കൊച്ചി: ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരണവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഞാൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നുള്ളതാണ്. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ചത്. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ ആശങ്കകൾ പങ്കുവെക്കുമെന്നും അലോഷ്യസ് പ്രതികരിച്ചു.
മുഖ്യമന്ത്രി- കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വിഡി സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തുന്നത്. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാൻ, അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശൻ മുഖം കൊടുത്തിരുന്നില്ല.
അതേസമയം, ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിലാണ് മുഖ്യമന്ത്രിയും കെഎസ്‍യുവും തമ്മിൽ തർക്കം ആരംഭിച്ചത്.ലോ കോളേജിൽ കെ എസ് യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ് എഫ് ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെ രൂക്ഷവിമർശനമാണ് അലോഷ്യസ് ഉയർത്തിയത്. ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടി തെരുവിൽ ചോരയൊഴുക്കിയവരെയും കേസുകളിൽ പ്രതികളായവരെയും നോക്കുകുത്തിയാക്കി വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാൻ വിളിച്ചുകൊണ്ടിരുന്ന നേതാക്കൾ ഇപ്പോൾ കെ എസ് യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണതയാണെന്നും, "കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ" എന്ന അവസ്ഥ വന്നതിനാലാണ് പരസ്യ പ്രതികരണത്തിന് മുതിർന്നതെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
