ചെന്നൈ: തമിഴ്നാട് എക്സ്പ്രസ് ട്രെയിനില്‍ സ്യൂട്ട്കേസിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട ഒഡീഷ സ്വദേശി ഹൈദൂന്‍ നിഷയുടെ (38) കൂടുതല്‍ ശരീരഭാഗങ്ങള്‍ ചെന്നൈ ഗുഡുവാഞ്ചേരിയിലെ വാടകവീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീന്‍ ലസ്കര്‍, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവര്‍ക്കായി പോലീസിന്റെ പ്രത്യേക സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ഗ്വാളിയോറില്‍ എത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ജനറല്‍ കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട സ്യൂട്ട്കേസ് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ കടലാസുകളില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. കടലാസിലെ ചെന്നൈ ലോഗോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ആഗ്ര പോലീസ് സംഘം ചെന്നൈയിലെത്തി, സിസിടിവി ദൃശ്യങ്ങളുടെയും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗുഡുവാഞ്ചേരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
ഗുഡുവാഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവന്നിരുന്ന നിഷയെ ദിവസങ്ങളായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മയും ലസ്കറുമായുള്ള അടുപ്പത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന് മാറി താമസിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ലസ്കറും ഭഗവതിയും താമസിച്ചിരുന്ന മോസ്ക് സ്ട്രീറ്റിലെ വാടകവീട്ടില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഒരു വലിയ പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ട്രെയിനില്‍ നിന്നും വാടകവീട്ടില്‍ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങള്‍ നിഷയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, പ്രതികള്‍ ശരീര ഭാഗങ്ങള്‍ പാകം ചെയ്യാന്‍ ശ്രമിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചു. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലൂടെ പ്രതികള്‍ സ്യൂട്ട്കേസ് ട്രെയിനിലേക്ക് തള്ളിക്കൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ വലയിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
