കൊച്ചി: രാജ്യത്തെ ഞെട്ടിച്ച ആക്രമണം ആയിരുന്നു കഴിഞ്ഞ ദിവസം പെഹൽഗാമിൽ നടന്നത്. ആ ഞെട്ടിക്കുന്ന ഓർമകൾ പങ്കുവച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി രംഗത്ത്. തന്റെ കൺമുന്നിൽവച്ചാണ് അച്ഛനെ വെടിവച്ചത് എന്നും രക്ഷപെടാനായി മക്കളുമായി കാട്ടിലൂടെ ഓടുകയായിരുന്നെന്നും ആരതി പറഞ്ഞു.
'നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. മിനി സ്വിറ്റ്സർലണ്ടിലായിരുന്നു ഞങ്ങൾ. അവിടെ സ്വിപ് ലൈൻ പോലുള്ള കുറേ ആക്ടിവിറ്റീസ് ഉണ്ട്. പെട്ടന്ന് ഒരു ശബ്ദം കേട്ടു. വെടിയൊച്ചയാണോയെന്ന് അറിയില്ല. പിന്നെയും ശബ്ദം കേട്ടു, അപ്പോൾ ഭീകരാക്രമണമാണെന്ന് മനസിലായി. അമ്മ കൂടെയുണ്ടായിരുന്നില്ല. ഞാനും അച്ഛനും മക്കളും അവിടെ നിന്ന് ഓടി. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലാണ് ഓടുന്നത്. അതിനിടയിൽ ഒരു ടെററിസ്റ്റ് വന്നു. എല്ലാവരോടും കിടക്കാൻ പറഞ്ഞു. എന്തോ ചോദിക്കുന്നു, വെടിവയ്ക്കുന്നു.
എന്താ ചോദിക്കുന്നതെന്ന് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെന്റെൻസൊന്നുമല്ല, ഒറ്റവാക്കാണ് ചോദിച്ചത്. രണ്ടുതവണയേ ചോദിച്ചുള്ളൂ. മനസിലായില്ലെന്ന് ഹിന്ദിയിൽ പറഞ്ഞു. അച്ഛനെയും എന്റെ മുന്നിൽ വച്ച് വെടിവച്ചു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
അമ്മാ പോകാമെന്ന് മക്കൾ കരഞ്ഞു പറഞ്ഞു. അച്ഛനെ ഇനി സേവ് ചെയ്യാനാകില്ലെന്ന് മനസിലായി. ഓൺ ദ സ്‌പോട്ട് ഡെഡ് ആയിരുന്നു. ഞാൻ, എന്റെ മക്കളെയും കൂട്ടി ആ കാട്ടിലൂടെ ഏതൊക്കെയോ വഴികളിലൂടെ ഓടി. പലയിടത്തുനിന്നും വരുന്നവർ ഒരു സ്ഥലത്തെത്തി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഫോണിന് സിഗ്നൽ കിട്ടാൻ തുടങ്ങി. ഞാൻ കാശ്മീർ സ്വദേശികൂടിയായ എന്റെ ഡ്രൈവറെ വിളിച്ചു. അയാളാണ് എല്ലാവരെയും അറിയിച്ചത്. ഏഴ് മിനിട്ടിനുള്ളിൽ മിലിട്ടറിയും പ്രദേശവാസികളുമൊക്കെ ഓടി മുകളിൽ പോകുകയായിരുന്നു.
മലയുടെ മുകളിലാണ് സംഭവം നടന്നത്. എവിടെവച്ചാണ് ആക്രമണമുണ്ടായതെന്ന് ചോദിച്ചപ്പോൾ എന്റച്ഛൻ മരിച്ചെന്ന് പറഞ്ഞു. രാത്രിയാണ് ഐഡന്റിഫിക്കേഷന് വിളിച്ചത്. അവിടത്തെ സർക്കാരാണെങ്കിലും ഇവിടത്തെ സർക്കാരും കേന്ദ്രസർക്കാരും പ്രദേശവാസികളുമെല്ലാം കുറേ സഹായിച്ചു എന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്