പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നേടിയ അട്ടിമറി വിജയം പരിഗണിക്കപ്പെടാതെ പോയതിലും മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതിലും ഉള്ള തന്റെ പ്രതിഷേധവും പ്രതികരണവും സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച് വി.ടി ബല്‍റാം. 'തൃത്താലയുടെ എം.എല്‍.എ.' എന്ന ഒറ്റവാക്ക് മാത്രമാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്.
പോസ്റ്റ് വന്ന് മൂന്ന് മണിക്കൂറിനകം തന്നെ വലിയ രീതിയിലുള്ള പ്രതികരണങ്ങളുമായി നിരവധിയാളുകള്‍ ഈ പോസ്റ്റിന് താഴെയെത്തി.
പിന്നാലെ ഒരു മണിക്കൂറിന് ശേഷം നിയുക്ത യു.ഡി.എഫ് മന്ത്രിമാരുടെ ചിത്രങ്ങള്‍ അടങ്ങിയ മറ്റൊരു പോസ്റ്റും ബല്‍റാം പങ്കുവെച്ചിട്ടുണ്ട്. 'ജനങ്ങളാണ് മുഖ്യം, ജനവിശ്വാസം കാത്ത് വാഗ്ദാനങ്ങള്‍ പാലിച്ച്, കേരളത്തെ മുന്നോട്ടുനയിക്കാന്‍ പുതിയ ടീമിന് സാധിക്കട്ടെ' എന്ന ആശംസയും അദ്ദേഹം പുതിയ മന്ത്രിസഭയ്ക്ക് നേര്‍ന്നു.
കനത്ത പോരാട്ടത്തിനൊടുവില്‍ എക്‌സൈസ്-തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ കീഴടക്കിയാണ് വി.ടി. ബല്‍റാം തൃത്താല മണ്ഡലം യു.ഡി.എഫിനായി തിരിച്ചുപിടിച്ചത്. ഞായറാഴ്ച ഉച്ചവരെ മാധ്യമങ്ങളിലെ മന്ത്രിസ്ഥാന ചര്‍ച്ചകളില്‍ വി.ടി ബല്‍റാമിന്റെ പേര് സജീവമായി നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് മറ്റ് പേരുകള്‍ പരിഗണനയിലേക്ക് വരുന്നത്. ഇതോടെ ബല്‍റാമും ഷാനിമോള്‍ ഉസ്മാനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
മന്ത്രിസ്ഥാനമില്ലെങ്കില്‍ ബല്‍റാമിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വൈകിട്ട് ആറരയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഔദ്യോഗികമായി പേരുകള്‍ പ്രഖ്യാപിക്കുന്നത് വരെ തൃത്താലക്കാര്‍ വി.ടി ബല്‍റാം മന്ത്രിസഭയിലുണ്ടാകുമെന്ന് തന്നെയാണ് ഉറച്ചുവിശ്വസിച്ചിരുന്നത്.
ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം പിടിച്ചെടുത്ത് മിന്നുന്ന വിജയം കാഴ്ചവെച്ച വി.ടി ബല്‍റാമിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ യു.ഡി.എഫ് അണികള്‍ക്കിടയില്‍ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. വ്യക്തിപരമായ കഴിവുകള്‍ പരിഗണിക്കപ്പെടാതെ ജാതി സമവാക്യങ്ങളും മറ്റ് രാഷ്ട്രീയ പരിഗണനകളും കാരണമാണ് ബല്‍റാമിന് സ്ഥാനം ലഭിക്കാതെ പോയതെന്ന നിരാശ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പങ്കുവെക്കുന്നു. തൃത്താലയിലെ വികസന തുടര്‍ച്ചയ്ക്ക് വി.ടി ബല്‍റാം മന്ത്രിയാകേണ്ടത് അനിവാര്യമായിരുന്നു എന്നാണ് മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
