കേരളം രാഷ്ട്രീയബോധമുള്ള ഒരു സമൂഹമാണ്. സ്‌കൂളുകൾ, കോളേജുകൾ, ചായക്കടകൾ, നാട്ടുവഴികൾ എന്നിങ്ങനെ ഓരോ മുക്കിലും മൂലയിലും രാഷ്ട്രീയ ചർച്ചകൾ നടക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ ബോധമാണ് വർഷങ്ങളായി കേരളത്തെ സാമൂഹികമായി മുന്നോട്ടു കൊണ്ടുപോയതും. എന്നാൽ കാലാകാലങ്ങളായി വന്ന മാറ്റങ്ങളിൽ ചിലതിലേക്ക് നാം ശ്രദ്ധ തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
യുവാക്കളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പല വശങ്ങളെ പറ്റി തുറന്ന ചർച്ച ആവശ്യമായ കാലഘട്ടമാണിത്. പല യുവാക്കളും തൊഴിലും ജീവിതവും രൂപപ്പെടുന്നതിനു മുമ്പ് തന്നെ പൂർണ്ണ സമയം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു. രാഷ്ട്രീയം ഒരു തൊഴിൽ അല്ല, മറിച്ച് ഒരു സേവനമാണ് എന്ന വസ്തുത അവർ മറക്കുന്നു.
രാഷ്ട്രീയത്തിന്റെ ആത്മാവ് ജനസേവനം തന്നെയാണ്. പക്ഷേ, തൊഴിൽ ഇല്ലാതെ, സ്വന്തം ജീവിതത്തിന് അടിത്തറ ഇല്ലാതെ, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോൾ യുവാക്കൾക്ക് സംഭവിക്കുന്നത് വലിയ വീഴ്ചകളും നഷ്ടങ്ങളുമാണ്. പാർട്ടി ആശ്രിതത്വം, വ്യക്തിത്വ നഷ്ടം, സാമ്പത്തിക അസുരക്ഷ, നേതാക്കളോട് അന്ധമായ വിധേയത്വം, സ്വന്തം സ്വപ്‌നങ്ങളും കഴിവുകളും നഷ്ടപ്പെടുക എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇതിനെയൊക്കെ മുതലെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ യുവാക്കളിലേക്ക് അന്ധമായ ആത്മവിശ്വാസമാണ് നിറയ്ക്കുന്നത്.
ജീവിതത്തിന് അടിത്തറയും സ്വന്തമായൊരു തൊഴിലും എന്തുകൊണ്ട് വേണം എന്നതിന്റെ പ്രസക്തി യുവാക്കൾ തിരിച്ചറിയണം. തൊഴിൽ ഉള്ള ഒരു യുവാവിന് സാമ്പത്തിക സ്വാതന്ത്ര്യം, സ്വാഭിമാനം, സ്വന്തം നിലപാട് പറയാനുള്ള ധൈര്യം, ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യബോധം, ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനുള്ള കഴിവ് എന്നിവയൊക്കെ തനിയെ വന്നുചേരും. ഇങ്ങനെയുള്ളവർക്ക് നല്ല നേതാക്കളാകാനും സാധിക്കും. കാരണം, രാഷ്ട്രീയത്തിൽ ആശ്രിതരാകാതെ ജനങ്ങൾക്ക് വേണ്ടിയാണ് അവർ നിൽക്കുന്നത്.
ലോകം മാറ്റിമറിച്ച നേതാക്കളിൽ പലരും അഭിഭാഷകരും അധ്യാപകരും ഡോക്ടർമാരും എഴുത്തുകാരും വ്യവസായികളും ഒക്കെ ആയിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതപരിചയം ആണ് അവരുടെ നേതൃത്വശേഷിയെ വളർത്തിയത്. ജീവിതപരിചയമില്ലാതെ, സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ, ഒരാൾ നേതാവല്ല, ആജ്ഞാനുസരണക്കാരൻ മാത്രമാകും.
സമൂഹസേവനത്തിന് മുൻഗണന കൊടുക്കുന്ന യുവജന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നവീന ആശയങ്ങളും സ്റ്റാർട്ടപ്പുകളും അവർ പ്രോത്സാഹിപ്പിക്കണം. ക്ലാസ്‌റൂമും ചർച്ചകളും ആശയവിനിമയത്തിന്റെ കേന്ദ്രമാക്കുക, അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കുക എന്നതൊക്കെ വഴി പുതിയ ചരിത്രം കുറിക്കാൻ കേരളത്തിലെ യുവതലമുറയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല.
കേരളത്തിന്റെ ഭാവി യുവാക്കളുടെ കൈയിലാണ്. സ്വന്തം കാലിൽ നിന്നതിനു ശേഷം പൊതുജീവിതം സേവന മനോഭാവത്തോടെ സമീപിക്കുക. സ്വയം നിലകൊള്ളുന്നവർക്ക് മാത്രമേ മറ്റുള്ളവരെ ഉയർത്താൻ കഴിയൂ. രാഷ്ട്രീയം സേവനത്തിന്റെ വേദി ആയിരിക്കണം, ജീവിതത്തിൽ പരാജയപ്പെട്ടവർക്കുള്ള ഒളിവിടം ആകരുത്!
ജെയിംസ് കൂടൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
