വി ഡി സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി. “100 സീറ്റിൽ വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം” എന്ന വെല്ലുവിളിയോടെ തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം, യുഡിഎഫിനെ 102 സീറ്റുകളുടെ തിളക്കമുള്ള വിജയത്തിലേക്ക് നയിച്ച ശേഷമാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. “പട നയിച്ചവൻ, നാടിനെ നയിക്കട്ടെ” എന്ന വികാരമാണ് ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിലും പ്രതിഫലിച്ചത്.
2021ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രതിസന്ധിയിലായിരുന്ന യുഡിഎഫിനെ വീണ്ടും ശക്തിപ്പെടുത്തി ജനവിശ്വാസം നേടിയെടുത്ത നേതാവായിരുന്നു വി ഡി സതീശൻ. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും നിരവധി മന്ത്രിമാർ പരാജയപ്പെടുമെന്നും ആത്മവിശ്വാസത്തോടെ പ്രവചിച്ച ഏക പ്രധാന നേതാവും അദ്ദേഹം തന്നെയായിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സ്വന്തം രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണ് വി ഡി സതീശനെ വ്യത്യസ്തനാക്കിയത്. ‘പുതുയുഗ യാത്ര’യിലൂടെ കേരളമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും പുതിയ കേരളത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തു.
കേരളം രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ കെ-റെയിൽ സമരം, ലൈഫ് മിഷൻ അഴിമതി, എഐ ക്യാമറ വിവാദം, കെ-ഫോൺ, ശബരിമല സ്വർണക്കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ ഭരണപക്ഷത്തെ ശക്തമായി പ്രതിരോധത്തിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. 2021ന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചത് സതീശന്റെ രാഷ്ട്രീയ നേതൃത്വത്തിന് കൂടുതൽ കരുത്തായി.
പി വി അൻവറിനെതിരായ നിലപാടും രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ട വിവാദകാലത്ത് സ്വീകരിച്ച ഉറച്ച സമീപനവും പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിന് എതിർപ്പുകൾ സൃഷ്ടിച്ചിരുന്നു. എങ്കിലും നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.
1964 മെയ് 31ന് നെട്ടൂർ ൽ കെ ദാമോദരമേനോന്റെയും വി വിലാസിനിയമ്മയുടെയും മകനായാണ് വി ഡി സതീശന്റെ ജനനം. ബി.എ, എൽ.എൽ.ബി, എം.എസ്.ഡബ്ല്യു ബിരുദങ്ങൾ നേടിയ അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു.
കെഎസ്‌യു വഴിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ചെയർമാനായും പിന്നീട് എൻഎസ്‌യുഐ ദേശീയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ സംഘാടക മികവ് ‘ഉത്സവ് 86’ യുവജനോത്സവത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
1996ൽ പറവൂർ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ആദ്യ പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും 2001ൽ അതേ മണ്ഡലം തിരിച്ചുപിടിച്ച് നിയമസഭയിലെത്തി. തുടർന്ന് തുടർച്ചയായി ആറുതവണ പറവൂരിൽ നിന്ന് വിജയിച്ച് എംഎൽഎയായി.
നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, കെപിസിസി വൈസ് പ്രസിഡന്റ്, എഐസിസി അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
രാഷ്ട്രീയജീവിതത്തിൽ നിരവധി തിരിച്ചടികളും വി ഡി സതീശൻ നേരിട്ടിട്ടുണ്ട്. 2011ൽ മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. സ്പീക്കർ പദവി വാഗ്ദാനം ചെയ്തപ്പോഴും അത് നിരസിച്ചു. പിന്നീട് കെപിസിസി അധ്യക്ഷസ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം അവസരം നഷ്ടമായി.
എന്നാൽ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങൾക്കും തിരിച്ചടികൾക്കും ശേഷം, ഇന്ന് കേരളത്തിന്റെ ഭരണചുമതല ഏറ്റെടുക്കുന്ന നേതാവായി വി ഡി സതീശൻ മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
