ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വരെ നീട്ടാനുള്ള റെയിൽവേ ബോർഡിന്റെ നീക്കത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യാത്രാ സംഘടനകൾ.
നിലവിൽ തന്നെ മണിക്കൂറുകളോളം വൈകിയോടുന്ന ഈ ട്രെയിൻ തിരുവനന്തപുരത്തേക്ക് നീട്ടുന്നത് പിറ്റേന്നത്തെ സർവീസുകളെ ബാധിക്കുമെന്നാണ് യാത്രക്കാരുടെ പരാതി. ആലപ്പുഴയിൽ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ഈ തീവണ്ടിയെ ആശ്രയിച്ച് ദിനംപ്രതി പഠനാവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കുമായി എറണാകുളം, തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് നൂറുകണക്കിന് യാത്രക്കാരാണ് സഞ്ചരിക്കുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ 81 ദിവസവും ധൻബാദ് എക്സ്പ്രസ് ഒരു മണിക്കൂറിലധികം വൈകിയാണ് ആലപ്പുഴയിൽ എത്തിയത്. തിരുവനന്തപുരം വരെ സർവീസ് നീട്ടിയാൽ താമസിച്ചെത്തുന്ന ദിവസങ്ങളിൽ കൃത്യസമയത്ത് അറ്റകുറ്റപ്പണികളും ശുചീകരണവും പൂർത്തിയാക്കി പിറ്റേ ദിവസത്തെ സർവീസ് സമയബന്ധിതമായി ആരംഭിക്കാൻ കഴിയില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരത്തേക്ക് നീട്ടുന്നതോടെ നേത്രാവതി എക്സ്പ്രസിന്റെ സമയക്രമവുമായി ഇത് ഒത്തുപോകാൻ സാധ്യതയുള്ളതിനാൽ തീരദേശപാതയിലെ ട്രെയിൻ ഇടവേളകൾക്ക് പരിഹാരമാകില്ലെന്നും ആരോപണമുണ്ട്.
ധൻബാദ് എക്സ്പ്രസ് നീട്ടുന്നതിന് പകരം നിലവിൽ എറണാകുളത്ത് ദീർഘനേരം നിർത്തിയിടുന്ന ടാറ്റാ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൂടാതെ സർവീസ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ കോച്ചിങ് ഡിപ്പോയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള നാല്പതോളം ജീവനക്കാരുടെ തൊഴിലിനെ അത് ഭീഷണിയിലാക്കുമെന്നും ആശങ്കയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
