തിരുവനന്തപുരം: ശബരിമലയിൽ മിൽമയുടെ പേരിൽ നിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് സർക്കാർ. മിൽമ ജീവനക്കാർക്ക് ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആവശ്യമായ പരിശോധനകളില്ലാതെ നെയ്യ് കടത്തിവിട്ടെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി.
ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചതായും, ഇതുമൂലം മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഭരണസമിതി അംഗങ്ങളുടെയും ചില ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ, കരാർ നടപടികൾ, നിയമനങ്ങൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.
നെയ്യ് വിതരണത്തിനായുള്ള കരാർ നടപടികളിൽ തന്നെ ക്രമക്കേട് ആരംഭിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കുന്ന കരാറിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
തുടർന്ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട നെയ്യ് ലോഡിൽ മറ്റൊരിടത്ത് നിലവാരമില്ലാത്ത തമിഴ്നാട് നെയ്യ് ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ നെയ്യാണ് പിന്നീട് പമ്പയിൽ നിന്ന് മതിയായ പരിശോധനകളില്ലാതെ സന്നിധാനത്തേക്ക് എത്തിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സംഭവത്തിൽ മിൽമ ജീവനക്കാരുടെയും കരാറുകാരുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും പങ്ക് വിശദമായി പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
