മലപ്പുറം: യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ആരൊക്കെ എത്തുമെന്ന കാര്യത്തിൽ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പി കെ ബഷീറിന് സാധ്യത ശക്തമാണെന്ന സൂചന. കെ എം ഷാജിയെ ഒഴിവാക്കി ബഷീറിനെ പരിഗണിക്കാനാണ് പാർട്ടിക്കുള്ളിൽ ആലോചന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രിസ്ഥാനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടെന്ന സൂചനകൾക്കിടെ പി കെ ബഷീർ നേതൃത്വത്തോട് അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, മന്ത്രിസ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് കെ എം ഷാജിയെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പി കെ ബഷീറിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിലും ലീഗ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്. “ഇനിയൊരു അവസരം ലഭിക്കാനിടയില്ലാത്ത നേതാവിനോട് പാർട്ടി നീതി പുലർത്തണം”, “മുൻകാലങ്ങളിൽ ഉണ്ടായ വിവാദങ്ങൾ ആവർത്തിക്കരുത്” തുടങ്ങിയ പ്രതികരണങ്ങളാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്.
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവെന്ന നിലയിൽ പി കെ ബഷീറിനെ പരിഗണിക്കണമെന്ന ആവശ്യവും ലീഗ് അനുകൂലികൾ മുന്നോട്ട് വെക്കുന്നു. പാർട്ടി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
മുസ്ലിം ലീഗ് അഞ്ച് പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നാല് മന്ത്രിസ്ഥാനങ്ങൾ മാത്രമേ അനുവദിക്കാനാകൂവെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.
ഐടി-വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ-പ്രവാസി ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന് ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ലീഗിന്റെ മന്ത്രിമാരുടെ അന്തിമ പട്ടിക ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു. മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും, വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് അധികാര പങ്കിടലുമായി ബന്ധപ്പെട്ട് മറ്റു നിർണായക തീരുമാനങ്ങളും ഉടൻ പ്രഖ്യാപിക്കപ്പെടും. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറാക്കാനാണ് ധാരണയെന്നാണ് വിവരം. ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മന്ത്രിസ്ഥാനം പകരം ചീഫ് വിപ്പ് പദവി നൽകുന്ന കാര്യവും യുഡിഎഫ് നേതൃത്വം പരിഗണിക്കുന്നതായി സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
