തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ നിലവിലെ തർക്കങ്ങളെക്കുറിച്ചും താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും തനിക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളതെന്ന് സംസ്ഥാന സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.
സിനിമ മേഖലയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ വിശദമായി പഠിക്കുമെന്നും നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ ഉതകുന്നതാണോ ഇതൊക്കെയെന്ന് കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേവല പ്രശസ്തി മാത്രം നോക്കിയാകില്ല ഇനി ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിലേക്ക് ആളുകളെ നിശ്ചയിക്കുകയെന്നും ഭരണമികവുള്ളവർക്കാണ് മുൻഗണന നൽകുകയെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. നേരത്തെ ഈ പദവി വഹിച്ചിരുന്ന പലരും അക്കാദമി ഓഫീസിലേക്ക് വരാറേ ഉണ്ടായിരുന്നില്ലെന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഇത്തരം പ്രവണതകൾ മാറണമെന്നും സാംസ്കാരിക രംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കെൽപ്പുള്ള ഭരണാധികാരികൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരണമെന്നുമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
