തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ പ്രത്യേക ശുപാർശകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമാകും സർക്കാർ തുടർനടപടികൾ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ ഭരണപക്ഷത്തിന്റെ സമീപനം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പഠിച്ച ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
മുൻ സർക്കാർ നടപ്പാക്കിയ ഗുണകരമായ പദ്ധതികൾ തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദങ്ങളോ പരാതികളോ ഉയരുന്ന വിഷയങ്ങളിൽ മാത്രമാണ് പ്രത്യേക പരിശോധനകൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച ആർത്തവ അവധിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഇത് എല്ലാ വിദ്യാർത്ഥിനികൾക്കും ബാധകമായ അവധിയല്ലെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ ഇളവ് നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ഇത്തരം ആവശ്യം ഉയർന്നിട്ടുണ്ടെന്നും അധ്യാപകരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ഏകദേശം 42 ലക്ഷം വിദ്യാർത്ഥികൾ ഇന്ന് സ്കൂളുകളിലെത്തിയതായും അതിൽ 3.14 ലക്ഷം കുട്ടികൾ ആദ്യമായാണ് സ്കൂൾ ജീവിതത്തിന് തുടക്കമിട്ടതെന്നും മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
