തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം കല്ലമ്പലത്ത് വയോധിക ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റതായി റിപ്പോർട്ട്. കല്ലമ്പലം കരവാരം പ്രദേശത്താണ് സംഭവം.
പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്ന 65-കാരിയായ ഗിരിജയെ വീടിനുള്ളിൽ കയറിയ തെരുവുനായ ആക്രമിച്ചു. തുറന്നുകിടന്ന വാതിലിലൂടെയാണ് നായ വീടിനുള്ളിലേക്ക് കയറിയത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗിരിജയുടെ കൈയിൽ കടിയേറ്റത്.
പരിക്കേറ്റ ഗിരിജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ പ്രദേശത്തെ മറ്റ് നാല് പേർക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം.
മനുഷ്യരെ മാത്രമല്ല, പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. ആക്രമണം നടത്തിയ നായയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ആക്രമിച്ച നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾക്ക് ശേഷമേ വ്യക്തത ലഭിക്കൂ.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നിരവധി തവണ പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും വാർഡ് മെമ്പർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർക്കിടയിൽ ആശങ്ക വ്യാപകമായിട്ടുണ്ട്. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപന അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
