തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങി സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗങ്ങൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്ത് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ആലോചന.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമോയെന്ന കാര്യത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ നടക്കുന്ന വിലയിരുത്തലുകളും നേതൃചർച്ചകളും നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാങ്കേതിക തടസങ്ങൾ വലിയ പ്രശ്നമല്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് എൽ.ഡി.എഫ് നേരിട്ടത്. യു.ഡി.എഫ് 102 സീറ്റുകളിൽ വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എൽ.ഡി.എഫിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എൻ.ഡി.എ മൂന്ന് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു.
യു.ഡി.എഫിൽ കോൺഗ്രസ് 63 സീറ്റുകളും മുസ്ലിം ലീഗ് 22 സീറ്റുകളും കേരള കോൺഗ്രസ് 7 സീറ്റുകളും നേടി. ആർ.എസ്.പി 3 സീറ്റുകളും ആർ.എം.പി, കേരള കോൺഗ്രസ് ജേക്കബ്, സി.എം.പി എന്നിവർ ഓരോ സീറ്റുകളും നേടി. നാല് സ്വതന്ത്രരും യു.ഡി.എഫിനൊപ്പം വിജയിച്ചു.
എൽ.ഡി.എഫിൽ സി.പി.ഐ.എം 26 സീറ്റുകളും സി.പി.ഐ 8 സീറ്റുകളും ആർ.ജെ.ഡി ഒരു സീറ്റും നേടി. ബി.ജെ.പി നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ 13 മന്ത്രിമാർ പരാജയപ്പെട്ടു. പി. രാജീവ്, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ആർ. ബിന്ദു, വീണാ ജോർജ്, ഒ.ആർ. കേളു, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് പരാജയപ്പെട്ട മന്ത്രിമാർ.
അതേസമയം, പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ വിജയിച്ച മന്ത്രിമാരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
