പത്തനംതിട്ട: നിശബ്ദ പ്രചാരണ ദിനത്തിൽ അടൂരിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയായ സി.വി. ശാന്തകുമാർനെ കൊലക്കേസ് പ്രതിയാക്കി ചിത്രീകരിക്കുന്ന ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐ പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്.
ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് സിപിഐ പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പറക്കോട് മണ്ണടി ഭാഗത്തായിരുന്നു ലഘുലേഖ വിതരണം നടന്നത്.
സംഭവത്തിൽ പ്രതികരിച്ച സി.വി. ശാന്തകുമാർ വികാരാധീനനായി. താൻ കൊലക്കേസ് പ്രതിയല്ലെന്നും, രാഷ്ട്രീയമായി തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും, ജീവന് പോലും ഭീഷണിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുമുമ്പ് വിഷയത്തിൽ ആർഡിഒ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് കളക്ടർ ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർഥിയായ പ്രിജി കണ്ണന് പരാജയ ഭീതിയാണെന്നും, അതുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും സി.വി. ശാന്തകുമാർ ആരോപിച്ചു.
സോഷ്യൽ മീഡിയയിലൂടെയും സമാനമായ പ്രചാരണം നടക്കുന്നതായും, ഇതിന് പിന്നിൽ ഇടതുപക്ഷ അനുകൂലികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
