പൊലീസുകാരന്റെ ബൈക്ക് കത്തിച്ച സംഭവം: രണ്ട് സ്ത്രീകള്‍ കസ്റ്റഡിയില്‍; ഒരാള്‍ വിഷം കഴിച്ചു, നില ഗുരുതരം

MAY 25, 2026, 6:04 AM

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. കേസില്‍ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കസ്റ്റഡിയിലിരിക്കെ പ്രതികളില്‍ ഒരാള്‍ വിഷം കഴിച്ചതിനെ തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ആറന്മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ വിവേകിന്റെ ബുള്ളറ്റ് ബൈക്കാണ് കഴിഞ്ഞ ദിവസം അഞ്ചല്‍ ആര്‍ച്ചലിലെ വീട്ടുപടിക്കല്‍ വെച്ച് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ധരാത്രിയോടെ ബൈക്ക് കത്തുന്നത് കണ്ട് പുറത്തേക്കിറങ്ങിയ വിവേകും മാതാപിതാക്കളും, പ്രതികള്‍ വീട്ടുപരിസരത്ത് കരി ഓയില്‍ ഒഴിച്ചിരുന്നതിനാല്‍ തെന്നിവീണ് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭീഷണിക്കത്താണ് കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. കോളജ് കാലഘട്ടത്തിലെ തര്‍ക്കങ്ങളും രാഷ്ട്രീയ പകപോക്കലുമാണ് അക്രമത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കും വിധമായിരുന്നു കത്തിലെ വരികള്‍.

'ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങള്‍ അറിയും. നീ ആ കോളജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല, നീ സൂക്ഷിച്ചോ...' എന്ന് കത്തില്‍ എഴുതിയിരുന്നു.

ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന രീതിയിലാണ് കത്ത് തയ്യാറാക്കിയിരുന്നതെങ്കിലും, പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ ഇത് വ്യക്തിപരമായ വൈരാഗ്യം മറയ്ക്കാന്‍ പ്രതികള്‍ മനപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.

പുനലൂര്‍ എഎസ്പിയുടെയും ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെയും ആശുപത്രിയിലുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെയും മാത്രമേ ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam