഷിച്ച് സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളിൽ അണുവിട വ്യതിചലിക്കാതെ പുതിയ തലമുറയെ സത്യവിശ്വാസത്തിൽ നയിക്കുവാൻ അഹോരാത്രം ശ്രമിക്കുന്ന സ്‌നേഹനിധിയും അതിലേറെ വിനയാന്വതനുമായ ഒരു ആത്മീയ പിതാവിനെയാണ് അഭിവന്ദ്യ തീത്തോസ് മെത്രാപോലീത്തായിലൂടെ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്.
അഭിവന്ദ്യ തിരുമേനിക്ക് ഭദ്രാസന കൗൺസിലിന്റെ പേരിൽ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. തോമസ് പൂതിക്കോട് (403-307-4003), റവ. ഫാ. ജെറി ജേക്കബ് (845-519-9669), ജെയിംസ് ജോർജ് (973-985-8432), അബ്രഹാം പുതിശ്ശേരിൽ (516-209-8490).
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്