മലപ്പുറം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അവസാന നിമിഷവും മുസ്ലീം ലീഗിനോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായം തേടിയതായി റിപ്പോർട്ട്. ലീഗിന്റെ നിലപാടിൽ മാറ്റമുണ്ടോയെന്ന് ഖർഗെ ചോദിച്ചപ്പോൾ, നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വി ഡി സതീശനാകും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെന്ന് ഹൈക്കമാൻഡ് മുസ്ലീം ലീഗിനെ അറിയിക്കുകയായിരുന്നു.
അതേസമയം മല്ലികാർജുൻ ഖർഗെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും ഫോണിൽ സംസാരിച്ചു. ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിരാമമായത്. പ്രതിപക്ഷ നേതാവായ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റി നടന്ന നേതൃത്വ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യമായിരുന്നു കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹൈക്കമാൻഡ് വി ഡി സതീശന്റെ പേരിൽ അന്തിമ തീരുമാനം എടുക്കുകയായിരുന്നു.
കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് വി ഡി സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലീം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
