തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ തലസ്ഥാന നഗരിയെ ഞെട്ടിക്കുന്ന കണ്ടെത്തൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു ആഡംബര ഫ്ലാറ്റിൽ നിന്ന് 70 ചെടികളടങ്ങിയ അത്യാധുനിക കഞ്ചാവ് തോട്ടമാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.
എന്നാൽ ഫ്ലാറ്റിലെ കഞ്ചാവ് കൃഷിയേക്കാൾ പോലീസിനെയും പൊതുജനങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചത് ഇത് നടത്തിയ 'കൃഷിക്കാരന്റെ' പ്രൊഫൈൽ ആണ്. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ മാസത്തിൽ ഒന്നര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ഈ സംഭവത്തിൽ പിടിയിലായത്.
പകൽ സമയങ്ങളിൽ ഉത്തരവാദിത്തപ്പെട്ട ഐടി മാനേജരായി ജോലി ചെയ്യുന്ന വിശാൽ, രാത്രിയാകുന്നതോടെ ഫ്ലാറ്റിലെത്തി കഞ്ചാവ് ചെടികളുടെ പരിപാലനത്തിലേക്ക് തിരിയുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ പ്രത്യേകമായി വാങ്ങിയ ചെടിച്ചട്ടികളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ കഞ്ചാവ് നട്ടുവളർത്തിയത്. ഏകദേശം 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70-ഓളം കഞ്ചാവ് ചെടികൾ ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. കൃത്യമായ കൃത്രിമ വെളിച്ചവും താപനിലയും ക്രമീകരിച്ചായിരുന്നു ഫ്ലാറ്റിലെ ഈ രഹസ്യ കൃഷി.
പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ വിറ്റ് പണമാക്കാനുള്ള യാതൊരു ലക്ഷ്യവും വിശാലിന് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമാകുന്നത്. പൂർണ്ണമായും സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ട് ഇയാൾ ഫ്ലാറ്റിൽ കൃഷി നടത്തിയത്. ഇതിനായി ഇയാൾ സ്വീകരിച്ചിരുന്ന ഉപയോഗ രീതികളും പോലീസിനെ അത്ഭുതപ്പെടുത്തി.
കഞ്ചാവ് ചെടിയുടെ ഇലകൾ നന്നായി അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതായിരുന്നു ഇയാളുടെ പ്രധാന രീതി. ഇതിന് പുറമെ കഞ്ചാവ് ഇലകൾ ചേർത്ത് ചമ്മന്തി പോലെ അരച്ചും ഇയാൾ പതിവായി ആഹാരത്തോടൊപ്പം ഉപയോഗിച്ചിരുന്നതായി പോലീസിനോട് സമ്മതിച്ചു. ഉയർന്ന ശമ്പളമുണ്ടായിട്ടും ലഹരിക്ക് അടിമപ്പെട്ട് സ്വന്തമായി കൃഷിയിലേക്ക് തിരിഞ്ഞ യുവാവിനെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം പോലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
