ആഗോള അയ്യപ്പ സംഗമത്തെ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കൽ:മന്ത്രി വി ശിവൻകുട്ടി

AUGUST 28, 2025, 7:13 AM

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. 'തത്വമസി' എന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ, രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണ്.

രാജീവ്‌ ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ അറിവില്ലായ്മയെയും, കേരളത്തിലെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല. അത് സകല ജനങ്ങളുടെയും പൊതുസ്വത്താണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ, അയ്യപ്പസംഗമത്തെ ഒരു രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്.

മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പിണറായി വിജയൻ വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ കാണുകയും ചെയ്യുന്ന നേതാവാണ്. കേരളത്തെ പറ്റി ഒരു ചുക്കും അറിയാത്ത രാജീവ്‌ ചന്ദ്രശേഖരന് മികച്ച ഭരണകർത്താവ് എന്നതിനാൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്ന ആദ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വിമർശിക്കാൻ എന്ത് യോഗ്യത ആണുള്ളത്?

vachakam
vachakam
vachakam

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ മന:പൂർവം അവഗണിക്കുകയാണ്. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയായ സമീപനമല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്, കേരളത്തിലെ ജനങ്ങൾക്കും വിശ്വാസികൾക്കും ഈ പരിപാടിയുടെ വ്യാപ്തി മനസ്സിലാക്കിക്കൊടുക്കാനാണ്. ദേവസ്വം ബോർഡ് നടത്തുന്ന ഈ പരിപാടിക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. അത് ഭരണപരമായ കടമയാണ്. ആത്മീയതയെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാതെ, വിശ്വാസികളുടെ ഐക്യത്തെ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അയ്യപ്പ സംഗമത്തെയും സുവർണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖർ മലർപ്പൊടിക്കാരന്റെ ദിവാ സ്വപ്നം കാണുകയാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam