കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ഹർജിയിലാണ് നടപടി.
ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ജി ഗീരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദേശം.
2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടതും, ഒക്ടോബർ 2-ന് അദ്ദേഹം മരണപ്പെട്ടതുമാണ് കേസിന് ആധാരം. മുമ്പ് സിബിഐ ഉൾപ്പെടെ വിവിധ ഏജൻസികൾ അന്വേഷിക്കുകയും സാധാരണ വാഹനാപകടം എന്ന നിലയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
കേസിൽ നേരത്തേ വാഹനം ഓടിച്ച അർജ്ജുനെ മാത്രമായിരുന്നു പ്രതി ചേർത്തത്. എന്നാൽ മരണത്തിൽ ചില ദൂരൂഹതകൾ ബാക്കിയാണെന്നും അതിൽ അന്വേഷണം നടന്നില്ലെന്നും കാണിച്ച് മാതാപിതാക്കൾ രംഗത്ത് വരികയായിരുന്നു.
സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന മാനേജർമാരും സഹായികളും പിന്നീട് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസിൽ കൂടുതൽ ദുരൂഹതകൾക്ക് വഴിവെച്ചു. ബാലഭാസ്ക്കർ അറിയാതെ വാഹനത്തിൽ സ്വർണ്ണക്കടത്ത് നടത്തിയിരുന്നോ എന്നാണ് സംശയം. ഇക്കാര്യത്തിൽ അന്വേഷണം നടന്നില്ലെന്നും ഇവർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കറാണെന്ന് ആരോപിച്ച് പിന്നീട് അർജ്ജുൻ രംഗത്ത് വരികയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
