തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരായ പോക്‌സോ കേസിനെ തുടർന്ന് തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധം. യോഗത്തിനിടെ വിഷയം ഉയർത്താൻ ശ്രമിച്ച യുഡിഎഫ് കൗൺസിലർമാരുടെ മൈക്ക് ചെയർ ഓഫ് ചെയ്തതോടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം, ആർ ശ്രീലേഖക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണെന്ന് സിപിഐഎം കൗൺസിലർ എസ് പി ദീപക് പ്രതികരിച്ചു. അവർ ബജറ്റ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കും എന്നാണ് കരുതിയതെങ്കിലും യോഗത്തിൽ സജീവമായി പങ്കെടുത്തുവെന്നും, കേസിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസിൽ പ്രതിയായ വ്യക്തി കൗൺസിലിൽ പങ്കെടുക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ധാർമികമായി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ ബിജെപിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നതാണെന്നും എസ് പി ദീപക് കൂട്ടിച്ചേർത്തു.
ഇതിനിടെ, ബിജെപി ഭരണസമിതി അവതരിപ്പിച്ച ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. ബജറ്റിൽ കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും തെറ്റായ വിവരങ്ങളാണ് ഉൾപ്പെടുത്തിയതെന്നും ആരോപിച്ചു. കുറവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എൻഡിഎ കൗൺസിലർമാർ പ്രസംഗം തടസ്സപ്പെടുത്തിയതോടെ സഭയിൽ ബഹളം ശക്തമായി. രാഷ്ട്രീയ പ്രചാരണത്തിനായുള്ള ബജറ്റാണിതെന്നുമാണ് പ്രതിപക്ഷ വിമർശനം.
തന്റെ യൂട്യൂബ് ചാനലിലും ബ്ലോഗിലൂടെയും അതിജീവിതകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടെന്നാരോപിച്ചാണ് ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമം വ്യക്തമായി അറിയാവുന്ന വ്യക്തിയായിട്ടും, നിയമലംഘനം നടത്തിയെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
