കോട്ടയം: സ്വത്തു തർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.
വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നല്‍കണം.
വിധിയിൽ സംതൃപ്തരാണെന്നും പരമാവധി ശിക്ഷ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറഞ്ഞു. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്. വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ , കൊലപാതകം , വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങൾ ജോർജ് കുര്യൻ ചെയ്തിട്ടുണ്ടെന്നാണു കോടതി കണ്ടെത്തിയത്.
2022 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഏപ്രിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വേഗത്തിൽ വിചാരണാ നടപടികൾ പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ, 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്