സാംജീവ് (സാം) അയച്ചു തന്ന 'കഥ പറയുന്ന കല്ലുകൾ ' എന്ന ഗ്രീസ് സഞ്ചാരസാഹിത്യ കൃതി കിട്ടിയപ്പോൾ സന്തോഷം തോന്നി. കാരണം ഗ്രീസിൽ ഞാൻ ഒരു അമേരിക്കൻ കമ്പനിക്കു വേണ്ടി കുറച്ചുകാലം 45 കൊല്ലം മുമ്പ് ജോലി ചെയ്തിരുന്നു. ആ കാലയളവിൽ സഹപ്രവർത്തകരുമായി ചില സായാഹ്നങ്ങളിൽ ഗ്രീസിന്റെ തലസ്ഥാന നഗരമായ ആതൻസി (അഥീന)ൽ പോകും. ഇടയ്‌ക്കൊക്കെ അഥീനയിലെ നൈറ്റ് ലൈഫിലും വൈൻ ഫെസ്റ്റിവലിലും 'ഊസോ' പാർട്ടിയിലും പങ്കെടുക്കും. വല്ലപ്പോഴും ചരിത്രി മയങ്ങുന്ന അക്രോപോളീസും പരിസരപ്രദേശവും സന്ദർശിക്കും.
ഗ്രീസിന് ഇന്ത്യയുടെ പുരാതന സംസ്‌കാരവും പുരാണങ്ങളും സിദ്ധാന്തങ്ങളുമായി ഏറെ സാമ്യമുണ്ടെന്നാണ് എന്റെ അറിവ്.
'കഥ പറയുന്ന കല്ലുകൾ ' സാമിന്റെ രണ്ടാമത്തെ കൃതിയാണ്. സാമും കുടുംബവും 'പൗലോസിന്റെ കാൽചുവടുകളിലൂടെ' എന്ന 37 പേരടങ്ങുന്ന യാത്രാസംഘവും കൂടി 2018 സെപ്തംബറിൽ ന്യൂയോർക്കിൽ നിന്ന് പത്തുദിവസത്തെ ഗ്രീസ് തുർക്കി സന്ദർശനത്തിനു ആതൻസിലേക്കു വരുന്നു.
ആതൻസിൽ നിന്ന് സാമും സംഘവും ബസ് വഴി ക്രിസ്തുവിനു മുമ്പ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രധാനമായ കോറിന്തിലെത്തുന്നു. സമ്പത്ത്, വ്യാപാരം, ആഡംബരം, ജീവിതശൈലി എല്ലാം കൊണ്ടും കോറീന്ത് അഥീനയോട് കിടപിടിക്കുന്ന ഒരു വിഖ്യാതനഗരരാഷ്ട്രമായിരുന്നു. അഥീനയുടെയും സ്പാർട്ടയുടെയും ഇടയിലാണ് കോറിന്ത്. ഇടപ്രഭുക്കന്മാരും നാടുവാഴികളും ഭരിച്ചിരുന്ന കോറിന്തിലെ ജനത ഗ്രീക്കുകാരും റോമക്കാരും യഹൂദരുമായിരുന്നു.
കോറിന്തിലെ കൗതുകക്കാഴ്ച ബി.സി. 560ൽ ചുണ്ണാമ്പുകല്ലുകളിൽ നിർമ്മിച്ച അപ്പോളോ ക്ഷേത്രാവശിഷ്ടങ്ങളും ഭീമാകാരമായ ഏഴ് തൂണുകളുമാണ്. അവിടത്തെ ഓരോ കല്ലും കഴിഞ്ഞുപോയ കാലത്തിന്റെ ചരിത്രകഥകളും യവനനാഗരികതയും വിളിച്ചുപറയുന്നു. ബി.സി.431 - 404 വരെയുള്ള പല യുദ്ധങ്ങളിലും കോറിന്തിനു പങ്കാളിത്തമുണ്ടായിരുന്നു. ബി.സി.332ൽ അലക്‌സാണ്ടർ ചക്രവർത്തി കോറിന്ത് പിടിച്ചടക്കി.
ബി.സി.44ൽ ഇന്നത്തെ സുപ്രീംകോടതിക്കു തുല്യമായ ന്യായാധിപസ്ഥാനം ബീമാ എന്ന പേരിൽ കോറിന്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. പുരാതന കോറിന്തിനെ സംരക്ഷിച്ചിരുന്ന ഒരു ശിലാശൃംഗമായിരുന്നു അക്രോകോറിന്ത്. ഇവിടെ സ്ഥിതിചെയ്തിരുന്ന അഫ്രൊഡേറ്റി എന്ന ഗ്രീക്ക് കാമദേവതാക്ഷേത്രത്തിൽ രണ്ടായിരത്തോളം ദേവദാസികളായ അഭിസാരികമാരുണ്ടായിരുന്നു. പിന്നീട് എ.ഡി 51ൽ, കോറിന്ത് സഭയുടെ സ്ഥാപകനായ അപ്പോസ്തലൻ പൗലോസ് അധാർമ്മിക ജീവിതം നയിച്ചിരുന്ന കോറിന്ത്യൻ നിവാസികളോട് സന്മാർഗത്തിൽ ജീവിക്കണമെന്ന് നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു.
സഞ്ചാരികളുടെ മുഖ്യ ആകർഷണം അക്രോകൊറിന്തിലെ കോട്ടകൊത്തളങ്ങളാണ്. അക്രോപോളീസിൽ പാർത്ഥിനോൺ, എറിക്തിയോൺ, അഥീന നൈക്കി എന്നീ മൂന്നു ക്ഷേത്രസമുച്ചയങ്ങളുണ്ട്. ഗ്രീക്ക് ദേവതയായ അഥീനയുടെ ക്ഷേത്രമാണ് പാർത്ഥിനോൺ. ഈ ക്ഷേത്രം പേർഷ്യക്കാരുമായുള്ള യുദ്ധത്തിന്റെ വിജയസ്മാരകമാണ്. പാർത്ഥിനോൺ ജനാധിപത്യത്തിന്റെയും യൂറോപ്യൻ നാഗരികതയുടെയും യവനസംസ്‌കാരത്തിന്റെയും തത്വജ്ഞാനത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയുമൊക്കെ സ്മരണ നിലനിർത്തുന്നു.
റോമാക്കാർ ചൊവ്വഗിരി എന്നു പേരുവിളിച്ച അരയക്കുന്നിലാണ് അഥീനയിലെ ഉയർന്ന കോടതി സമ്മേളിച്ചിരുന്നത്. ഓരോ മാസവും ലക്ഷക്കണക്കിനാളുകൾ പാർത്ഥിനോൺ സന്ദർശിക്കുന്നു.
ആറാം നൂറ്റാണ്ടിൽ പാർത്ഥിനോൺ ഒരു ക്രൈസ്തവദേവാലയമായി മാറ്റപ്പെട്ടു. തുർക്കികൾ അഥീന പിടിച്ചടക്കിയതോടെ പാർത്ഥിനോൺ ഒരു മുസ്ലിം ദേവാലയമാക്കി. 1687ൽ ഈ ക്ഷേത്രം തകർന്നെങ്കിലും അതിലെ ശിലകളും ശില്പങ്ങളും ഏൽക്കിൻ പ്രഭു ബ്രിട്ടനിലേക്കു കടത്തിക്കൊണ്ടുപോയി.
സാമും യാത്രാസംഘവും അഥീനയിൽ നിന്ന് ബൈബിളിൽ രേഖപ്പെടുത്തിയ അതിസുന്ദരനഗരമായ, മാസിഡോണിയയുടെ തലസ്ഥാനമായ തെസ്സലോനിക്കിലേക്ക് തിരിച്ചു. അഥീന കഴിഞ്ഞാൽ ഗ്രീസിലെ ഏറ്റവും വലിയ പട്ടണമാണിത്. ബി.സി 315ൽ അലക്‌സാണ്ടർ ചക്രവർത്തിയുടെ സേനാനായകനാണ് തെസ്സലോനിക്കി സ്ഥാപിച്ചത്.
മഹാനായ അലക്‌സാണ്ടറുടെ മരണത്തിനു മൂന്നാണ്ടുകൾക്കുശേഷം സൗമ്യനായ പൗലോസ് അപ്പോസ്തലൻ മൂന്നാമൻ എ.ഡി 50ൽ ഗ്രീസിലെത്തി. അക്കാലത്ത് അദ്ദേഹം ക്രിസ്തീയമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രണ്ടു ലേഖനങ്ങൾ എഴുതി, ക്രിസ്തുമതത്തെ യൂറോപ്പിനു പരിചയപ്പെടുത്തി.
തെസ്സലോനിക്കി 1430 മുതൽ അഞ്ചു നൂറ്റാണ്ടുകൾ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഉരുക്കുമുഷ്ടിയിലമർന്നു. ബാൾക്കൻ യുദ്ധഫലമായിട്ടാണ് തുർക്കികളുടെ ആധിപത്യം യൂറോപ്പിൽ നിന്നും അപ്രത്യക്ഷമായത്.
സാമും സംഘവും തെസ്സലോനിക്കിയിൽ നിന്ന് ബരോവയിലെത്തി. മാസിഡോണിയയിലാണ് ഉത്തരഗ്രീസിലെ പുരാതനനഗരമായ വിറിയ എന്ന ബരോവ. ബരോവ യൂറോപ്പിൽ ക്രിസ്തുമതത്തിന്റെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നായിരുന്നു. അലക്‌സാണ്ടർ ചക്രവർത്തിയുടെ മരണശേഷം ബി.സി 168ൽ ബരോവ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നിരുന്നു.
AD 1941ൽ ഗ്രീസ് നാസി ജർമനിയുടെ അധീനതയിലായി. തുടർന്നു നാസികൾ മാസിഡോണിയയിൽ നിലനിന്നിരുന്ന യഹൂദകുടുംബങ്ങളെ അപ്രത്യക്ഷമാക്കി.
ഗ്രീസിലെ ചരിത്രപ്രധാനങ്ങളായ സ്ഥലങ്ങളാണ് കാവാലയും ഫിലിപ്പിയും. ഉത്തരഗ്രീസിലെ സമുദ്രനഗരമായ കാവാലയെ 'ഈജിയൻ കടലിന്റെ റാണി' എന്ന് വിളിക്കപ്പെട്ടിരുന്നു. മലയാളം ബൈബിളിൽ ഈ സ്ഥലത്തെ നവപ്പൊലി എന്ന് പറയുന്നു. ബി.സി.350 ൽ മാസിഡോണിയൻ രാജാവും അലക്‌സാണ്ടർ ചക്രവർത്തിയുടെ പിതാവുമായ ഫിലിപ്പ് രണ്ടാമൻ നവപ്പൊലി പിടിച്ചടക്കി വലിയൊരു തുറമുഖമാക്കി.
ബി.സി.42ൽ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ആഭ്യന്തരസമരമായിരുന്നു ഫിലിപ്പി യുദ്ധം. റോമൻ സെനറ്റർമാർ ആയിരുന്ന ബ്രൂട്ടസും കാഷ്യസും ചേർന്നാണ് റോമൻ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറിന്റെ വധം ആസൂത്രണം ചെയ്തത്. റോമൻ സൈന്യത്തിന്റെ നേതാക്കന്മാരായിരുന്ന മാർക്ക് ആന്റണിയും ഒക്‌റ്റേവിയനും ഒരുവശത്തും ബ്രൂട്ടസും കാഷ്യസും മറുവശത്തുമായിരുന്നു. ലോകചരിത്രത്തെ സ്വാധീനിച്ച ഫിലിപ്പിയുദ്ധത്തിൽ നാല്പതിനായിരം സൈനികർ വധിക്കപ്പെട്ടു.
മാർക്ക് ആന്റണിയും ഒക്‌റ്റേവിയനും യുദ്ധത്തിൽ വിജയിച്ചു. ഒക്‌റ്റേവിയൻ പിന്നീട് അഗസ്റ്റസ് സീസർ എന്ന നാമധേയത്തിൽ ആദ്യ റോമൻ ചക്രവർത്തിയായി. അഗസ്റ്റസ് സീസറിന്റെ കാലത്താണ് യേശു ഭൂജാതനായത്.
കാവാലയ്ക്ക് പടിഞ്ഞാറായിട്ടാണ് പുരാതന ഫിലിപ്പി നഗരം. ഫിലിപ്പി ഇന്ന് ഐക്യരാഷ്ട്രസഭയുടെ ചരിത്രസ്മാരക പ്രദേശമാണ്. അവിടെയുള്ള മറ്റൊരു ശ്രദ്ധാകേന്ദ്രമാണ് പുരാതനമായ ആംഫിതിയേറ്റർ. ക്രിസ്തുമതം യൂറോപ്പിലേക്കു പ്രവേശിക്കുന്നത് ഫിലിപ്പി എന്ന കവാടത്തിലൂടെയാണ്.
ബൈബിളിൽ ലുദിയ എന്ന സ്ത്രീയെപ്പറ്റി പറയുന്നുണ്ട്. അവർ സ്‌നാനപ്പെട്ട സ്ഥലത്തു ഒരു ചാപ്പൽ നിർമ്മിച്ചു. അവിടെ വിശ്വാസികൾ കുഞ്ഞുങ്ങളെ സ്‌നാനപ്പെടുത്താൻ കൊണ്ടുവരാറുണ്ട്. സാം ലുദിയ പള്ളി സന്ദർശിച്ചപ്പോൾ, അദ്ദേഹം ഒരു പുരോഹിതനാണെന്ന് ധരിച്ചു ഒരു റഷ്യൻ അമ്മ അവളുടെ കൈക്കുഞ്ഞിനെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടു. സാം മലയാളത്തിൽ ഒരു പ്രാർത്ഥന ചൊല്ലി കുഞ്ഞിനെ അനുഗ്രഹിച്ചു. അമ്മയ്ക്ക് തൃപ്തിയായി.
സാമും സംഘവും കവാലയിൽ നിന്ന് ബസ് മാർഗ്ഗം തുർക്കിയിലേക്കു തിരിച്ചു. തുർക്കിയിൽ പ്രവേശിക്കുന്നതിനു വേറെ വിസ വേണം; വേറെ ബസ്സും വേണം. തുർക്കിയുടെ ചന്ദ്രക്കലയും നക്ഷത്രവുമുള്ള ചുവന്ന പതാക സാമിനെ സ്വാഗതം ചെയ്തു.
തുർക്കിയിൽ അവർ എത്തുന്നത് ച്ഛനക്കാലിയിലാണ്. അവിടെ ഹോമറിന്റെ ഇതിഹാസഗ്രന്ഥത്തിലെ കഥാപാത്രമായ, ഭീമാകാരമായ ഒരു കറുത്ത കുതിര അവരെ സ്വീകരിച്ചു. രാമായണകഥയോട് പല സാമ്യമുള്ള കഥയാണ് ഹോമറിന്റെ ഇലിയഡ്. ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതിയാണിത്. കവിതാരൂപത്തിലുള്ള ഇതിന്റെ ഇതിവൃത്തം ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടിലാണ് ഇലിയഡ് രചിക്കപ്പെട്ടത്.
തുടർന്നു സാം തുർക്കിയുടെയും ബൈബിളിന്റെയും യേശുവിന്റെ ശിഷ്യനായ യോഹന്നാനേയും പറ്റി ഈ പുസ്തത്തിൽ വളരെ ലളിതമായും വിജ്ഞാനപ്രദമായും വിശദമായും പറയുന്നു. ആ വിജ്ഞാനം സഞ്ചാരികൾക്ക് വഴികാട്ടിയാണ്.
അബ്ദുൾ പുന്നയൂർക്കുളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
