കണ്ണൂർ: ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ നടന്നത്.
പത്തനംതിട്ട എഡിഎം ആയി സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടർ അരുണ്‍ കെ വിജയന്റെ നേതൃത്വത്തില്‍ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പിപി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ദിവ്യയുടെ ആരോപണത്തിന്റെ പൂർണ രൂപം ഇതാണ്
പിപി ദിവ്യ പറഞ്ഞത്:
മുമ്പുണ്ടായിരുന്ന എഡിഎമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഞാൻ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്നുപോയി നോക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകൻ എന്റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. പക്ഷേ, ആ പ്രദേശത്ത് അല്‍പ്പം വളവും തിരിവുമെല്ലാം ഉള്ളതിനാല്‍ എൻഒസി നല്‍കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാൻ സാധിച്ചു. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമാണ്. ഇപ്പോള്‍ ഇദ്ദേഹം പോകുന്നതുകൊണ്ട് ആ സംരംഭകന് എൻഒസി കിട്ടിയെന്ന് അറിഞ്ഞു.
ഏതായാലും നന്നായി, ആ എൻഒസി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. ആ എൻഒസി നല്‍കിയതിന് ഇദ്ദേഹത്തോട് നന്ദി പറയാനാണ് ഞാൻ ഈ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലുള്ള പ്രവർത്തനങ്ങള്‍ ആയിരിക്കരുത് പോകുന്ന സ്ഥലത്ത് നടത്തേണ്ടത്.
നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സർക്കാർ സർവീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാൻ. ആ നിമിഷത്തെ കുറിച്ച് ഓർത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാനിപ്പോള്‍ പറയുന്നത്. ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാനിവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്