കുട്ടികളിലെ ലഹരി ഉപയോഗം: കേരളത്തില്‍ കര്‍ശന നടപടി; യോഗം വിളിച്ച് മുഖ്യമന്ത്രി

MARCH 30, 2025, 4:51 AM

തിരുവനന്തപുരം: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും മാരകമായ മയക്കുമരുന്ന് ഉപയോഗവും തടയുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. സമൂഹത്തെയൊന്നാകെ ഗൗരവമായി ബാധിക്കുന്ന വിഷയമാണ് ഇതെന്നും സാധാരണഗതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയതമായ നടപടികള്‍കൊണ്ട് മാത്രം ഈ പ്രശ്നങ്ങള്‍ പൂര്‍ണമായി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം നിയമസഭാമന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത വിദഗ്ധരുടെയും വിവിധ മേഖലകളിലുള്ളവരുടെയും യോഗത്തിലാണ് കുട്ടികളുടെ ലഹരി ഉപയോഗം ഗൗരവചര്‍ച്ചയെക്കെടുത്തത്.

കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ഇപ്പോഴത്തെ പ്രവണതകള്‍ക്ക് സാമൂഹിക മാനസിക വൈകാരിക തലങ്ങള്‍ കൂടിയുണ്ട്. ലഹരിയെ വേരോടെ അറുത്തുമാറ്റുന്നതിന് നിയമത്തിനൊപ്പം സാമൂഹികമായ ഇടപെടലുകള്‍ കൂടി ആവശ്യമാണ്. അത് ഏതൊക്കെ തരത്തില്‍ എങ്ങനെയൊക്കെ ആവണമെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ ആലോചിച്ച് കണ്ടെത്താനാവണമെന്നും അതിനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനശാസ്ത്രജ്ഞര്‍, കലാപ്രവര്‍ത്തകര്‍, വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങി കുട്ടികളുമായി ഇടപെടുന്ന എല്ലാ വിഭാഗത്തില്‍പെട്ടവരുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്.

വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കൂടുതലായും നടക്കുന്നത്. അതോടൊപ്പം കുട്ടികളില്‍ അക്രമവാസന വര്‍ധിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തില്‍ത്തന്നെ ഉണ്ടായിരിക്കുന്ന പ്രതിഭാസമാണ് കുട്ടികളിലെ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

2011-ല്‍ ലോകത്താകെ 24 കോടി ജനങ്ങളായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെങ്കില്‍ പത്തുവര്‍ഷംകൊണ്ട് അത് 296 കോടിയായി വര്‍ധിച്ചു എന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1173 ശതമാനമാണ് ലഹരി ഉപയോഗത്തില്‍ ആഗോളതലത്തില്‍ ഉണ്ടായ വര്‍ധനവ്. മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും കടത്തും ലോകമാകെ നേരിടുന്ന പ്രശ്നമാണ്. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടെടുത്ത് കൈയുംകെട്ടി നിഷ്‌ക്രിയരായി ആ പ്രശ്നത്തെ അവഗണിച്ചുകൊണ്ട് നോക്കിയിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെ നാശത്തിലേക്ക് തള്ളിവിടാതെ അവരുടെ അവസാനത്തെ ആളെക്കൂടി രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് ഒന്നിച്ച് ഏറ്റെടുക്കാനുള്ളത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയും നമ്മുടെ രാജ്യവും തമ്മില്‍ ബന്ധമുണ്ട്. ആ ബന്ധത്തിന്റെ കണ്ണി അറുക്കണം. അത് വളരെ പ്രധാനമാണ്. പക്ഷേ നമുക്ക് എല്ലാവര്‍ക്കുമറിയാം അത് പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തില്‍ അല്ല എന്നുള്ളത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിമാനങ്ങളിലൂടെ, കപ്പലുകളിലൂടെ മയക്കുമരുന്ന് വലിയതോതില്‍ എത്തുകയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന് ലഹരി എത്തുന്നത് തടയാന്‍ പൂര്‍ണമായും നമുക്ക് കഴിയും. അതിനുള്ള ഭരണനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് വിഭാഗത്തില്‍ നിന്നായാലും അക്രമം ഉണ്ടാവാതെ സമൂഹത്തിന്റെ സ്വസ്ഥജീവിതമാണ് ഉറപ്പുവരുത്താനാവേണ്ടത്. കുടുംബം മുതല്‍ സമൂഹം വരെ ഭദ്രവും ശാന്തവുമാകുന്ന പൊതുസ്ഥിതി ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്, യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിനിടയാക്കുന്ന സാമൂഹികവും മാനസികവുമായ കാരണങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അതിന് നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വളരെ പ്രിയപ്പെട്ട അടുത്ത ബന്ധുക്കള്‍ വരെ അതിക്രൂരമായ നിലയില്‍ കൊലചെയ്യുന്ന മനോവിഭ്രമത്തിലേക്ക് കുട്ടികള്‍ എത്തിച്ചേരുകയാണെന്നും എങ്ങനെയാണത് സംഭവിക്കുന്നതെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് മുതല്‍ ദുര്‍മന്ത്രവാദം വരെയുള്ള കാര്യങ്ങള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അന്ധവിശ്വാസവും മനോവിഭ്രമവും തമ്മിലുള്ള ബന്ധങ്ങള്‍ അപഗ്രഥിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നുമാത്രമല്ല വില്ലനെന്നും പലഘടകങ്ങളും സ്വാധീനിക്കുന്നുണ്ടെന്നും സമൂഹം, കുടുംബവ്യവസ്ഥ ഇതൊക്കെ മുഖ്യഘടകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam