ജലജീവന്‍ മിഷനിന് തിരിച്ചടി; 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയില്‍

JANUARY 2, 2025, 7:36 PM

തിരുവനന്തപുരം: ജലജീവന്‍ മിഷനിലെ സാമ്പത്തിക പ്രതിന്ധി പരിഹരിക്കാന്‍ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കവും പ്രതിസന്ധിയില്‍. വിഹിതം കണ്ടെത്താന്‍ ജല അതോറിറ്റിയോ സര്‍ക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം. ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.

തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സര്‍ക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം. നബാര്‍ഡ്, ഹഡ്കോ, എല്‍.ഐ.സി എന്നിവയില്‍ നിന്നായിരുന്നു വായ്പ പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

44,714 കോടിയാണ് ജലജീവന്‍ മിഷന്റെ മൊത്തം ചെലവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായാണ് തുക അനുവദിക്കേണ്ടത്. പദ്ധതി കാലാവധി അവസാനിക്കാറായി. പകുതിയോളം പണികള്‍ പോലും ടെന്‍ന്‍ഡര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതിനാല്‍ 4000 കോടിയോളം രൂപ കരാറുകാര്‍ക്കും കിട്ടാനുണ്ട്.

നബാര്‍ഡില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വായ്പയെടുത്താല്‍ അഞ്ച് ശതമാനം പലിശയ്ക്ക് ലഭിക്കും. ജല അതോറിറ്റിയാണെങ്കില്‍ ഒന്‍പത് ശതമാനം വരെ നല്‍കണം. മറ്റ് ഏജന്‍സികളില്‍ 9-10 ശതമാനം വരെയാണ് പലിശനിരക്ക്. ഈ വായ്പ തിരിച്ചടയ്ക്കാന്‍ ജല അതോറിറ്റിയെക്കൊണ്ടുമാത്രം കഴിയില്ല. വായ്പ തിരിച്ചടവ് തുടങ്ങുമ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ 487 കോടിവരെ വേണ്ടിവരും. അല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് വായ്പയെടുക്കുകയോ ഗാരന്റി നല്‍കുകയോ വേണം.

വരും വര്‍ഷങ്ങളില്‍ ഇത് സര്‍ക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയെ ബാധിക്കും. ഇതിനെത്തുടര്‍ന്നാണ് കടമെടുക്കാനുള്ള നീക്കം ധനവകുപ്പ് മാറ്റിവെച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam