ന്യൂയോർക്ക്: സേവനരംഗത്തും കലാസാംസ്കാരികസാമൂഹിക രംഗങ്ങളിലും സമാനതകളില്ലാത്ത അംഗീകാരങ്ങൾ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ എന്ന സണ്ണി നൈനാൻ ഫോമാ എമ്പയർ റീജിയന്റെ റീജീയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്നു. ഫോമാ നാഷണൽ കമ്മിറ്റി അംഗമായി രണ്ടുവട്ടം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സംഘാടന മികവിന്റെ സുതാര്യതയോടെയാണ് ജനവിധി തേടുന്നത്.
ഫോമയ്ക്കുവേണ്ടി പ്രവർത്തിക്കാൻ അധികാരത്തിന്റെ ആവശ്യമില്ല എന്ന് തെളിയിച്ച സണ്ണി കല്ലൂപ്പാറ ഫോമാ എന്ന ഈടുറ്റ ജനകീയ പ്രസ്ഥാനത്തിനുവേണ്ടി ഇതുവരെ ചെയ്യാൻ സാധിച്ച എന്റെ എളിയ സേവനങ്ങളെ വിലയിരുത്തിയാണ് പ്രിയപ്പെട്ട എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കുന്നത്.
സിനിമനാടകസീരിയൽ നടനും രചയിതാവും മാധ്യമ പ്രവർത്തകനുമെന്ന നിലയിൽ ബഹുമുഖ വ്യക്തിത്വത്തിനുടമയായ സണ്ണി കല്ലൂപ്പാറയുടെ ജനപക്ഷമുഖമാണ്, 1984ൽ അമേരിക്കയിലെത്തിയ അദ്ദേഹത്തെ ഏവർക്കും സ്വീകാര്യനാക്കുന്നത്. അമേരിക്കൻ മലയാളികളുടെ ആശയും അഭിനിവേശവുമായ ഫോമായുടെ ഇതുവരെയുള്ള മിക്കവാറും കൺവൻഷനുകളുടെ മൂന്നും നാലും കമ്മിറ്റികളിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്. അവയുടെയൊക്കെ ചരിത്ര വിജയത്തിന് പിന്നിലെ ഇദ്ദേഹത്തിന്റെ ക്രിയാത്മക പങ്കാളിത്തത്തെപ്പറ്റി ഫോമായുടെ മുൻകാല നേതാക്കൾക്കും അറിയാവുന്നതാണ്.
സ്കൂൾ, കോളേജ്, ഇന്റർ കോളേജ് നാടക മത്സരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ സണ്ണി കല്ലൂപ്പാറ, അഖില കേരള ബാലജനസഖ്യം കലാ പ്രതിഭ പട്ടം അലങ്കരിച്ചിട്ടുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം കലാസാംസ്കാരികസാമൂഹികസംഘടനാ തലങ്ങളിൽ സജീവമായി. നിലവിൽ മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാൻഡ് കൗണ്ടിയുടെ (മാർക്) പ്രസിഡന്റാണ്.
ഫോമായുടെ എമ്പയർ റീജിയൻ ട്രഷററുമായിരുന്നു. ഫോമാ ഷിക്കാഗോ കൺവൻഷനിൽ നാടക മത്സരത്തിന്റെ ചെയർ പേഴ്സൺ ഉൾപ്പെടെ നാല് കമ്മറ്റികളിൽ പ്രവർത്തിച്ചു. ഫിലാഡൽഫിയ കൺവൻഷനിലെ കോ -ഓഡിനേറ്ററായും തിളങ്ങി. ഫോമാ ഷിക്കാഗോ കൺവൻഷൻ ബെസ്റ്റ് കപ്പിൾ മൽരത്തിന്റെ ജഡ്ജായിരുന്നു. ഫ്ളോറിഡാ കൺവൻഷനിലെ നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 'ആരും പറയാത്ത കഥ' എന്ന നാടകത്തിലെ അഭിനയ മികവിനായിരുന്നു ഈ അംഗീകാരം.
ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് (യോങ്കേഴ്സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോർത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പർ, നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സഭയുടെ നോർത്ത് അമേരിക്കയൂറോപ്പ് അസംബ്ലി അംഗമായിരുന്നു.
ന്യൂയോർക്കിലെ ക്രോമലോയിയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന സണ്ണി തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും അഭിനയത്തെ നെഞ്ചോട് ചേർക്കുന്ന തികഞ്ഞ കലാകാരനാണ്. അപ്പൂപ്പപന് 100 വയസ്, നന്മകൾ പൂക്കും കാലം, പ്രവാസി തുടങ്ങി 200ൽ അധികം വേദികൾ പിന്നിട്ട ഇരുപതിലധികം പ്രൊഫഷണൽ നാടകങ്ങളിലൂടെ ഒട്ടനവധി ജനസദസുകളിൽ ഇന്നും സജീവമായി നാടകങ്ങൾ അവതരിപ്പിച്ചു വരുന്നു.
ഫിലഡൽഫിയയിലെ മാനുഷി നാടകോത്സവത്തിൽ വ്യുവേഴ്സ് ചോയിസ് ബെസ്റ്റ് ആക്ടറായി. വെസ്റ്റ്ചെസ്റ്ററിലെ യൂണിഫെസ്റ്റ് 91ൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടൺ ഡി.സിയിൽ നടന്ന ഇന്റർനാഷണൽ ഫിലിംഫെസ്റ്റ് വേദിയിൽ നിന്ന് ബെസ്റ്റ് ആക്ടർ അവാർഡും സ്വന്തമാക്കി.
പ്രവാസി, അക്കരക്കാഴ്ച, അവർക്കൊപ്പം, ലോക്ക്ഡ് ഇൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കൂടാതെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ ജനപ്രിയ പരമ്പരകളായ മനസ്സറിയാതെ, വേളാങ്കണ്ണിമാതാവ്, ഞങ്ങൾ സന്തുഷ്ടരാണ്, കുങ്കുമപ്പൂവ്, അൽഫോൺസാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം, ഇത് രുദ്രവീണ, പ്രവാസി, ഗ്രീൻകാർഡ്, ഫെയ്സ് ബുക്ക് ജോപ്പൻ, തുടങ്ങിയ പത്തിൽ അധികം സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ലോക്ക്ഡ് ഇൻ ആണ് ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.
അമേരിക്കൻ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയുമായാണ് സണ്ണി കല്ലൂപ്പാറ ജൈത്രയാത്ര തുടരുന്നത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് സീരിയൽ 'ഫെയ്സ്ബുക്ക് ജോപ്പ'നിലെ മുഴുനീള കഥാപാത്രമായ ജോപ്പനും 'നാടൻ വൈബ്സി'ലെ വർക്കിയും 'കപ്പ ആന്റ് ക്രൊയ്സാന്റ്സി'ലെ ചാക്കോയും അരങ്ങ് തകർത്താടിയവയാണ്. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഈ വ്യത്യസ്ത മുഖങ്ങളെ തൻമയത്വത്തോടെ സണ്ണി കല്ലൂപ്പാറ അവതരിപ്പിക്കുമ്പോൾ അവർ സ്വാഭാവിക വ്യക്തികളായി മാറുന്നു.
തിരുവല്ലയ്ക്കു സമീപം കല്ലൂപ്പാറ പേരാലുംമൂട്ടിൽ കുടുംബാംഗമായ സണ്ണി നൈനാൻ കർമ്മ ഭൂമിയിലെ തന്റെ സംഘടനാ പ്രവർത്തനങ്ങൾക്കും കലാ ജീവിതത്തിനും കൈത്താങ്ങായി നിന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. നാളിതുവരെയുള്ള തന്റെ കലാ സപര്യയിലൂടെ നേടിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സണ്ണി കല്ലൂപ്പാറ വിനിയോഗിച്ചത്. ഇനിയും ആ സഹജീവി സ്നേഹത്തിന്റെ പാത പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പെമോണയിൽ നേഴ്സ് മാനേജരായിരുന്ന ജെസി ആണ് സണ്ണി കല്ലൂപ്പാറയുടെ ഭാര്യ. ഇപ്പോൾ റോക്ക്ലാൻഡ് സൈക്യാട്രി സെന്ററിൽ ജോലി ചെയ്യുന്ന ജെസിക്ക് കൊറോണക്കാലത്തെ സേവനങ്ങൾ മാനിച്ച് ന്യൂയോർക്ക് സ്റ്റേറ്റിലെ ഏറ്റവും മികച്ച നേഴ്സിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളായ ജെയ്സൺ, ജോർഡൻ, ജാസ്മിൻ എന്നിവർ മക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
