താമരശേരി: ആത്മഹത്യ ടെയ്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ വളവനാനിക്കല്‍ അലീനാ ബെന്നിയെ തേടി ഒടുവില്‍ നിയമന ഉത്തരവ് എത്തി. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാന്‍ നിയമനാംഗീകാരത്തിനായുള്ള കാത്തിരിപ്പിനൊടുവിലാണ് ജീവനൊടുക്കിയ അധ്യാപികയുടെ ഓര്‍മ്മ മായുംമുന്‍പേ നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പര്‍ കല്ലറയില്‍ അവള്‍ മണ്ണോടുചേര്‍ന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു.
നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ച് വര്‍ഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്തത്. മരിച്ച് ഒരുമാസം തികയുംമുന്‍പാണ് നിയമനത്തിന് അംഗീകാരമായത്.
മാര്‍ച്ച് 15-നാണ് അലീനാ ബെന്നിയെ എല്‍പിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നല്‍കിയത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിനാല്‍ ശമ്പള സ്‌കെയില്‍ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശേരി രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിക്ക് ലഭിച്ചത്.
കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്‍പി സ്‌കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂണ്‍ അഞ്ച് മുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങള്‍ മാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിന് മുന്‍പ് നസ്രത്ത് എല്‍പി സ്‌കൂളില്‍ 2019 ജൂണ്‍ 17 മുതല്‍ 2019 ഡിസംബര്‍ 31 വരെ താല്‍കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയ ശേഷം 2021 ജൂലൈ 22 മുതല്‍ പ്രൊബേഷനറി എല്‍പിഎസ്ടിയായും ജോലി ചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒന്‍പത് മാസത്തെ ആനുകൂല്യങ്ങള്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വര്‍ഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പിതാവ് ബെന്നിയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്