തിരുവനന്തപുരം: നിയമസഭാകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണക്കത്ത് നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം പിന്തുണക്കത്ത് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതെയാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിട്ട് ഹരിപ്പാട്ടെ വസതിയിലേക്ക് മടങ്ങിയത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർക്കൊപ്പം രമേശ് ചെന്നിത്തലയുടെയും പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനഘട്ട ചർച്ചകളിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.
എന്നാൽ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ട് തീരുമാനം അറിയിക്കുകയായിരുന്നു. ആ സമയം അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം തലസ്ഥാനം വിട്ടത്.
തൻ്റെ സീനിയോറിറ്റിയും ദീർഘകാല രാഷ്ട്രീയ പരിചയവും പരിഗണിക്കപ്പെട്ടില്ലെന്ന വികാരമാണ് ചെന്നിത്തല ക്യാമ്പിൽ ശക്തമായി നിലനിൽക്കുന്നത്. പുതിയ മന്ത്രിസഭയിൽ അംഗമാകുന്നതിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ രംഗത്തെത്തി. ഹൈക്കമാൻഡ് എടുത്ത തീരുമാനം പൂർണമായി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പുതിയ സർക്കാരിനും എല്ലാ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
