ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)യെ അറിയിച്ചു. താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണ് എന്ന് കരുതിയതായും യുവതി മൊഴി നൽകി.
എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുന്നതിനിടെയാണ് ഇതര സംസ്ഥാനക്കാരനായ ഒരു യുവാവുമായി പരിചയവും അടുപ്പവും ഉണ്ടായതെന്ന് യുവതി പറഞ്ഞു. എന്നാൽ അടുത്തകാലത്തായി അയാളുമായി ബന്ധമില്ലെന്നും, താൻ ഗർഭിണിയായതും പ്രസവിച്ചതുമൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി വ്യക്തമാക്കി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ അധികൃതർ സന്ദർശിച്ചപ്പോഴായിരുന്നു മൊഴി നൽകിയത്.
വയറ്റിലെ അസുഖത്തിനായി വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും, അതാണ് കഴിക്കുന്നതെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. യുവതിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി യുവതി വീട്ടിലായിരുന്നു താമസം.
യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും. അവിടെ 60 ദിവസം കുഞ്ഞിനെ പരിചരിക്കും. ഈ കാലയളവിൽ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ അവസരമുണ്ടാകും. സമയപരിധി കഴിഞ്ഞാൽ ശിശുക്ഷേമ സമിതി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കും. പിന്നീട് അമ്മയ്ക്ക് അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു. ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി ജീവനക്കാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 19-കാരി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നവജാത ശിശുവിനെ ജനൽവഴി പുറത്തേക്കെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്ക് പിന്നിൽ നിന്ന് പെൺകുഞ്ഞിനെ ആശുപത്രി ജീവനക്കാർ കണ്ടെത്തിയത്. അടിയന്തര ചികിത്സ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പൂർണ വളർച്ചയെത്തിയ കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
