ഹ്യൂസ്റ്റൺ: ലോക സമാധാനത്തിനായി ലോകത്തിലെ വിവിധ നഗരങ്ങളിൽ അയോദ്ധ്യാ ക്ഷേത്രങ്ങൾ ഉയരുകയാണ്. ടെക്സസിലെ ഹ്യൂസ്റ്റനിൽ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പെയർലാണ്ടിൽ ആയിരിക്കും അയോദ്ധ്യാ ക്ഷേത്രം ഉയരുക. ടെക്സസിൽ പെയർലൻഡിലെ പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ക്ഷേത്രം ഉയരുക. അതിനായിഅഞ്ചേക്കർ സ്ഥലം സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ നേരത്തെ തന്നെ വാങ്ങിയിരുന്നു.
നവംമ്പർ 23ന് ശനിയാഴ്ച രാവിലെ സെൻട്രൽ സമയം 9:30ന് സൂമിലായിരിക്കും ക്ഷേത്ര നിർമ്മാണ വിളംബരം ഔദ്യോഗികമായി ഉണ്ടാവുക. ആറ്റുകാൽ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാർത്ഥനയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങിന് സാക്ഷിയാകാൻ ചേങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമത്തിൽ നിന്നുമുളള സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ ചെയർമാൻ ശക്തി ശാന്താനന്ത മഹർഷിയോടൊപ്പം മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാർ എന്നിവർ സന്നിഹിതരായിരിക്കും.
കഴിഞ്ഞ വർഷം നവംബർ 23 കെ.എച്ച്.എൻ.എയുടെ ഭാഗമായി മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടന്നിരുന്നു. ഈ വർഷം നവംബർ 23ന് ക്ഷേത്ര നിർമ്മാണ വിളംബരത്തോടെ ക്ഷേത്രത്തിന്റെ പ്ലാനുകളും മറ്റും സിറ്റിക്കു സമർപ്പിക്കുന്നതും 2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠാകർമങ്ങൾ നടത്താനുമാണ് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഫൗണ്ടേഷൻ ഡയറക്ടർമാരായ ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള, ജയപ്രകാശ് നായർ, മാധവൻ നായർ, സുനിൽ നായർ, വിശ്വനാഥൻ പിള്ള, രവി വള്ളത്തേരി, ഡോ. ബിജു പിള്ള എന്നിവർ അറിയിച്ചു.
വിശ്വാസികൾക്ക് തങ്ങളുടെ കേരളത്തിലെ കുടുംബ ക്ഷേത്രത്തിൽ നിന്നോ ഭരദേവതാ ക്ഷേത്രത്തിൽ നിന്നോ ഒരുപിടി മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ ലയിപ്പിക്കാനും ഒപ്പം ഈ ക്ഷേത്രം തങ്ങളുടെ കുടുംബ ക്ഷേത്രമാക്കി മാറ്റാനും അപൂർവ്വമായ അവസരമുണ്ടാക്കുമെന്ന് ക്ഷേത്ര സമിതി കോർഡിനേറ്റർ രഞ്ജിത് പിള്ള പറഞ്ഞു. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ തകിടിൽ ആലേഖനം ചെയ്ത് ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രവും അവിടെ ഉയരുന്ന ഹനുമാൻ പ്രതിഷ്ഠയും അമേരിക്കയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ധാരാളം പ്രത്യേകതകളാലുള്ളതായിരിക്കുമെന്നും രഞ്ജിത് അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 23ന് നടക്കുന്ന സൂം മീറ്ററിംഗിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരോടൊപ്പം ഭാഗമാകാൻ ഭക്തജനങ്ങളോട് രഞ്ജിത്ത് അഭ്യർത്ഥിച്ചു
അനിൽ ആറന്മുള
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്