തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കിയശേഷം ആദ്യ ട്രെയിൻ കടത്തിവിട്ടു. ആറ് പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.
മണ്ണിടിച്ചിലിന് പിന്നാലെ പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപം ബിലാസ്പുർ–തിരുനൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റിയിരുന്നു. ട്രെയിൻ സ്റ്റേഷന് സമീപം നിർത്തിയതിന് പിന്നാലെ എൻജിന്റെ നാലു ചക്രങ്ങളാണ് പാളം തെറ്റിയത്. അപകടത്തിൽപ്പെട്ട എൻജിനും ട്രെയിനും സ്ഥലത്തുനിന്ന് നീക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്കായി ബസ് സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ട്രെയിനിന്റെ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നാണ് വിവരം. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.
ട്രാക്കിൽനിന്ന് മണ്ണ് പൂർണമായി നീക്കി തുടർപരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനാകൂ.
റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ (56306)
നാഗർകോവിൽ–തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309)
നാഗർകോവിൽ–കൊല്ലം ജങ്ഷൻ പാസഞ്ചർ
കൊല്ലം ജങ്ഷൻ–നാഗർകോവിൽ പാസഞ്ചർ
തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ (56310)
നാഗർകോവിൽ–തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
