മലപ്പുറം: കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടി ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയാത്തത് ഘടകകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന ആൾ മുഖ്യമന്ത്രിയാകണം എന്ന് പറയാൻ ഘടകകക്ഷികൾക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമങ്ങളോട് ചോദിച്ചു.
അതേസമയം, സുകുമാരൻ നായരുടെ വിമർശനങ്ങളോട് ഇപ്പോൾ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. വിഷയം അനാവശ്യമായി ചർച്ചയാക്കി വിവാദങ്ങളിലേക്ക് നീങ്ങുന്നത് ദോഷം ചെയ്യുമെന്ന് കണ്ടാണ് ലീഗ് നേതൃത്വം 'കരുതലോടെ' നീങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. സുകുമാരൻ നായർക്ക് മറുപടി നൽകി സാഹചര്യം വഷളാക്കരുതെന്ന് പാർട്ടി അണികൾക്കും താഴെത്തട്ടിലും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വന്നതിന് പിന്നാലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാട് അറിയിക്കും. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃയോഗത്തിലെ പ്രാഥമിക ധാരണ.
എങ്കിലും ഹൈക്കമാൻഡ് ആരെ പ്രഖ്യാപിച്ചാലും യുഡിഎഫിന്റെ കെട്ടുറപ്പിനായി അതിനെ പിന്തുണയ്ക്കാനാണ് ലീഗ് സാധ്യത. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് (മെയ് 14) വൈകുന്നേരത്തോടെ കോൺഗ്രസ് അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
