ഇഡി ഉദ്യോഗസ്ഥരെ ചുടുകട്ടകൊണ്ട് ഇടിച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പ്രതികള്‍ പുറത്തിറങ്ങിയാല്‍ അക്രമ പരമ്പരയ്ക്ക് സാധ്യത

MAY 29, 2026, 7:09 AM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഇഡി ഉദ്യോഗസ്ഥരെ ചുടുകട്ടയും ഇഷ്ടികയും കമ്പും ഉപയോഗിച്ച് ഇടിച്ചുകൊല്ലാന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കേസില്‍ അറസ്റ്റിലായ 11 പ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇവര്‍ക്ക് ജാമ്യം അനുവദിച്ച് പുറത്തുവിട്ടാല്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമ പരമ്പരയ്ക്ക് സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ഐ.പി ബിനു ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു.

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികളില്‍ അഞ്ച് പേര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തങ്ങള്‍ക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും ചെറിയ മുറിവുകള്‍ മാത്രമാണുള്ളതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന സമയത്തല്ല ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നും പ്രതികള്‍ അവകാശപ്പെടുന്നുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകളാണ് പൊലീസ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.എം.ആര്‍.എല്‍ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് പുറത്തുപോയ ഇഡി വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവുമുണ്ടായത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ടാക്‌സി വാഹനത്തിന്റെ മുന്‍-പിന്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വരും ദിവസങ്ങളില്‍ വിശദമായ വാദം കേള്‍ക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam