പാലക്കാടന്‍ക്കോള് ആര്‍ക്ക്? ശോഭയ്‌ക്കോ പിഷാരടിയ്‌ക്കോ എന്‍എംആറിനോ ?

MAY 3, 2026, 11:12 PM

പാലക്കാട്: 2026 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഇടതു പക്ഷത്തേയും വലതു പക്ഷത്തേയും ഒരു പോലെ താലോലിച്ച പാലക്കാടന്‍ മണ്ണില്‍ കഴിഞ്ഞ മൂന്ന് പൊതു തിരഞ്ഞെടുപ്പുകളിലും ഒരു ഉപതിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണ്.

2021 ലെ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ പാലക്കാട്ട് ജയിച്ചത് 3859 വോട്ടിനായിരുന്നു. 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡല പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ ലീഡ് 9707 വോട്ടുകളുടേതായിരുന്നു. അഞ്ചു മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡല പരിധിയില്‍ യുഡി എഫ് ലീഡ് ചെയ്തത് 5939 വോട്ടുകള്‍ക്കായിരുന്നു.

2024 ല്‍ ഷാഫി പറമ്പില്‍ രാജി വച്ചതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയ 18840 വോട്ട് ഭൂരിപക്ഷം പഴങ്കഥയായിരിക്കുന്നു. പലതവണ പാലക്കാട് വിജയിച്ചു കയറിയ ഇടതു മുന്നണി പാലക്കാട്ട് കിതയ്ക്കുന്ന കാഴ്ചയാണ് മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം 2011 മുതല്‍ നടന്ന തെരഞ്ഞടുപ്പുകളില്‍ കണ്ടത്. 40000 നോടടുത്ത് വോട്ടുകളുള്ള ഇടതു മുന്നണി വോട്ടുകള്‍ എന്‍ എന്‍ കൃഷ്ണദാസിനെപ്പോലുള്ള പ്രബലരെ മത്സരിപ്പിച്ചിട്ടും 38000 ലേക്കും 36000 ലേക്കും താഴുന്നതാണ് പാലക്കാട്ട് കാണുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ പി സരിന്‍ മത്സരിച്ചപ്പോഴും നേടിയത് 37293 വോട്ട് മാത്രം. ഇടതു മുന്നണി തളര്‍ന്നിടത്തേക്ക് വളര്‍ന്ന ബിജെപിക്കും പാലക്കാട്ട് ഉള്‍പ്പോരുകള്‍ പലപ്പോഴും ക്ഷീണമായി. ശോഭാ സുരേന്ദ്രന്‍ 40000 ലേക്കും ഇ ശ്രീധരന്‍ 50000 ലേക്കും ഉയര്‍ത്തിയ ബിജെപി വോട്ടുകള്‍ ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ മത്സരിക്കാനെത്തിയപ്പോള്‍ 39549 ലേക്ക് താഴുന്നത് പാലക്കാട് മണ്ഡലത്തില്‍ കണ്ടു. 2026 ലെ തിരഞ്ഞടുപ്പില്‍ പാലക്കാട്ട് മുന്‍ പരിചയമുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വലിയ ആരവമുയര്‍ത്തിയാണ് പാലക്കാട്ട് പ്രചാരണം നടത്തിയത്.

കോണ്‍ഗ്രസ് സിനിമാ താരം രമേശ് പിഷാരടിയെ ഇറക്കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്ഷീണം മറക്കാന്‍ ശ്രമിച്ചപ്പോള്‍ സിപിഎം നാട്ടുകാര്‍ക്ക് പരിചിതനായ ഹോട്ടല്‍ വ്യവസായി എന്‍ എം ആര്‍ റസാഖിനെ മത്സരിപ്പിച്ചു. പോരാട്ട വീര്യം ഏറിയതോടെ പലവിധ ആരോപണ പ്രത്യാരോപണങ്ങളും പാലക്കാട്ട് കണ്ടു. വോട്ടിന് പണം നല്‍കുന്നതടക്കമുള്ള ആക്ഷേപങ്ങളും ഉയര്‍ന്നു. പൊരിഞ്ഞ പോരാട്ടം കണ്ട മണ്ഡലത്തില്‍ 82.33 ശതമാനം പോളിങ്ങും കണ്ടു. ഇനി അറിയാനുള്ളത് വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നിന്നു എന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam