തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര ചർച്ചകൾക്കിടെ ഐക്യസന്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യനായ നേതാവാണെന്നും, അദ്ദേഹത്തിന്റെ അനുഗ്രഹവും പിന്തുണയും തനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്. “ഞാൻ ചെറുപ്പം മുതലേ എത്തുന്ന വീടാണ് ഇത്. എത്രയോ വർഷങ്ങളായി ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായപ്പോൾ ഇവിടെ നിന്നാണ് ഒരുമിച്ച് ആദ്യ നിയമസഭാ സമ്മേളനത്തിന് പോയത്,” എന്നും വി ഡി സതീശൻ ഓർമ്മിപ്പിച്ചു.
“രമേശ് ചെന്നിത്തല എന്റെ നേതാവാണ്. ജ്യേഷ്ഠസഹോദരനെപ്പോലെയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്ന് ഉറപ്പുണ്ട്,” എന്നും സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അത് പാർട്ടി നേതൃത്വം ചേർന്ന് തീരുമാനിക്കേണ്ട വിഷയമാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. അദ്ദേഹവുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനങ്ങളിലേക്ക് പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, എല്ലാവർക്കും തമ്മിൽ വ്യക്തിപരമായ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യമാണ് പാർട്ടി വി ഡി സതീശന് ഏൽപ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്വം പാർട്ടി പ്രവർത്തകരും നേതാക്കളും ഒരുമിച്ച് വിജയകരമായി പൂർത്തിയാക്കും,” എന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ഞങ്ങൾ തമ്മിൽ യാതൊരു ഉപാധിയും ഇല്ല,” എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
