ആലപ്പുഴ: കഞ്ചാവ് കടത്തിയെന്ന സംശയത്തിന്റെ പേരിൽ വീയപുരം പൊലീസ് ബിരുദ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുവാവും കുടുംബവും രംഗത്ത്. മർദനത്തെ തുടർന്ന് രക്തം ഛർദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് പരാതി. മുഹമ്മദ് യാസിൻ (20) ആണ് പൊലീസിനെതിരെ പരാതി നൽകിയത്.
എന്നാൽ, അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയ കാർ കസ്റ്റഡിയിലെടുത്തതിലുള്ള വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് വീയപുരം പൊലീസ് പ്രതികരിച്ചു. സംഭവസമയത്ത് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഈ മാസം 25-നാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോയെന്നാരോപിച്ച് പിന്തുടർന്ന് പിടികൂടി മർദിച്ചെന്നാണ് യാസിന്റെ പരാതി. പൊലീസ് കൈകാണിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, പിന്നീട് സ്റ്റേഷനിൽ ഹാജരാകാൻ വിളിച്ചപ്പോൾ അവിടേക്ക് പോകുന്നതിനിടെയാണ് വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവസമയത്ത് വഴിയിൽ കണ്ട സുഹൃത്തായ അശ്വിന് ലിഫ്റ്റ് നൽകിയിരുന്നുവെന്ന് യാസിൻ സമ്മതിക്കുന്നുണ്ട്. അശ്വിൻ മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടയാളാണെന്നാണ് പൊലീസിന്റെ വാദം. സംഭവദിവസം അശ്വിൻ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അശ്വിനെതിരെ മുമ്പ് കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് യാസിന്റെ വിശദീകരണം.
അനധികൃത മോഡിഫിക്കേഷൻ നടത്തിയതും അശ്രദ്ധമായി വാഹനമോടിച്ചതുമാണ് യാസിന്റെ കാർ കസ്റ്റഡിയിലെടുക്കാൻ കാരണമായതെന്ന് പൊലീസ് പറയുന്നു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ലഹരി ഉപയോഗിച്ചതിന്റെ തെളിവൊന്നും കണ്ടെത്താനായില്ല. കാറിൽ നിന്ന് കഞ്ചാവോ മറ്റ് ലഹരി വസ്തുക്കളോ പിടിച്ചെടുത്തിട്ടില്ലെന്നും വിവരമുണ്ട്.
മർദനത്തിൽ ഉണ്ടായ ശാരീരിക പരിക്കുകളേക്കാൾ, കഞ്ചാവ് കടത്താൻ ശ്രമിച്ചെന്ന പ്രചാരണം തന്നെ മാനസികമായി തകർത്തുവെന്നാണ് യാസിൻ പറയുന്നത്. മകന് നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനം ചൂണ്ടിക്കാട്ടി യാസിന്റെ പിതാവ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
